സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാ‌കും. മന്ത്രിമാരായ ജിആർ അനിൽ, കെ രാജൻ, എകെ ശശീന്ദ്രൻ, റോഷി അ​ഗസ്റ്റിൻ, കെഎൻ ബാല​ഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സര പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും. പതിനയ്യായിരത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾ കൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ജനുവരി 3ന് രാവിലെ തിരുവനന്തപുരത്ത് എത്തും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പിഎംജിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ ജനുവരി 3 രാവിലെ 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്.

പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ജനുവരി 3ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്.

പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്.

എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 8ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും.

ജനുവരി 4ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ വരുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ബി വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയൂർവേദകോളേജ് വരെയും ആയൂർവേദകോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്‌കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.

ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുൻവശവും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.
 
ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യണം. ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങൾ പവർ ഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പുറകുവശത്തായി പാർക്ക് ചെയ്യണം.

കുടിവെള്ളവുമായി വരുന്ന വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാർക്ക് ചെയ്യണം.  പട്ടം സെന്റ് മേരീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് എം.ജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
 
ക്രമ  നമ്പർ
വേദികൾ
പാർക്കിങ് സ്ഥലങ്ങൾ
ചെറിയ വാഹനങ്ങൾ
വലിയ വാഹനങ്ങൾ
1
സെൻട്രൽ സ്റ്റേഡിയം
കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ&പാർക്കിംഗ് ഏരിയ)
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
 
2
അയ്യങ്കാളി ഹാൾ (VJT)
 
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
3
സെന്റ്. ജോസഫ് എച്ച്.എസ്.എസ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ
 
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
4
വിമൻസ് കോളേജ്
 
കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
5
കോട്ടൺഹിൽ എച്ച്.എസ്.എസ്
എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം
 
6
കാർമൽ എച്ച്.എസ്.എസ്., വഴുതക്കാട്
7
ടാഗോർ തിയേറ്റർ
ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
8
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ, വെള്ളയമ്പലം
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
9
നിശാഗന്ധി
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
 
10
നിർമ്മല ഭവൻ എച്ച്.എസ്
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്
 
11
ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
എം.ജി കോളേജ് ഗ്രൗണ്ട്
 
12
സെന്റ് മേരീസ് സ്‌കൂൾ, പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
13
പൂജപ്പുര സാംസ്‌കാരിക കേന്ദ്രം
പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര
 
പൂജപ്പുര ഗ്രൗണ്ട്
14
മോഡൽ ബോയ്സ് എച്ച് എസ് എസ്. തൈക്കാട്
PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം.
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
 
15
മോഡൽ എൽ പി.എസ്,തൈക്കാട്
16
ശിശുക്ഷേമ സമിതി
17
ഭാരത് ഭവൻ
18
സംഗീത കോളേജ്
19
കാർത്തിക തിരുനാൾ ഓഡിറ്റോറിയം
ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
20
ഗവ: മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മണക്കാട്
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
21
ഗവ:എച്ച്.എസ്.എസ്. ചാല
ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
22
എസ്.എം.വി സ്‌കൂൾ
മാഞ്ഞാലിക്കുളം ഗ്രൗണ്ട്
23
പുത്തരിക്കണ്ടം
 
പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്,  ഫോർട്ട് ഹൈസ്‌കൂൾ
 
KSRTC ഗ്യാരേജ് (Official Route vehicles only)
 
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

കലവറ നിറയ്ക്കലുമായി കിളിമാനൂർ ബി ആർസി

കലവറ നിറയ്ക്കലുമായി കിളിമാനൂർ ബി ആർസി

കിളിമാനൂർ: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കിളിമാനൂർ ഉപ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. 73 വിദ്യാലയങ്ങളിൽ നിന്നായി 35 ഇനം ഭക്ഷ്യ വസ്തുക്കളാണ് ശേഖരിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാലര ടൺ ഭക്ഷ്യവസ്തുക്കളാണ് വിദ്യാഭ്യാസവകുപ്പിലെ കൈമാറിയത്.

