പരാതി കേട്ട് ഉടനടി ‘തീര്‍പ്പ്’, മന്ത്രിമാര്‍ താലൂക്കുകളിലേക്ക്; ഇന്നുമുതല്‍ അദാലത്ത്

പരാതി കേട്ട് ഉടനടി ‘തീര്‍പ്പ്’, മന്ത്രിമാര്‍ താലൂക്കുകളിലേക്ക്; ഇന്നുമുതല്‍ അദാലത്ത്

തിരുവനന്തപുരം: താലൂക്കുതലത്തില്‍ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെന്‍സ് കോളജില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും. തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ പരിഹരിക്കും.

ജനുവരി 13 വരെ നീളുന്ന അദാലത്തില്‍ തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ തന്നെ പരിഹരിക്കും. ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതി നല്‍കാം.

അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെല്‍പ്പ് ഡെസ്‌കിലും പരാതി സ്വീകരിക്കും. പോര്‍ട്ടല്‍ വഴി ലഭിക്കുന്നവ കലക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കും. നടപടിയെടുത്ത് അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.

ശബരിമല: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

ശബരിമല: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

തിരുവനന്തപുരം: ശബരിമല സീസണ്‍ പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും.

ജനുവരി 3, 10, 17, 24 തീയതികളില്‍ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന്‍ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില്‍ എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിന് മിന്നുന്ന വിജയം

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിന് മിന്നുന്ന വിജയം

തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിന് മിന്നുന്ന വിജയം. കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്ന തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ ഉള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 58 സ്വർണ്ണവും 33 വെള്ളിയും 53 വെങ്കലവും ഉൾപ്പടെ 144 മെഡലുകൾ നേടി മിന്നുന്ന വിജയം കൈവരിച്ചു.

ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ് 233 പോയിൻ്റോടെ ഓവറാൾ ചാമ്പ്യൻഷിപ്പും കിളിമാനൂർ കരാട്ടെ ക്ലബ്ബ് 84 പോയിൻ്റോടെ ഓവറോൾ നാലാം സ്ഥാനവും നേടി. കൂടാതെ ഒന്നും രണ്ടും സ്ഥാനം നേടിയ 64 പേർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജനുവരി 24, 25, 26 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുക.

കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനേയും തെരഞ്ഞെടുത്തു

കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനേയും തെരഞ്ഞെടുത്തു

കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സെക്രട്ടറിയായി എസ് നിഹാസിനേയും പ്രസിഡന്റ് ആയി റ്റി.പി രഞ്ജുഷയെയും തെരഞ്ഞെടുത്തു.

നാൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടികളെ മടക്കിയയച്ചു, പരിശോധന നടത്തി പൊലീസും ഫയർഫോഴ്‌സും

നാൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടികളെ മടക്കിയയച്ചു, പരിശോധന നടത്തി പൊലീസും ഫയർഫോഴ്‌സും

രാജ്യതലസ്ഥാനത്തെ നാ‌ൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ സ്‌കൂൾ അധികൃതർക്ക് ലഭിച്ചതെന്നാണ് വിവരം. ആർ കെ പുരയിലെ ഡൽഹി പബ്ളിക്‌ സ്‌കൂളിനും, പശ്ചിം വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യമായി ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 6:15 ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചത്. ഈ സമയം കുട്ടികൾ പലരും സ്‌കൂളുകളിൽ എത്തിയിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. ഇവരെയെല്ലാം മടക്കിയയച്ചു.
ജി ഡി ഗോയങ്ക സ്‌കൂളിലാണ് ആദ്യമായി സന്ദേശം ലഭിച്ചത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

തുടർന്ന് 7:06ഓടെയാണ് ഡൽഹി പബ്ളിക്‌ സ്‌കൂളിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരും അഗ്നിരക്ഷാ സേനയെ വിളിച്ചു. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.ഡൽഹിയിൽ സ്‌കൂളുകളിൽ ബോംബ് ഭീഷണി കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി ഉണ്ടാകുകയാണ്. രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ ഒക്‌ടോബർ മാസത്തിൽ സിആർ‌പിഎഫിന്റെ സ്‌കൂളിനോട് ചേർന്ന് ഒരു സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌കൂളിന്റെ മതിലിനും തൊട്ടടുത്തുള്ള കടകൾക്കും വാഹനങ്ങൾക്കും ഇതിൽ കേടുപാടുണ്ടായി. പിറ്റേന്ന് ഒക്‌ടോബർ 21ന് എല്ലാ സിആർ‌പിഎഫ് സ്‌കൂളുകളിലേക്കും ഇമെയിലായി ബോംബ് ഭീഷണി വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു.

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം നൈനാംകോണത്ത് മേലേവിള വീട്ടിൽ 60 വയസുള്ള ഉദയകുമാറാണ് കടക്കാവൂർ പോലീസിൻറെ പിടിയിലായത്.

യുവതിയുടെ കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടുകയും തുടർന്ന് രാത്രി വീട്ടിലെത്തി യുവതിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും തുടർന്ന് രണ്ടാം ദിവസം വീണ്ടും പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് മുതിരുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടുന്നതിനിടയിൽ അർദ്ധനഗ്നനായി ഉദയകുമാർ യുവതിയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടി ആട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഉദയകുമാറിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ശനിയാഴ്ച വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.