by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് നാളെ തിരി തെളിയും. അമ്യൂസ്മെന്റ് പാർക്ക് ഇത്തവണ ആവേശം നിറയ്ക്കും. ഹൈദരാബാദിൽ നിന്നാണ് പാർക്കിനുളള സജ്ജീകരണങ്ങൾ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമാണ് പാർക്കിനുണ്ടാവുക.
ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്. തിരക്ക് നിയന്ത്രിക്കാനും സന്ദർശകർക്ക് ഓരോ പ്രദർശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങൾ മുഴുവൻ. പ്രവേശന കവാടം മുതൽ പ്രകാശത്തിന്റെ വർണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദർശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകൾ മുഴുവൻ കാണാൻ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.
13,000 ചതുരശ്ര അടിയിൽ പൂക്കളുടെ വർണ്ണവസന്തം തീർത്തുകൊണ്ടുള്ള ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.
കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ എന്നിവയും ഫെസ്റ്റിലുണ്ടാകും. പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ വേറിട്ട രുചിക്കൂട്ടുകളും ഫെസ്റ്റിനെ ആസ്വാദ്യകരമാക്കും.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷനു സമീപം കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ അരാറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേ ശ്രീയിൽ മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. കഴിഞ്ഞ 21ന് രാത്രി 12 മണിയോടു കൂടി പ്രതി എ ടി എം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറക്കുകയും തുടർന്ന് ബാറ്ററി പാനൽ ഇളക്കി മാറ്റുമ്പോൾ സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങുകയും ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എസ്എച്ചഒ അജീഷ്. എസ്ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സിപിഒ രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സ്റ്റേജ് വർക്കേഴ്സ് യൂണിയൻ കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവയത്രിയും ഡോക്യുമെൻ്ററി സംവിധായികയുമായ ബിന്ദു നന്ദനയെ ആദരിച്ചു.
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും മുൻ എം എൽ എ യുമായ അഡ്വക്കേറ്റ് ബി സത്യൻ ബിന്ദു നന്ദനയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി. സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് ഗുണകരമായി നിലനിൽക്കുമെന്ന് അദേഹം പറഞ്ഞു. നാടക, നാടൻ പാട്ട് കലാകാരനും
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയൂമായ മടവൂർ രാജേന്ദ്രൻ, കിളിമാനൂർ ഏരിയാ സെക്രട്ടറി ജി സുജാത, എഴുത്തുകാരനും ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് മാങ്കോണം, ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ രജ്ഞിതം, പഞ്ചായത്തംഗം ടി.വി. ബീന,രതീഷ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരം ഒരുക്കിയത്.
കാലിക പ്രസക്തിയുള്ള നിരവധി ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവ ബിന്ദു നന്ദന സംവിധാനം ചെയ്തിട്ടുണ്ട്. പുതിയൊരു ഡോക്യുമെൻ്ററി ഉടൻ പ്രദർശനത്തിന് തയ്യാറാവുകയാണ്. സുഗതകുമാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റ ഭാര്യയാണ്. ആര്യൻ എസ് ബി നായർ ആണ് മകൻ.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം ഒന്നിനും അഞ്ചിനും ഇടയിൽ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് – മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. ഓണം ബോണസ്, അലവൻസ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേ സമയം ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഴയ്ക്കും മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇന്ന് കേരള തീരത്തും ലക്ഷദ്വീപ് തീരത്തും രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ തമിഴ്നാട് തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെ സമുദ്രജലപ്രവാഹത്തില്‍ നാളെ രാത്രി 7 മണി വരെ വ്യതിയാനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ സെക്കന്റില്‍ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഒഴുക്കുണ്ടാകുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പീഡന ആരോപണം വന്നതുമുതല്‍ ഷാനു കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

കുടുംബപ്രശ്‌നങ്ങളും ഷാനുവിനെ അലട്ടിയിരുന്നതായും കുടുംബം പറയുന്നു. മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടുമുണ്ടായിരുന്നുവെന്നും സഹോദരന്‍ ഷാജി ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നുവെന്നായിരുന്നു ഹോട്ടലിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ അവരുടെ മൊഴികളില്‍ ദുരൂഹത തോന്നുന്നുവെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും സഹോദരന്‍ പറഞ്ഞു.
അതിനിടെ ഷാനുവിന്റെ മരണം കുഴഞ്ഞുവീണുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശൗചാലയത്തില്‍ കുഴഞ്ഞുവീണതിന്റെ ആഘാതമാകാം മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെയും വയറ്റിലെ ഭക്ഷണ അവശിഷ്ടത്തിന്റെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു.
അതിനിടെ ഷാനുവിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരുടെ മൊഴി പൊലീസെടുത്തു. ഇക്കഴിഞ്ഞ 11നാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഷാനു മുറിയെടുത്തത്. രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കള്‍ മുറി വിട്ടുപോയിരുന്നു. തിങ്കളാഴ്ച ഷാനു മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Recent Comments