എംഎൽഎ ഒ എസ് അംബിക ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ബിആർസിയിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബിപിസി നവാസ് കെ ട്രെയിനർ വൈശാഖ് കെ എസ്, സി ആർ സി സി കോ ഓർഡിനേറ്റർ മാരായ അഖില പിദാസ്, സുരേഷ് കുമാർ എസ്, രഞ്ജിഷ് കെ എസ് എന്നിവർ പങ്കെടുത്തു.

പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി- 2025 സംഘടിപ്പിച്ചു

പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി- 2025 സംഘടിപ്പിച്ചു

പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് വട്ടിയൂർകാവ് ഗാന്ധിഗൃഹത്തിൽ വച്ച് പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി 2025 സംഘടിപ്പിച്ചു. പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ചെയർമാൻ ഡോ. എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വട്ടിയൂർകാവ് എം എൽ. എ അഡ്വ. വി. കെ. പ്രശാന്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.

വട്ടിയൂർകാവ് വാർഡ് കൗൺസിലർ എം പദ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ശങ്കരപ്പിള്ളയുടെ ശിഷ്യനും അഭിനയ തീയേറ്റർ ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഡി രഘുത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രവർത്തകനും തിരുവനന്തപുരം കേന്ദ്ര കലാസമിതി എക്സിക്ക്യൂട്ടീവ് മെമ്പറുമായ തെഴുവൻകോട് ജയൻ, പ്ലാവോട് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു.

പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ട്രസ്റ്റ്‌ മെമ്പർ എസ് ഹരികൃഷ്ണൻ സ്വാഗതവും രംഗപ്രഭാത് ട്രസ്റ്റ്‌ മെമ്പർ രാജീവ്‌ വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത സിനിമ നടൻ നെടുമുടി വേണു രചന നിർവഹിച്ച് അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്ത് രംഗപ്രഭാത് അവതരിപ്പിച്ച കൊട്ടാരംകളി എന്ന നാടകവും അവതരിപ്പിച്ചു. ജി.കീർത്തി കൃഷ്ണ, കെ എസ് ഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 5-ന്

നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 5-ന്

ആറ്റിങ്ങൽ: നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 5-ന് ആറ്റിങ്ങൽ ഭജനമടം ഹാളിൽ മുൻ കെ. പി
സി. സി പ്രസിഡന്റ്‌ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മുൻ എം. പി എൻ. പീതാമ്പരകുറുപ്പ് സംഘടനയുടെ സ്ഥാപക നേതാവായ കെ. രാമമൂർത്തിയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം കെ. മുരളീധരന് സമർപ്പിക്കും.

ഐ. എൻ. റ്റി. യൂ. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. അപകടത്തിൽ മരണ മടഞ്ഞ ആർ. സുഗതന്റെ കുടുംബത്തിനു വേണ്ടി സമാഹരിച്ച കുടുംബ സഹായ നിധി കുടുംബത്തിന് കൈമാറും. വയോജന ആരോഗ്യ സെമിനാർ, കലാസാഹിത്യ സെമിനാർ, ട്രേഡ് യൂണിയൻ സമ്മേളനം, കലാ വിരുന്ന് എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും.

മുതിർന്ന അംഗങ്ങളെയും ഗ്രാമീണ ഡാക്ക് സേവകരെയും ആദരിക്കും. വിവിധ സമ്മേളനങ്ങളിലായി പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. പത്ര സമ്മേളനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി പുല്ലമ്പാറ പൂക്കുഞ്ഞു, സ്വാഗതസംഘം ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ നേടി വിദ്യുത്. പകൽക്കുറി ചെമ്പകത്തിൻമൂട് കൃഷ്ണ വിലാസത്തിൽ രാമന്‍ കുട്ടിയുടെ മകനാണ്. പകൽക്കുറി ഗവ.ജി വി & എച്ച് എസ് എസ്സിലെ വിദ്യാർത്ഥിയാണ്.

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് പ്രഖ്യാപിച്ചത്.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍ കുട്ടിയുടെ സഹോദരന്‍ രാമന്‍ കുട്ടിയുടെ മകനാണ് വിദ്യുത്.