മന്നം ജയന്തി ആഘോഷിച്ചു

മന്നം ജയന്തി ആഘോഷിച്ചു

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട നായർ സമുദായത്തെ അതിൽ നിന്നും മോചിപ്പിച്ച് കേരളത്തിന്റെ സാംസ്ക്കാരിക, വിദ്യാഭ്യാസ, സാമൂഹ്യവളർച്ചക്ക് ഇടയാക്കിയതിൽ മന്നത്തു പത്മനാഭന്റെ പങ്ക് വളരെ വലുതാണെന്ന് നന്ദകുമാർ ഐഎഎസ്. അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഹാളിൽ നടന്ന 148-ാമതു മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരസ്കരിക്കപ്പെട്ടവരെയെല്ലാം ചേർത്തു നിർത്തിമുന്നോട്ട് നയിക്കുന്നതിൽ മന്നം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞൂ. അനന്തപുരം നായർ സമാജം പ്രസിഡന്റ് വി.കെ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമാജം ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള, ജയശ്രീഗോപാലകൃഷ്ണൻ, ബിന്ദു നായർ,പി.സി. പ്രമോദ് എന്നിവർ സംസാരിച്ചു. തിരുവാതിര കളി, കവിയരങ്ങ് എന്നിവയും നടന്നു.

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ

ചിറയിൻകീഴ്: കിഴവിലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.

വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ബാങ്ക് അധികൃതരോട് പറഞ്ഞപ്പോൾ മോശം സമീപനമായിരുന്നെന്നും, പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകിയെന്നും ദമ്പതികൾ പറയുന്നു.

ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ തന്നെ ഉണ്ടെങ്കിലും അത് സ്വര്‍ണ്ണം തന്നെ ആണോ എന്ന കാര്യത്തിലുമുണ്ട് സംശയമെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോൾ സമാനമായ സംഭവം നടന്നതായി പരാതിക്കാരുള്ളതായി അറിയാൻ കഴിഞ്ഞതായും ദമ്പതികൾ ആരോപിക്കുന്നു.എന്നാൽ സ്വർണ്ണം കാണാതെ പോയതിൽ ബാങ്കിന്‍റെ ഭാഗത്ത് വീഴ്ച്ചയൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണന്നും, അവരറിയാതെ സ്വർണ്ണം എങ്ങനെ പുറത്തുപോകുമെന്നുാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.

പിഎസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ബിരുദതല പരീക്ഷ മെയ് മാസം മുതല്‍

പിഎസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; ബിരുദതല പരീക്ഷ മെയ് മാസം മുതല്‍

തിരുവനന്തപുരം: 2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍, മുഖ്യപരീക്ഷകള്‍ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്.

പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ട എല്ലാ തസ്തികകളുടേയും പരീക്ഷാ സിലബസ് ജനുവരി പതിനഞ്ചോടുകൂടി പ്രസിദ്ധീകരിക്കും. 2025 മെയ് – ജൂലൈ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ സെക്രട്ടേറിയറ്റ്/പിഎസ്സി. അസിസ്റ്റന്റ് തസ്തികയും ഉള്‍പ്പെടും. നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍ ഉള്‍പ്പെടുന്നതായിരിക്കും അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ. മുഖ്യപരീക്ഷ ഓഗസ്റ്റ് – ഡിസംബര്‍ കാലയളവില്‍ നടക്കും. പ്രാഥമിക പരീക്ഷയുടേയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ എസ്‌ഐ, എപിഎസ്‌ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളും ഉള്‍പ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ഓഗസ്റ്റ് – ഡിസംബര്‍ കാലയളവില്‍ നടക്കും. വിവിധ യൂണിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകള്‍ക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15 ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ 2025 മെയ് – ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ 2025 ഓഗസ്റ്റ് -ഒക്ടോബര്‍ മാസങ്ങളിലായിരിക്കും. ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തില്‍ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും. പ്രാഥമിക പരീക്ഷ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷയ്ക്ക് വിജ്ഞാപനത്തില്‍ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിര്‍ബന്ധമാണ്. എന്നാല്‍ പ്രാഥമിക പരീക്ഷയ്ക്ക് ഈ നിബന്ധനയില്ല.

മറ്റ് പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഏപ്രില്‍ – ജൂണ്‍

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: ഏപ്രില്‍ – ജൂണ്‍

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): ഏപ്രില്‍ – ജൂണ്‍

സിവില്‍ എക്‌സൈസ് ഓഫീസര്‍: മെയ് – ജൂലായ്

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍: ജൂണ്‍ – ആഗസ്ത്

സിവില്‍ പോലീസ് ഓഫീസര്‍: ജൂണ്‍ – ആഗസ്ത്

അസിസ്റ്റന്റ് പ്രൊഫസര്‍ മെഡിക്കല്‍ വിദ്യാഭ്യാസം: ജൂണ്‍ – ആഗസ്ത്

അഗ്രികള്‍ച്ചറല്‍ ഓഫീസര്‍: ജൂലൈ – സെപ്തംബര്‍

സ്റ്റാഫ് നഴ്‌സ്: ജൂലൈ – സെപ്തംബര്‍

ഡ്രൈവര്‍: ആഗസ്ത് – ഒക്ടോബര്‍

ഹൈസ്‌കൂള്‍ ടീച്ചര്‍: ആഗസ്ത് – ഒക്ടോബര്‍

അസിസ്റ്റന്റ് സെയില്‍സ്മാന്‍: ആഗസ്ത് – ഒക്ടോബര്‍

അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍: സെപ്തംബര്‍ – നവംബര്‍

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍: ഒക്ടോബര്‍ – ഡിസംബര്‍

തിരുനെല്‍വേലിയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ കേരളത്തിന് ചെലവായത് 50 ലക്ഷം

തിരുനെല്‍വേലിയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ കേരളത്തിന് ചെലവായത് 50 ലക്ഷം

തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ ആശുപത്രി മാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ, 29 ലോഡ് മാലിന്യമാണ് കേരളം നീക്കിയത്. തിരുനെല്‍വേലി ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ അനധികൃതമായി വലിച്ചെറിഞ്ഞ മെഡിക്കല്‍, വേര്‍തിരിക്കാത്ത മാലിന്യങ്ങളാണ് നീക്കിയത്.

തിരുവനന്തപുരം ആര്‍സിസിയിലേത് അടക്കമുള്ള മാലിന്യങ്ങളാണ് അനധികൃതമായി തിരുനെല്‍വേലിയില്‍ തള്ളിയത്. സംഭവം വിവാദമായതിനു പിന്നാലെ, വിഷയം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) മുന്നിലുമെത്തി. ഡിസംബര്‍ 20ന് എന്‍ജിടിയുടെ ദക്ഷിണമേഖലാ ബെഞ്ച് മൂന്ന് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിനും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിന് പിന്നാലെ, കരാര്‍ ലംഘനം നടത്തിയ സേവന ദാതാവായ സുനേജ് ഇക്കോ സിസ്റ്റംസിനെ സംസ്ഥാന ശുചിത്വ മിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാന നഗരത്തിലെ പ്രധാന മാലിന്യ ഉത്പാദക സ്ഥാപനങ്ങളായ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), ക്രഡന്‍സ് ഹോസ്പിറ്റല്‍, ലീല കോവളം, ആര്‍ടെക് സിനിമാസ്, ഹൈസിന്ത് എന്നിവയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

തലസ്ഥാനത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നിയമലംഘനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിന് കനത്ത പിഴ ചുമത്തിയേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അത്തരത്തില്‍ വിധിയുണ്ടായാല്‍, നിയമലംഘനം നടത്തിയവരില്‍ നിന്നും ഈടാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി അധികാരമേറ്റു

തിരുവനന്തപുരം: 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു.

സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ഗവര്‍ണറുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ. എന്‍. ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എം. എല്‍. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ അടുത്തിടെയാണ് കേരളത്തിലേക്ക് സ്ഥലംമാറ്റിയത്. കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനായി ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.

ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.