by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം ഛത്തിസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഏഴു ദിവസം കേരളത്തില്‍ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴ കിട്ടുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 25ന് മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി ലോറി ഉടമ മനാഫ്. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചെന്ന് ലോറി കണ്ടെത്തിയതിന് പിന്നാലെ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ലോറി തന്റെതാണെന്നും ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും മനാഫ് പറഞ്ഞു.
‘പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. ഞാന്‍ പോയിട്ടും ഇല്ല. ഞാന്‍ ആദ്യമേ പറയുന്നുണ്ട്. വണ്ടിക്കുള്ളില്‍ അവന്‍ ഉണ്ടെന്ന്. അത് ഇപ്പോ എന്തായാലും ശരിയായി. ഇനി ഇപ്പോ അവനെ എടുക്കും. അവന്റെ അച്ഛന് കൊടുത്ത വാക്ക് ഉണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു.’അര്‍ജുന് എന്റെ മുകളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്തുപറ്റിയാലും ഞാന്‍ ഉണ്ടെന്ന്. ഞാന്‍ കുടുംബത്തോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ്. അവനെ അവന്റെ വീട്ടിലെത്തിക്കണം. വണ്ടി പൊന്തിച്ച് അവനെ ഇറക്കി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിക്കണം. എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട.’- മനാഫ് വൈകാരികമായി പ്രതികരിച്ചു.
72 ദിവസത്തിന് ശേഷമാണ് മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. മൃതദേഹഭാഗങ്ങള്‍ ബോട്ടിലേക്ക് മാറ്റി. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്.
എല്ലാവര്‍ക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. ‘കുടുംബത്തെ സംബന്ധിച്ചിടത്തോളം അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം.’ ജിതിന്‍ പറഞ്ഞു.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. 2025 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഡേറ്റാഷീറ്റ് സിബിഎസ്ഇ തയ്യാറാക്കി വരികയാണ്. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും എഴുത്തുപരീക്ഷയാണ്.
മെയ്ന്‍ പരീക്ഷയുടെ ഷെഡ്യൂളിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷയുടെ ഡേറ്റാഷീറ്റും സിബിഎസ്ഇ പ്രത്യേകം തയ്യാറാക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്നുള്ള എക്‌സാമിനര്‍ ആണ് മേല്‍നോട്ടം വഹിക്കുക. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രാക്ടിക്കല്‍ പരീക്ഷ അതത് സ്‌കൂളിലെ ടീച്ചര്‍മാരുടെ കീഴിലാണ് നടക്കുക. പത്ത്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbse.gov.in സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡേറ്റാ ഷീറ്റ് നോക്കാവുന്നതാണ്. ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ് സെക്ഷന്‍ അല്ലെങ്കില്‍ ഹോംപേജിലെ അക്കാദമിക് വെബ്‌സൈറ്റ് ലിങ്ക് എന്നിവ വഴി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കുക.

by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി. ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 50000 (അൻപതിനായിരം) രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. എൻ. മോഹനൻ നായർ (പ്രസിഡന്റ്), പി. എസ്. രാജൻ (സെക്രട്ടറി), ആർ. മുരളീധരൻ (ട്രഷറർ), എൻ. കൃഷ്ണമൂർത്തി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) എന്നിവർ ചേർന്ന് നഗരസഭാ അദ്ധ്യക്ഷ അഡ്വ. എസ്. കുമാരിക്ക് കൈമാറി.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കം ചെയ്ത് ഡ്രഡ്ജിംഗ് പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്ത് തീരശോഷണം സംഭവിക്കുന്ന വടക്ക് ഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയായതായി റിപ്പോർട്ടിലുണ്ട്. സുരക്ഷക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആംബുലൻസ് അനുവദിച്ചിട്ടുണ്ടെന്നും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ അറിയിച്ചു.
by liji HP News | Sep 25, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീരകേരളപുരം എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി മുരളീധരൻ നായരുടെ അധ്യക്ഷതയിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ജി അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
കരയോഗം ജോയിന്റ് സെക്രട്ടറി കെ ഉദയകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി രാജേന്ദ്രൻ നായർ റിപ്പോർട്ടും, ട്രഷറർ ആർ മണികണ്ഠൻപിള്ള കണക്കും അവതരിപ്പിച്ചു.
മേഖലാ കൺവീനർ ദ്വാരക മോഹനൻനായർ, ബി എസ് കുമാരി ലത, സ്റ്റാർലി ഉണ്ണിത്താൻ, ശ്രീലത, ജിജി എന്നിവർ പ്രസംഗിച്ചു.

Recent Comments