ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.

‘പലതും സഹിച്ചു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, എസ് രാജേന്ദ്രന്‍ ബിജെപിയില്‍

‘പലതും സഹിച്ചു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, എസ് രാജേന്ദ്രന്‍ ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ഹൈറേഞ്ചിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.

ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

2006, 2011, 2016 എന്നീ കാലയളവില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറെ കാലമായി സിപിഎമ്മിനോട് അകന്ന് നിന്നിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയോട് അടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.

എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്

എംബാപ്പെയ്ക്ക് 50ാം ​ഗോൾ! റയല്‍ മാഡ്രിഡ് മുന്നോട്ട്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്. പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്‍വരോ ആര്‍ബലോവയുടെ റയല്‍ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.

ആദ്യ പകുതിയ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് കിലിയന്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. കിലിയൻ എംബാപ്പെ റയൽ ജേഴ്സിയിൽ നേടുന്ന 50ാം ​ഗോൾ കൂടിയാണിത്. 65ാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ ലീഡുയര്‍ത്തി ലോസ് ബ്ലാങ്കോസ് ജയമുറപ്പിക്കുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ത്തിനു വിയാറലയലിനെ വീഴ്ത്തി. മയ്യോര്‍ക്ക 3-2നു അത്‌ലറ്റിക്ക് ബില്‍ബാവോയേയും ഓസാസുന ഇതേ സ്‌കോറിനു ഒവെയ്‌ഡോയേയും വീഴ്ത്തി.

വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് സംസ്ഥാനം,50 ശതമാനം കുറയും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15- 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ വിജ്ഞാപനമനുസരിച്ചുള്ള നിരക്കുകള്‍ നടപ്പില്‍ വരുത്തുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെ, 15 മുതല്‍ 20, 20 വര്‍ഷത്തിലധികം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മോട്ടോര്‍ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഇടത്തരം ഹെവി ഗുഡ്സ്, പാസഞ്ചര്‍ എന്നിങ്ങനെ എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് പുതുക്കുന്നതിന് അവയുടെ പഴക്കത്തെ അടിസ്ഥാനപ്പെടുത്തി പുതുതായി നിശ്ചയിക്കപ്പെട്ട നിരക്കായിരിക്കും ഈടാക്കുക.

പുതുക്കിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ,

മോട്ടോര്‍ സൈക്കിള്‍

15 മുതല്‍ 20 വര്‍ഷം- 500

20 വര്‍ഷത്തിലേറെ- 1000

മുച്ചക്ര വാഹനങ്ങള്‍

15 മുതല്‍ 20 വര്‍ഷം- 1650

20 വര്‍ഷത്തിലേറെ- 3500

കാറുകള്‍

15 മുതല്‍ 20 വര്‍ഷം- 3750

20 വര്‍ഷത്തിലേറെ- 7500

ഇടത്തരം വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം- 1000

15 മുതല്‍ 20 വര്‍ഷം- 5000

20 വര്‍ഷത്തില്‍ കൂടുതല്‍- 10,000

ഹെവി വാഹനങ്ങള്‍

13 മുതല്‍ 15 വര്‍ഷം- 2000

15 മുതല്‍ 20 വര്‍ഷം- 6500

20 വര്‍ഷത്തില്‍ കൂടുതല്‍- 12,500

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സി വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്‌ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എസ്‌ഐടി തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.

കമലമ്മ (92) ആന്തരിച്ചു

കമലമ്മ (92) ആന്തരിച്ചു

ആറ്റിങ്ങൽ: ഗ്രാമം അട്ടക്കുളത്തിന് സമീപം മുളമൂട് വീട്ടിൽ കമലമ്മ (92) ആന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണപിള്ള
മക്കൾ: ശശി, ബാലൻചന്ദ്രൻ, മണികണ്ഠൻ, ബാബു, ശിവകുമാർ, ശാന്ത, അമ്പു, രാജമ്മ, മോളി