അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പോരാട്ടം വെറും 139 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ ചണ്ഡീഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന ശക്തമായ നിലയില്‍. 3 റണ്‍സിന്റെ ലീഡുമായാണ് അവര്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.

ടോസ് നേടി കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചത്.

സച്ചിനും ബാബാ അപരാജിതും പുറത്തായതോടെ വാലറ്റം അതിവേഗമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി.

4 വിക്കറ്റെടുത്ത നിഷങ്ക് ബിര്‍ല, 3 വിക്കറ്റുകള്‍ വീഴ്ത്തിയ രോഹിത് ഠന്‍ഡ എന്നിവരുടെ മികച്ച ബൗളിങിനു കേരളത്തിന്റെ കൈയില്‍ ഉത്തരമില്ലാതെ പോയി. ജഗ്ജിത് സിങ് രണ്ടും കാര്‍ത്തിക് സാന്‍ഡില്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി തുടങ്ങിയ ചണ്ഡീഗഢിനായി അര്‍ജുന്‍ ആസാദും ക്യാപ്റ്റന്‍ മനന്‍ വോറയും ക്രീസില്‍ നിന്നു പൊരുതി. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നു.

11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഠാക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡീഗഢിനു നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ അര്‍ജുന്‍ ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ചണ്ഡീഗഢിനു നഷ്ടമായ ഏക വിക്കറ്റ് എംഡി നിധീഷിനാണ്.

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങി. പദ്ധതി തുടങ്ങി ഒരു ദിവസം കൊണ്ട് തന്നെ 9861 പേര്‍ക്ക് സ്കോളർഷിപ്പ് ലഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ, അതുവരെ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. എല്ലാവര്‍ക്കും പ്രതിമാസ ഗഡുവായ 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. എന്നാല്‍, 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസം മൂലം തുക ക്രഡിറ്റ് ആയിട്ടില്ല. തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തുമെന്നും മന്ത്രി അറിയിച്ചു.

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങള്‍ക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കടക്ട് ടു വര്‍ക്ക് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്കാണ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കേളത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് സഹായത്തിന് അര്‍ഹത. 18 വയസ് പൂര്‍ത്തിയായരും 30 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷ നല്‍കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ 5 ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ
ഇന്ന് വൈകിട്ടോടെ നാലുപേർ ഒന്നിച്ചാണ് കുളിക്കാൻ ഇറങ്ങിയത്. കുറച്ചുകഴിഞ്ഞ് രണ്ടുപേർ ഓടിവന്ന് മറ്റ് രണ്ടുപേരെ കാണാനില്ലെന്ന് നാട്ടുകാരെ വിളിച്ചുപറഞ്ഞു. സംഭവം അറിഞ്ഞു നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ നിഖിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന ഗോകുലിനെയാണ് കണ്ടെത്താനുള്ളത്.

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ട്വന്റി ട്വന്റി പാര്‍ട്ടി വികസനം നടപ്പാക്കുന്ന പാര്‍ട്ടിയാണ്. സാബു ജേക്കബ് നാട്ടിലെ വലിയൊരു തൊഴില്‍ ദാതാവാണ്. വികസിത കേരളത്തിന്റെ വലിയൊരു ഭാഗമായി ട്വന്റി ട്വന്‍രി നാട്ടില്‍ തുടരണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്.

കഴിഞ്ഞ 10 വര്‍ഷം ഭരിച്ച ഇടതുമുന്നണി നാടിനെ നശിപ്പിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് ജനം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സാബു ജേക്കബും ട്വന്റി 20യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളില്‍ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തിരുന്നു.

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

പുറത്തു പോയാലും ശുദ്ധമായ വെള്ളം കുടിക്കാമെന്ന ആശയത്തിലാണ് കുപ്പിവെള്ളം വിപണിയിലിറങ്ങുന്നത്. കുപ്പിവെള്ളം വാങ്ങുമ്പോൾ അവയുടെ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തിന്റെ ​ഗുണനിലവാരത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.

കുപ്പിവെള്ളം വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുപ്പിയുടെ അടപ്പിന് വെള്ള നിറമാണെങ്കിൽ പ്രോസസ്സ് ചെയ്ത വെള്ളമാണെന്നാണ് അർത്ഥം (Processed Water). അതായത് സാധാരണ ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം RO, UV ഫിൽട്ടറേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് കുടിക്കാൻ യോഗ്യമാക്കിയ വെള്ളം.

നീല നിറമാണെങ്കിൽ ഇത് സ്പ്രിങ് വാട്ടർ അല്ലെങ്കിൽ മിനറൽ വാട്ടർ (Spring/Mineral Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. പ്രകൃതിദത്ത നീരുറവകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഈ വെള്ളത്തിൽ ശരീരത്തിന് ആവശ്യമായ സ്വാഭാവിക ധാതുക്കൾ അടങ്ങിയിരിക്കും.

