കലോത്സവത്തിലൂടെ ഉയർന്നുവന്നവർ അഹങ്കാരം കാണിക്കുന്നു’: നടിക്കെതിരെ മന്ത്രി

കലോത്സവത്തിലൂടെ ഉയർന്നുവന്നവർ അഹങ്കാരം കാണിക്കുന്നു’: നടിക്കെതിരെ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണ​ഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നാണ് നടിയോട് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ശിവൻ കുട്ടി പറഞ്ഞു. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ന‍ൃത്തത്തിൽ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്.- വി ശിവൻകുട്ടി പറഞ്ഞു.

ചലഞ്ചേഴ്‌സ് കപ്പ് -2024 ജേഴ്‌സി പ്രകാശനം  ചെയ്തു

ചലഞ്ചേഴ്‌സ് കപ്പ് -2024 ജേഴ്‌സി പ്രകാശനം ചെയ്തു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ്‌ 2024 (സ്വയംവര സിൽക്‌സ് അവതരിപ്പിക്കുന്ന) ഡിസംബർ 13, 14, 15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു.

2024 ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്യുന്ന ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം പ്രശസ്ത സിനിമ താരവും നാഷണൽ അവാർഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കൃഷ്ണനുണ്ണി സുരേഷ്, സജി വെഞ്ഞാറമൂട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം നടന്നു

പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വകയിരുത്തി പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ എം. താഹിർ സ്വാഗതം ആശംസിച്ചു. നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, കൗൺസിലർമാരായ ഒ.പി ഷീജ, രാജഗോപാലൻ പോറ്റി, ചന്ദ്രബോസ്, അഖിൽ, അനസ്, സാബു , ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട; വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍

ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട; വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍

മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ്‌ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക സിന്തറ്റിക് ലഹരി വസ്തു ആയ എം ഡി എം എ യും ആയി മൂന്ന് പേര്‍ പിടിയിലായി. 127 ഗ്രാം എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ചിറയിന്‍കീഴ്‌ ശാര്‍ക്കര പുതുക്കരി ദൈവ കൃപയില്‍ അഗാറസ് (വയസ്സ് 28), മുടപുരം ഡീസന്റ്മുക്ക് ചരുവിള വീട്ടില്‍ റയീസ്സ് (വയസ്സ് 18) എന്നിവരും ഒരു വിദ്യാര്‍ഥിയും ആണ്‌ പിടിയിലായത്. ബാംഗ്ലൂര്‍ നിന്നും രാസലഹരി വസ്തുക്കള്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവരെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്നു.

പിടിയിലായ അഗാറസിന് ചിറയിന്‍കീഴ്‌, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തി ആണ്. തിരുവനന്തപുരം സിറ്റിയിലെ വിവിധ ഫ്ലാറ്റുകളില്‍ വാടകക്ക് താമസിച്ചു ആണ് ഇയാള്‍ ലഹരി വ്യാപാരം നടത്തി വന്നിരുന്നത് .

ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി എസ്സ്. മഞ്ജുലാല്‍ നാര്‍ക്കോട്ടിക്‌ ഡിവൈഎസ്സ്പി കെ. പ്രദീപ്, ചിറയിന്‍കീഴ്‌ പോലീസ് ഇന്‍സ്പെക്ടര്‍ വി എസ്സ് വിനീഷ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. മനു, എ.ഷജീർ എസ്സ് സി പി ഒ ഹാഷിം, വിഷ്ണു എന്നിവരും ഡാൻസാഫ് സംഘവും ആണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത് .

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.
ശാർക്കര ക്ഷേത്ര മൈതാനത്തിന് സമീപം ഇക്കഴിഞ്ഞ ഓണത്തിന് ശാർക്കര ബൈപാസിനു സമീപമുള്ള പൂക്കടയിലെ ജീവനക്കാരനായ വിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ ചിറയിൻകീഴ് പോലീസ് അറ്സ്റ്റ് ചെയ്തു.

യുവാവ് ജോലി നോക്കുന്ന പൂക്കടയിലെ വാഹനം ശർക്കര പറമ്പിൽ പാർക്ക് ചെയ്യാൻ കൊണ്ട് വന്ന സമയം 3 ബൈക്കുകളിലായി വന്ന പ്രതികൾ ചേർന്ന് യുവാവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുമ്പു വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. യുവാവ് ഓടിച്ചുവന്ന വാഹനം അടിച്ചുതകർക്കുകയും ചെയ്തു.

കൊയ്ത്തൂർകോണം കുന്നുംപുറം വീട്ടിൽ നൗഫൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ മിനിമന്ദിരത്തിൽ യദുകൃഷ്ണൻ, ചിറയിൻകീഴ് ബീച്ച്‌ റോഡ് ആരതിയിൽ രാഹുൽ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം വിളയിൽ വീട്ടിൽ ഗസ്സൽ ഗിരി എന്നീ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ശാർക്കര പുതുക്കരി ദൈവപയിൽ അഗാറസ്സിനേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും