ശുചിമുറിയിൽ പോയതിന് നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചെന്ന് പരാതി

ശുചിമുറിയിൽ പോയതിന് നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവത്തിൽ തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്‌സ്ഫെഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയെ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചത്. വൈകീട്ട് വീട്ടിലെത്തിയ ശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ചു കുട്ടി കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ച പാട് കണ്ടു.

കുട്ടിയുമായി മുത്തശ്ശി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. ‌സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇന്നു രാവിലെ തിരുവനന്തപുരം ഫോർട്ട് പൊലീസില്‍ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പരാതി നല്‍കി. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

വീണ്ടും ന്യൂനമര്‍ദം; വ്യാഴം വെള്ളി ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത

വീണ്ടും ന്യൂനമര്‍ദം; വ്യാഴം വെള്ളി ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെളളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തികൂടിയ ന്യുനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ച ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം ഉല്‍ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുമ്പോള്‍ ആകും ചര്‍ച്ച നടക്കുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം നേരത്തെ തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്. അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങള്‍ ഡാം പരിസരത്ത് എത്തിക്കാനുള്ള നീക്കവും കേരളം അനുവദിച്ചില്ല. ഇതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തില്‍ വിഷയം ചര്‍ച്ചയായി. നിയസഭയില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ ചോദ്യത്തിനാണ് ഡാം അറ്റാകുറ്റപ്പണിയില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സ്റ്റാലിന്റെ മറുപടി. പെരിയാറുടെ നവീകരിച്ച സ്മാരകം ഉത്ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുന്നുണ്ട്. മുഖ്യമന്ത്രിയാണ് പരിപാടിയുടെ അധ്യക്ഷന്‍. ഇരു സംസ്ഥാനങ്ങളിലെയും ചില മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്ക് ശേഷം ആകും മുല്ലപ്പെരിയാര്‍ വിഷയത്തിലെ ചര്‍ച്ച.

പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്കമണിയുടെ പക്കൽ നിന്നും കാണാതായ സ്വർണകമ്മൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം.

തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന സ്വർണകമ്മൽ നഷ്‌ടപ്പെട്ടിരുന്നു. പുലർച്ചെ പൂ പറിക്കാൻ പോയ തങ്കമണി മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പ്രതി തിരുവനന്തപുരം രാജാജി ന​ഗറിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് മം​ഗലപുരത്തെത്തിയത്. മറ്റൊരു വാഹനത്തിലാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

‘പാലക്കാട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, എനിക്കു മാത്രം തന്നില്ല’; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

‘പാലക്കാട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, എനിക്കു മാത്രം തന്നില്ല’; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അതെന്താണെന്ന് അറിയില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാര്‍ട്ടി വിളിക്കുമ്പോള്‍ പോകണം എന്ന നിലപാട് സ്വീകരിച്ചത്. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ മാറിനില്‍ക്കുകയും ചിലര്‍ ഉള്‍പ്പെടാതെ വരികയും ചെയ്യുന്നു. എല്ലാവരേയും ചേര്‍ത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കള്‍ വരണം. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണം. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടയാള്‍ വരണമെന്ന് താന്‍ പറയില്ല. പാര്‍ട്ടി പുനഃസംഘടിപ്പിക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

കെ സുധാകരന്റെയും വി ഡി സതീശന്റെയുമെല്ലാം നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുകയാണ്. അതിനാല്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം തനിക്കില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചാണ്ടി ഉമ്മനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് പ്രചാരണത്തിന് ചാണ്ടി ഉമ്മനും എത്തിയിരുന്നു. എല്ലാ നേതാക്കളേയും പോലെ ചാണ്ടി ഉമ്മന്റെ സാന്നിധ്യവും വിജയത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘പാർട്ടി നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്. അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന അഭിപ്രായത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. താൻ നേതൃത്വത്തിലുള്ള ആളല്ലെന്നും’ രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന കണ്‍വെന്‍ഷനിൽ ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. പ്രിയങ്കാ​ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് ചാണ്ടി ഉമ്മന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ക്രിസ്മസ് വൈദ്യുത ദീപാലങ്കാരത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

ക്രിസ്മസ് വൈദ്യുത ദീപാലങ്കാരത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസും നവവത്സരവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കുകയും ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ ഓര്‍മ്മിപ്പിച്ചു.’ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.

പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം’- കെഎസ്ഇബി കുറിച്ചു.

കുറിപ്പ്:

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്താം.

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കുക.

ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക

ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.

പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്.

വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്.

വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.

ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.