കറുപ്പ് നിറമാണെങ്കിൽ, ഇത് ആൽക്കലൈൻ വാട്ടർ (Alkaline Water) ആണ്. ഇതിന്റെ pH മൂല്യം കൂടുതലായിരിക്കും. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതിന് വിപണിയിൽ വില അല്പം കൂടുതലായിരിക്കും.

പച്ച നിറമാണെങ്കിൽ ഇത് ഫ്ലേവേർഡ് വാട്ടർ (Flavored Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. അതായത് നാരങ്ങയോ മറ്റ് രുചികളോ ഇതിൽ ചേർത്തിട്ടുണ്ടാവും. ഇത് സാധാരണ വെള്ളത്തിന് പകരമല്ല, ഒരു പാനീയമായി മാത്രം കണക്കാക്കാം.

ചുവപ്പ് നിറമാണെങ്കിൽ ഇത് സ്പാർക്ലിംഗ് അല്ലെങ്കിൽ സോഡാ (Sparkling/Carbonated) ആണ്. ഗ്യാസ് നിറച്ച വെള്ളമാണിത്.

മഞ്ഞ നിറമാണെങ്കിൽ ഇതിൽ വിറ്റാമിനുകൾ (Vitamin Enriched Water) അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈറ്റുകളും വിറ്റാമിനുകളും ഇതിൽ അധികമായി ചേർത്തിട്ടുണ്ടാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ FSSAI ആണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നത്.

ഏത് കുപ്പിവെള്ളം വാങ്ങുമ്പോഴും അതിൽ ISI മുദ്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം.

അടപ്പിന്റെ നിറം ഒരു സൂചന മാത്രമാണ്. കൃത്യമായ വിവരങ്ങൾക്കും കാലാവധി അറിയുന്നതിനും കുപ്പിയിലെ ലേബൽ പരിശോധിക്കുക.

പ്ലാസ്റ്റിക് കുപ്പികൾ വെയിലത്ത് വെക്കുന്നത് വളരെ അപകടമാണ്. ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിലെ ബിപിഎ (BPA) പോലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരാം. കൂടാതെ, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.

10 ലക്ഷം രൂപ വരെ പരിരക്ഷ; സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി

10 ലക്ഷം രൂപ വരെ പരിരക്ഷ; സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 10 ലക്ഷം രൂപയാണ് നിക്ഷേപ പരിരക്ഷ. വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപഗാരന്റി കോര്‍പ്പറേഷന്‍ നല്‍കുന്ന പരിരക്ഷ അഞ്ചുലക്ഷമാണ്.

സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡാണ് നിക്ഷേപത്തിന് സുരക്ഷയൊരുക്കുന്ന സ്ഥാപനം. സഹകരണബാങ്കുകള്‍ പൂട്ടല്‍ നടപടിയിലേക്കുപോകുന്ന ഘട്ടത്തിലാണ് ബോര്‍ഡ് പണം നല്‍കുക എന്നാണ് വ്യവസ്ഥ. എന്നാല്‍, പൂട്ടല്‍നടപടി വൈകുന്നത് നിക്ഷേപകര്‍ക്ക് ഗാരന്റിത്തുക ലഭിക്കാനും കാലതാമസം ഉണ്ടാക്കും.

സഹകരണ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ കൂട്ടണമെങ്കില്‍ ബോര്‍ഡിന് കൂടുതല്‍ സാമ്പത്തിക സ്ഥിതിയുണ്ടാക്കണമെന്ന് ഭരണസമിതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീകരിച്ച് സര്‍ക്കാര്‍, ഓരോ വര്‍ഷവും അധികമായിവരുന്ന നിക്ഷേപത്തിനുമാത്രം വിഹിതം നല്‍കിയാല്‍മതിയെന്ന വ്യവസ്ഥ മാറ്റി 2025 ഏപ്രില്‍മുതല്‍ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് രണ്ടുപൈസ നിരക്കിലും 2026 ഏപ്രില്‍മുതല്‍ നാലുപൈസനിരക്കിലും വിഹിതം നല്‍കണമെന്നാക്കി. സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ സഹകാരികള്‍ പ്രതിഷേധം അറിയിച്ചു.

പ്രതിസന്ധിനേരിടുന്ന സഹകരണ ബാങ്കുകള്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ട് കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം ബോര്‍ഡിന് കൈമാറണമെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. പത്തുവര്‍ഷമായി അവകാശികളെത്താത്ത നിക്ഷേപം ഏകദേശം 700 കോടിയോളം രൂപയുണ്ടെന്നാണ് കണക്കാക്കുന്നത്.