എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എകെഎം അഷ്റഫ്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി; കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് എകെഎം അഷ്റഫ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെപ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ . ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ ശ്രദ്ധേയനായി.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 29നാണ് നയപ്രഖ്യാപന പ്രസംഗം.

തിങ്കളാഴ്ചയാണ് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ വി ഡി സതീശന്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ സമ്പൂര്‍ണ വകുപ്പുവിഭജനം ഇന്നലെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്.

ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണു; പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു

ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണു; പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി ഉണ്ടായ വീഴ്ചയാണ് മരണ കാരണം. മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു.

2014 ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് സജി സുപരിചിതനാകുന്നത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്‌ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ (ഷോർട്ട് ഫിലിം), അന്യർ (പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്ററി) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു. സജിയുടെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. പ്രമുഖ പോലീസ് ഉദ്യോഗസ്ഥനായ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് (Special Investigation Team) കേസ് പുനരന്വേഷിക്കുക. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.

അധികാരത്തിലെത്തിയാൽ അന്ന് തങ്ങളുടെ കുട്ടികളെ വഴിയിലിട്ട് ക്രൂരമായി വേദനിപ്പിച്ച ഒരൊറ്റ ഉദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദവിയിലെത്തിയ ഉടൻ തന്നെ ആ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന്റെ ഈ ദ്രുതഗതിയിലുള്ള നീക്കം. ആദ്യം കേസെടുക്കാൻ മടിക്കുകയും പിന്നീട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കർശന ഉത്തരവിനെ തുടർന്ന് മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്ത മുൻകാല പോലീസ് നടപടികൾ കൂടിയാണ് പുതിയ അന്വേഷണത്തോടെ തിരുത്തപ്പെടുന്നത്.

പൊതിരെ തല്ലിയ ഗൺമാൻമാരും പിണറായിയുടെ ‘രക്ഷാപ്രവർത്തന’ ന്യായീകരണവും

നവകേരള സദസ്സിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജനറൽ ആശുപത്രി ജങ്ഷനിൽ വെച്ച് വിവിഐപി ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയോ ചെയ്തു. പ്രതിഷേധിച്ച യുവാക്കളെ അവിടെയുണ്ടായിരുന്ന ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ തടയുകയും സുരക്ഷിതമായി പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രിസംഘം സഞ്ചരിച്ച ബസിനു പിന്നാലെ പ്രത്യേക ഔദ്യോഗിക കാറിലെത്തിയ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും വണ്ടിയിൽ നിന്നിറങ്ങി ലാത്തിയുമായി പ്രതിഷേധക്കാരെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. വൻ ജനരോഷമാണ് അന്ന് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം ഉയർന്നത്.

ഗൺമാൻ അനിൽ കുമാർ ഒന്നാം പ്രതിയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് രണ്ടാം പ്രതിയുമായാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ അക്കാലത്ത് ഈ ക്രൂരതയെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തന്റെ ഗൺമാൻമാർ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് ഉത്തരമായി പിണറായി വിജയൻ വ്യക്തമാക്കിയത്. എന്ന് മാത്രമല്ല, വിവിഐപി ബസ്സിന് മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരിൽ നിന്ന് തന്നെ രക്ഷിക്കാനുള്ള ഗൺമാൻമാരുടെ ആത്മാർത്ഥമായ ‘രക്ഷാപ്രവർത്തനം’ മാത്രമായിരുന്നു അതെന്ന വിചിത്രമായ ന്യായീകരണവും അദ്ദേഹം അന്ന് ജനങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിച്ചിരുന്നു.

എസ്പി ഷൗക്കത്തലിയിലേക്ക് എത്തുമ്പോൾ കേസ് മുറുകും

ഉദ്യോഗസ്ഥ തലത്തിൽ ഏറെ മുൻപരിചയവും ആർജ്ജവവുമുള്ള എസ്പി ഷൗക്കത്തലിയുടെ കൈകളിലേക്ക് അന്വേഷണം എത്തുന്നതോടെ കേസ് കൂടുതൽ ശക്തമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. മുൻ ഭരണകൂടം ഉപയോഗിച്ച് സംരക്ഷിച്ചു നിർത്തിയ ഉദ്യോഗസ്ഥർക്ക് പുതിയ സർക്കാരിന്റെ ഈ പുനരന്വേഷണ നീക്കം വലിയ തിരിച്ചടിയാകും. സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും മാധ്യമ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടും ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ട് പ്രതികളായ ഗൺമാൻമാർക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് പ്രത്യേക സമിതിയുടെ തീരുമാനം.

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

തിരുവനന്തപുരം: 13-ാം നമ്പറിന് വീണ്ടും ശനിദശ!. ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കാറിന് ഉപയോഗിച്ച 13-ാം നമ്പര്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആര്‍ക്കും വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൂറിസം വകുപ്പ് ആണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ച കാറുകള്‍ ഒരുക്കി നല്‍കുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരില്‍ പലരും 13-ാം നമ്പര്‍ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഇനി ആരെങ്കിലും 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടു വരുമോ എന്ന കാത്തിരിപ്പിലാണ് അധികൃതര്‍.

മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. പിണറായി സര്‍ക്കാരിന് തൊട്ടുമുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഇനി വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നുപോകുമെന്ന ആശങ്ക വേണ്ട!. e-NACH സൗകര്യത്തിലൂടെ കൃത്യസമയത്ത് അനായാസം ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ബില്‍ തയ്യാറാക്കി അഞ്ചാം ദിവസം ബില്‍ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനമാണിത്. National Payment Corporation of India (NPCI)യുടെ NACH പ്ലാറ്റ്‌ഫോം നല്‍കുന്ന സുരക്ഷിത സേവനമാണിതെന്നും കെഎസ്ഇബി അറിയിച്ചു.

KSEB മൊബൈല്‍ ആപ്പ്/ wss.kseb.in എന്ന വെബ്‌സൈറ്റ് വഴി കണ്‍സ്യൂമര്‍ നമ്പരും വിശദാംശങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യാം. നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്/ ആധാര്‍ വഴി അനുമതി നല്‍കാം. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് ആണ് ഈടാക്കുന്നത് (ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 10 + GST ബില്ലടയ്ക്കുമ്പോള്‍ 1.9 + GST).യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആണ് സേവനം നല്‍കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

‘മധുരം ഇംഗ്ലീഷ്’; മലയാളം ഒഴിവാക്കി മുരളീധരന്‍; ‘ദൈവനാമത്തില്‍’ ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

‘മധുരം ഇംഗ്ലീഷ്’; മലയാളം ഒഴിവാക്കി മുരളീധരന്‍; ‘ദൈവനാമത്തില്‍’ ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ അംഗമായ കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍. ഹര്‍ഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരളീധരന്‍ മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമായിരുന്നു.മുഖ്യമന്ത്രി വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്. കെഎ തുളസി, ഒജെ ജനീഷ് എന്നിവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു.