by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിലവിലെ മാലിന്യ പ്ലാന്റിനോട് ചേർന്ന് പുതിയ എഫ്. എസ്. റ്റി .പി മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നഗരസഭയുടെ ശ്രമം പ്രദേശവാസികളുടെ കടുത്ത പ്രതിഷേധ സമരത്തിനൊടുവിൽ ഉപേക്ഷിച്ചു. മാലിന്യ പ്ലാന്റിനായി ആറ്റിങ്ങൽ മാമം പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി ആറ്റിങ്ങൽ നഗരസഭ കണ്ടെത്തുകയും ആ ഭൂമിയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനമായി.
നിലവിലെ മാലിന്യ സംസ്കരണ പ്ലാൻ നോട് ചേർന്നു തന്നെ എഫ്. എസ്. റ്റി .പിപ്ലാന്റ് തുടങ്ങുവാനായിരുന്നു നഗരസഭയുടെ മുൻ തീരുമാനം. എന്നാൽ നിലവിലെ പ്ലാന്റലെ സ്ഥലപരിമിതി മൂലം മാലിന്യം കൃത്യസമയത്തു സംസ്കരിക്കാത്തതു കൊണ്ട്മാലിന്യം കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കാരണം
പ്രദേശത്ത് ജീവിക്കാൻ കഴിയുന്നില്ലെന്നും പുതിയ മാലിന്യ പ്ലാന്റ് കൂടി നിലവിലെ സ്ഥലത്ത് ആരംഭിച്ചാൽ എന്ത് വിലകൊടുത്തും അതിനെ തടയുമെന്നും പ്രദേശവാസികൾ ആറ്റിങ്ങൽ നഗരസഭയെ അറിയിച്ചിരുന്നു.
എന്നാൽ നിലവിലെ പ്ലാന്റിനോട് ചേർന്നു തന്നെ പുതിയ പ്ലാന്റ് തുടങ്ങാനായിരുന്നു നഗരസഭയുടെ നീക്കം. പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലും, കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയും നിലവിലെ മാലിന്യ പ്ലാന്റിന്റെ മുന്നിൽ സമരം ശക്തമാക്കിയതിനെ തുടർന്ന് പ്രശ്നത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഇടപെടുകയും സമര സംഘടനാനേതാക്കന്മാരെയും നഗരസഭ കൗൺസിൽമാരെയും പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഒരു യോഗം നഗരസഭ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്തു.
ഈ യോഗത്തിൽ വെച്ചു കൗൺസിലർ കെ. ജെ. രവികുമാറിന്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകി.
റിപ്പോർട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നിലവിലെ പ്ലാന്റ് സന്ദർശിച്ചു. നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് എഫ്. എസ്. റ്റി .പി മാലിന്യ പ്ലാന്റ് കൂടി ആരംഭിക്കാൻ കഴിയില്ലെന്നും അതിനായി നഗരസഭ പുതിയ സ്ഥലം കണ്ടെത്തണമെന്നും സ്ഥലം സന്ദർശിച്ച കളക്ടർ സംഘവും നിർദ്ദേശിച്ചു. തുടർന്ന് മാമം പാലത്തിനു അടുത്തുള്ള റോയൽ ക്ലബ്ബിന് സമീപമുള്ള കിഴുവലം വില്ലേജിലെ പുറമ്പോക്ക് ഭൂമിയിൽ മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ തീരുമാനമായി. കളക്ടറുടെ അനുമതി കിട്ടിയാൽ ഉടൻ തന്നെ പ്ലാന്റിന്റെ പണി ആരംഭിക്കുമെന്ന് ആറ്റിങ്ങൽ നഗര സഭാ ചെയർപേഴ്സൺ അറിയിച്ചു.
ജനരോക്ഷത്തിനു മുന്നിൽ മുട്ടുമടക്കി ആറ്റിങ്ങൽ നഗര സഭ,… എഫ്. എസ്.റ്റി .പി മാലിന്യ പ്ലാന്റ് ആറ്റിങ്ങൽ മാമത്തേയ്ക്ക്. യു. ഡി. ഫ് കൗൺസിലറുടെ പഠന റിപ്പോർട്ട് നിർണായകമായി..
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീട്ടിൽ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിലായി. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.
കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്നു രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും.
തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്എന്‍ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10.45നു മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവരും പ്രസംഗിക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും.
നാരായണ ഗുരുകുല അധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീര്‍ഥാടനത്തിന്റെ സമാപനം.
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അവധിയില്‍. ജനുവരി നാലു വരെയാണ് ഡിജിപി അവധിയില്‍ പോയത്. ഇതേത്തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്‍കി.
നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. കൊച്ചിയില്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമതോമസ് എം എല്‍ എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ മനോജ് എബ്രഹാം പൊലീസിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാണ് കേസ്.
by Midhun HP News | Dec 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്.
രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 06065/06066 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പരുകള്‍.
എറണാകുളം – കൊച്ചുവേളി അണ്‍റിസര്‍വ്ഡ് മെമു എക്‌സ്പ്രസിന് 12 സ്റ്റോപ്പുകളാണുള്ളത്. രാവിലെ 9.10ന് എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജങ്്ഷനില്‍ എത്തും.
12 ജനറല്‍ കോച്ചുകളുള്ള മെമു ട്രെയിനാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍. 09:10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 09:42 വൈക്കം, 10:06 കോട്ടയം, 10:31 തിരുവല്ല, 10:42 ചെങ്ങന്നൂര്‍, 10:54 മാവേലിക്കര, 11:03 കായംകുളം, 11:13 ഓച്ചിറ, 11:22 കരുനാഗപ്പള്ളി, 11:32 ശാസ്താംകോട്ട, 11:49 കൊല്ലം, 12:01 പറവൂര്‍, 12:11 വര്‍ക്കല സ്റ്റേഷനുകള്‍ പിന്നിട്ടാണ് കൊച്ചുവേളിയിലെത്തുക.
മടക്കയാത്രയില്‍ 12:55ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, 01:26 വര്‍ക്കല, 01:32 പറവൂര്‍, 01:50 കൊല്ലം, 01:59 ശാസ്താംകോട്ട, 02:09 കരുനാഗപ്പള്ളി, 02:18 ഓച്ചിറ, 02:27 കായംകുളം, 02:37 മാവേലിക്കര, 02:49 ചെങ്ങന്നൂര്‍, 02:58 തിരുവല്ല, 03:25 കോട്ടയം, 03:47 വൈക്കം സ്റ്റേഷനുകള്‍ പിന്നിട്ടാണ് 04:35ന് എറണാകുളം സൗത്തിലെത്തുക.
by Midhun HP News | Dec 29, 2024 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: 2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് ഇടപാടുകളിൽ മാറ്റമുണ്ടാകും. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം.
റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇ കെവൈസി അപ്ഡേഷൻ നടപടികളുമായി അതിവേഗം മുന്നോട്ട് പോകുകയാണ്. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു.
2025 ജനുവരി ഒന്നുമുതൽ റേഷൻ കാർഡ് സ്കീമിന് കീഴിൽ സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്. വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കാനുമാകും. റേഷൻ കാർഡ് ഉടമകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിനാകും. ഈ പ്രക്രിയ രാജ്യത്ത് കൂടുതൽ ഡിജിറ്റൈസേഷൻ നടപടികളെ പ്രോത്സാഹിപ്പിക്കും.
പുതിയ നിയമങ്ങൾ പ്രകാരം മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും.
Recent Comments