റോഡ് കയ്യേറി സ്‌റ്റേജ് കെട്ടേണ്ടിയിരുന്നില്ല, ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിയെന്ന് സിപിഎം

റോഡ് കയ്യേറി സ്‌റ്റേജ് കെട്ടേണ്ടിയിരുന്നില്ല, ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: പാര്‍ട്ടി ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്‌റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് സിപിഎം. ഇക്കാര്യത്തില്‍ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിപ്പോയി. അനാവശ്യമായി ഒരു വാര്‍ത്ത സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടായി. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധ ഇനി പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.

സ്റ്റേജ് കെട്ടിയത് മെയിന്‍ റോഡില്‍ അല്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബൈ റോഡിലാണ്. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു. എന്തായാലും റോഡില്‍ സ്‌റ്റേജ് കെട്ടിയിരുന്നത് വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. നിലവില്‍ പൊലീസിനോടാണ് കോടതി വിവരം ചോദിച്ചിരിക്കുന്നത്. പൊലീസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്.

കേസില്‍ കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചുള്ള കാര്യങ്ങളില്‍ അപ്പോള്‍ കോടതിയില്‍ പറയേണ്ടതായിട്ടുള്ള കാര്യമാണെന്നും വി ജോയി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ റോഡില്‍ പൊതുസമ്മേളനങ്ങളും സമരപരിപാടികളും നടത്താറുണ്ട്. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത കാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ വലിയ സമരം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ രണ്ട് ഗേറ്റുകളും അടച്ച് സ്‌റ്റേജും കെട്ടിയിരുന്നു. അതിലും പൊലീസ് കേസെടുത്തിരുന്നുവെന്ന് വി ജോയി പറഞ്ഞു. അതിനിടെ, തിരുവനന്തപുരത്ത് റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയതില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. സിപിഎം ഏരിയാ സെക്രട്ടറി അടക്കം കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഫലം ഇന്നറിയാം

തദ്ദേശ ഉപതെരഞ്ഞടുപ്പ്; ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ ട്രെൻഡിൽ (Trend) നിന്നു ലഭ്യമാകും.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലെ 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ​ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44262 പുരുഷൻമാരും 49191 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറും ഉൾപ്പെടെ 93,454 പേർ വോട്ട് ചെയ്തതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കരവാരം ഗ്രാമപഞ്ചായത്തിലെ കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത് പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്‌

കരവാരം ഗ്രാമപഞ്ചായത്തിലെ കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത് പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ്‌

കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ വാമനപുരം നദിയിലെ കട്ടപറമ്പ് മുള്ളിയിൽ കടത്ത് വള്ളം പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കരവാരം പഞ്ചായത്ത് പ്രദേശമായ കട്ടപ്പറമ്പ് നിവാസികൾക്ക് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലേക്ക് പെട്ടെന്ന് എത്തിചേരാൻ പറ്റുന്ന ഒരു കടത്താണ് കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത്. പതിറ്റാണ്ടുകളായി ധാരാളം വിദ്യാർത്ഥികളും യാത്രക്കാരും ഈ കടത്തിനെ ആശ്രയിച്ചിരുന്നു

വിദ്യാർഥിനിയെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി; 26 കാരൻ പിടിയിൽ

വിദ്യാർഥിനിയെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി; 26 കാരൻ പിടിയിൽ

കോഴിക്കോട്: വിവാ​ഹ വാ​ഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ പിഡീപ്പിച്ചു ​ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) ആണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കസബ പൊലീസാണ് ഇയാളെ പിടികൂടിയത്.

വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ വച്ചു പല തവണ പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ 5 പവൻ സ്വർണം പ്രതി കൈക്കലാക്കിയിരുന്നു. തുടർന്നു പെൺകുട്ടി ​ഗർഭിണാണെന്നു അറിഞ്ഞപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഇയാൾ കണ്ണൂർ വിമാനത്തവളത്തിൽ ഇറങ്ങിയപ്പോൾ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. എഎസ്ഐ സജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ സര്‍ചാര്‍ജും; കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ സര്‍ചാര്‍ജും; കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീര്‍ക്കാനാണ് സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു. ഈ ബാധ്യത വകയിരുത്താല്‍ യൂണിറ്റിന് 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുനമ്പം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

മുനമ്പം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

മുനമ്പത്തെ തര്‍ക്കഭൂമി ഫാറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 1950ല്‍ കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ്, 2019ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തി. 2020 മുതല്‍, ഈ പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തുവകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

1995ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

മുനമ്പവുമായി ബന്ധപ്പെട്ടത് ‘അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കം’ ആണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ വി ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുവരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.