by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേരൂർക്കട താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു കേസുമായി ബന്ധപ്പെട്ട് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.
കൈവിലങ്ങുകളുമായി രക്ഷപ്പെട്ട പ്രതിയെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. നഗരത്തിലുടനീളം പൊലീസ് അന്വേഷണം ഊർജതമാക്കിയിരിക്കുകയാണ്. അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരമെന്നതിനാൽ ആ പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്. വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ബൈക്കിൽ എത്തി മാല മോഷ്ടിച്ച് കടന്നു കളയുന്ന ഇയാൾക്കെതിരെ നഗരത്തിലെ നിരവധി സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ മാമം റോയൽ ക്ലബിന് മുൻവശം തുടങ്ങാൻ ഉദ്ദേശിച്ച കക്കൂസ് മാലിന്യ പ്ലാന്റിന് എതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കും
എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസില്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചെലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്.
തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.
1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
മറ്റ് ജില്ലകളുടെ പോയിന്റ് നില –
കോഴിക്കോട് – 1000,
എറണാകുളം – 980
മലപ്പുറം – 980
കൊല്ലം – 964
തിരുവനന്തപുരം – 957
ആലപ്പുഴ – 953
കോട്ടയം – 924
കാസർകോട് – 913
വയനാട് – 895
പത്തനംതിട്ട – 848
ഇടുക്കി – 817
സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യാതിഥികള്‍. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 7225 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Recent Comments