by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് സ്ത്രീയെ വീടിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഭിന്നശേഷിക്കാരിയാണ് മരിച്ച തങ്കമണി. രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. തങ്കമണി ധരിച്ചിരുന്ന വസ്ത്രം കീറിയിട്ടുണ്ട്. ഉടുത്തിരുന്ന മുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഭരതന്നൂർ സ്വദേശിയായ യു കെ ജി വിദ്യാർത്ഥി. ആര്യൻ എം ആണ് ജമ്മുകാശ്മീർ, ശ്രീനഗറിലെ ഷേർ – ഇ – ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടന്ന പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കൊച്ചുമിടുക്കൻ. ഫീനിക്സ് സ്പോർട്സ് ക്ലബ്ബിലെ അംഗവും കോച്ചും പെൻക്യാക് സിലാറ്റ് സ്റ്റേറ്റ് ജഡ്ജും ആയ മിഥുൻ.എം. പി.യുടെയും തിലോത്തമയുടെയും മകനായ ആര്യൻ ഭരതന്നൂർ കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
”അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല. പ്രസ് സെക്രട്ടറി രാജീവിനോടാണ് ചോദിച്ചത്. സോഷ്യല്‍ മീഡിയയിലും ചാനലിലും എല്ലാം ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിന് കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടു വന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാവരും വന്നത്”, മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. 16000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവര്‍ സമ്മതിക്കുകയെ ചെയ്തു. എന്നാല്‍ അവര്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. നടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചാല ഗ്രാമ ബ്രാഹ്മണസമുദായം ഒരു നൂറ്റാണ്ടായി നടത്തുന്ന പൈങ്കുനി ഉത്രം ആഘോഷത്തിന്റെ ശതാബ്ദിവിളംബരം നടന്നു. ചാല ഗ്രാമ ബ്രാഹ്മണസമുദായത്തിന്റെ കീഴിലുള്ള വലിയശാല ഗണപതിക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമ പാരായണത്തിനുശേഷം പൂജാദ്രവ്യങ്ങളുമായി ആരംഭിച്ച വിളംബരഘോഷയാത്ര കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ധര്‍മശാസ്താ സന്നിധിയിലെത്തി.
ധര്‍മശാസ്താവിന്റെ ജന്മോത്സവമായ പൈങ്കുനി ഉത്രം ഉത്സവം ഏപ്രില്‍ 3 മുതല്‍ 12 വരെ വിവിധ ആത്മീയ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. വിശേഷപൂജകള്‍, ശാസ്താംപാട്ട് എന്നിവയ്ക്കു പിന്നാലെ പൈങ്കുനി ഉത്രം തട്ടംവാങ്ങല്‍ ചടങ്ങ് നടന്നു. ആഘോഷത്തിനായി എം.ശ്രീറാം (ചെയര്‍മാന്‍), ജി.നീലകണ്ഠന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന സമിതി രൂപവത്കരിച്ചതായി സമുദായം പ്രസിഡന്റ് യജ്ഞനാരായണന്‍, സെക്രട്ടറി ഹരിഗണേഷ് എന്നിവര്‍ അറിയിച്ചു.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും ഇന്നത് പാലിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സമഗ്രമായ പിന്തുണാ സംവിധാനങ്ങള്‍ ഇതിനായി ഒരുക്കുമെന്നത് ഈ സര്‍ക്കാര്‍ നല്‍കുന്ന വെറും വാഗ്ദാനമല്ല, മറിച്ച് ആ മനുഷ്യര്‍ക്ക് നല്‍കുന്ന കരുത്തുറ്റ ഉറപ്പാണ്.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായി പ്രവേശിച്ചിരിക്കുന്നു. ക്ലര്‍ക്ക് തസ്തികയില്‍ ചുമതലയേറ്റതോടെ ശ്രുതിക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങളെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. പിന്നീട് കല്പറ്റയിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സണും മരണത്തിന് കീഴടങ്ങിയതോടെ ശ്രുതിയുടെ ജീവിതം ഈ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. ഇന്ന് ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ഇത്തരം മാതൃകകളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ നമുക്ക് പ്രേരകമാവുന്നത്. ഇവിടെയാരും ഒറ്റപ്പെട്ടുപോകില്ലെന്നത് ഈ സര്‍ക്കാരിന്റെയും നാടിന്റെയും ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.
അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്‌വേർഡ് ഉൾപ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഇന്ദുജ ആതമഹത്യക്ക് മുൻപ് അവസാനം ഫോണിൽ വിളിച്ചത് അജാസിനെ ആയിരുന്നു. കേസിൽ ഭർത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരുന്നു.
ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.
Recent Comments