പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍

തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തും.

എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05 ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാകും പുറപ്പെടുക. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.

മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം–ചെന്നൈ അനന്തപുരി, എറണാകുളം–ബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നത് പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ.

പൊലീസിന്റെ എതിര്‍പ്പ് തള്ളി; വിസ്മയ കേസ് പ്രതി കിരണിന് ഒരു മാസം പരോള്‍

പൊലീസിന്റെ എതിര്‍പ്പ് തള്ളി; വിസ്മയ കേസ് പ്രതി കിരണിന് ഒരു മാസം പരോള്‍

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.

വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നു. പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്ക്ക് വിട്ടു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ആസ്ഥാനത്തിന്റെ വിശദീകരണം.

കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-802 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചിറ്റൂരിൽ വിറ്റ WM 655342 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കൊല്ലത്ത് വിറ്റ WK 184493 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരത്ത് ബിവറേജസില്‍ വന്‍കവര്‍ച്ച

തിരുവനന്തപുരത്ത് ബിവറേജസില്‍ വന്‍കവര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിവറേജസില്‍ വന്‍കവര്‍ച്ച. തിരുവനന്തപുരം ആര്യനാട് മദ്യവില്‍പനശാലയിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.

ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവർ മുഖംമൂടി ധരിച്ചായിരുന്നു എത്തിയത്. മദ്യവില്‍പന ശാലയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. സംഭവത്തെ തുടർന്ന് ആര്യനാട് പൊലീസും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.

ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്ന രാജ് എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ആയിരുന്നു. ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി നടപടി സ്വീകരിച്ചു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറ‍ഞ്ഞു.

സി.വി മാധവൻ നായർ (83) അന്തരിച്ചു

സി.വി മാധവൻ നായർ (83) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി നികുഞ്ജത്തിൽ റിട്ടയേർഡ് പോലീസ് കോൺസ്റ്റബിൾ സി.വി മാധവൻ നായർ (83) അന്തരിച്ചു.

ഭാര്യ: എം ചന്ദ്രിക.
മക്കൾ: എം.സി നിജു, എം.സി നിബു, എം.സി നുബിത.
മരുമക്കൾ: ജി.എസ് സുരേഷ്കുമാർ, എം.എസ് സുധീർ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.