വിഷ്ണു വധം; മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിൽ

വിഷ്ണു വധം; മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിൽ

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ സ്വദേശിയായ വിഷ്ണു (26), ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ടക്കടവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിലായി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ ഒരു മാസത്തിനുശേഷമാണ് പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അതി വിദഗ്ധമായാണ് പോലീസ് കുടുക്കിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ജയനെ കണ്ടെത്തുക ദുഷ്കരമായിരുന്നു. സിസിടീവീ കേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. റൂറല്‍ എസ്.പിയുടെ ഷാഡോ സംഘവും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ അന്വേഷണ സംഘവും പല ടീമുകളാണ് തിരിഞ്ഞാണ് പ്രതിയ്ക്കായി തിരച്ചില്‍ നടത്തിയത്.

ജയന്റെ ഒരു അകന്ന ബന്ധുവിൽ നിന്നും ലഭിച്ച വിവരമാണ് ജയനെ പിടികൂടാൻ പോലീസിന് തുമ്പായത്. കഴിഞ്ഞ നാല് ദിവസമായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തി ആസൂത്രിതമായി പിടിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച രാത്രിയോടെ കേരളത്തിൽ എത്തിക്കും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജയന്റെ കൂട്ടാളിയായ മാമം സ്വദേശിയെ അന്നേദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വിലയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്തുനിന്നും നാട്ടിലെത്തിയ വിഷ്ണു സുഹൃത്തുക്കളുമൊത്താണ് ആനത്തലവട്ടത്തിന് സമീപം വാമനപുരം ആറിന്റെ തീരമായ ചൂണ്ടക്കടവിലെത്തിയത്.

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും വിജയന്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായാണ് വിവരം.

സാധാരണ നിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.

നേരത്തെ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് വിജയന്‍. കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു അജിത്തിന്റെ റിപ്പോര്‍ട്ട്. കേരള പൊലിസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായ വിജയനെ 2023ല്‍ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പി വിജയന്റെ റിപ്പോര്‍ട്ട് തള്ളി. സര്‍വീസില്‍ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

പിവി അന്‍വര്‍ വിവാദത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയില്‍ വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി.

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയില്‍ രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. പുനരധിവാസം വേഗത്തിലാക്കാന്‍ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. കിഫ്ബി തയ്യാറാക്കിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും മേല്‍നോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

ഏജന്‍സിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വെയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തതുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകള്‍ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയാണ് കരട് പ്ലാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

കലാനികേതനും കെ പി ആർ എയും ഗവൺമെൻറ് എൽ പി എസ് മേനംകുളം
പിടിഎ കമ്മിറ്റിയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുകതമായി ക്യാമ്പ്
സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗവൺമെൻറ് എൽ പി എസ് മേനംകുളത്തായിരുന്നു ക്യാമ്പ് നടന്നത്. കഴക്കൂട്ടം എസിപി പി നിയാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷനായി.

പഞ്ചായത്ത് മെമ്പർ എസ് മോഹൻ, എസ്ശ്രീചന്ദ്, പി ടി എ പ്രസിഡൻ്റ് ജി ഡി സുരേഷ് കുമാർ, സ്കൂൾ ഹെഡ് മാസ്റ്റർ.കെ കെ ഉണ്ണികൃഷ്ണൻ നായർ കലാനികേതൻ സെക്രട്ടറി ടി നാസർ, എം എ ഉറൂബ്, ഡി മുരളികൃഷ്ണൻ, കലൂർ നിസ്സാർ, വിജീഷ് വിജയൻ, സഞ്ജു, മനു ചിറ്റാറ്റുമുക്ക്, എ എം റാഫി, ഭരത്, മോനിഷ്, രാഹുൽ, തൻസീർ. ഇസഹാക്ക് മൈവള്ളി മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, അസീം ജാവ, മുജീബ് റഹ്മാൻ ജാവ തുടങ്ങിയവർ സംബന്ധിച്ചു.

ഭിന്നശേഷി കലോത്സവം “ശലഭോത്സവം” സംഘടിപ്പിച്ചു

ഭിന്നശേഷി കലോത്സവം “ശലഭോത്സവം” സംഘടിപ്പിച്ചു

കിളിമാനൂർ: നഗരൂർ പഞ്ചായത്തിൻ്റെയും ബഡ്സ് സ്കൂളിൻ്റെയും നേതൃത്വത്തിൽ ഭിന്ന ശേഷി കുട്ടികളുടെ കലോത്സവം “ശലഭോത്സവം” എന്ന പേരിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഡി സ്മിത അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നന്ദു സുരേഷ് കുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി, പി, ചെയർമാൻ വെള്ളല്ലൂർ കെ അനിൽകുമാർ, ജനപ്രതിനിധികളായ സിന്ധു രാജീവ്, ലാലി ജയകുമാർ, എം രഘു, നിസാമുദ്ദീൻ നാലപ്പാട്ട്, ഉഷ, ബി യു അർച്ചന, സൂപ്പർ വൈസർ ചിത്രാ കുമാരി, സിഡിഎസ് ചെയർ പേഴ്സൺ ജി ഷീബ എന്നിവർ സംസാരിച്ചു. എസ്എസ് കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ബി നജീബ് സമ്മാന വിതരണം നടത്തി. മജിഷ്യൻ പ്രണവ് സുരേഷ് മാജിക് അവതരിപ്പിച്ചു.