by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ
02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
04/05/2026 : ഇടുക്കി, പാലക്കാട്
05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാംപാപ്പാന്‍ ആറ്റിങ്ങല്‍ക്കാരനാണ്. ആറ്റിങ്ങല്‍ കിഴുവിലം ചരുവിളപുത്തന്‍വീട്ടില്‍ കുട്ടപ്പന്റെ മകന്‍ ശ്രീക്കുട്ടനാണ് (25) കൊല്ലപ്പെട്ടത്.
എഴുന്നള്ളത്തിനായി കൊണ്ടുവന്ന വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇടഞ്ഞ് അപകടമുണ്ടാക്കിയത്. ഇടഞ്ഞ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ച പാപ്പാന്‍മാരെ ആന തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. നിലത്തുവീണ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാംപാപ്പാന്‍ ഇപ്പോഴും ചികിത്സയിലാണ്. ശ്രീക്കുട്ടന്റെ മൃതദേഹം നാലുമണിയോടെ കിഴുവിലത്തെ വീട്ടിലെത്തിക്കും.
അമ്മ: ബിന്ദു. സഹോദരി: പരേതയായ ശ്രീക്കുട്ടി.
കുട്ടപ്പന്‍ ആനപ്പാപ്പാനായിരുന്നു. ശ്രീക്കുട്ടനും ചെറുതിലേ ആനക്കമ്പക്കാരനായി പഠനം ഉപേക്ഷിച്ച് ആനകള്‍ക്കൊപ്പം കൂടുകയായിരുന്നു. 2015 മുതല്‍ ആനപ്പാപ്പാന്‍മാരുടെ സഹായിയായി കൂടിയ ശ്രീക്കുട്ടന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാശിനാഥന്‍ എന്ന ആനയുടെ രണ്ടാംപാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു.

by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത, മരണം
അറ്റിങ്ങൽ: മുട്ടോട്ടുകോണം കൈലാസം വീട്ടിൽ (കെ.എം.കെ.ആർ.എ:53) കെ രഘുനാഥൻ നായർ (80) അന്തരിച്ചൂ.
ഭാര്യ: എസ് സുധ.
മക്കൾ: ആർ.എസ് ബൈജു കുമാർ (കോൺട്രാക്ടർ), ആർ.എസ് ബിജു കുമാർ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോന്നി), ആർ.എസ് ബിജില (അധ്യാപിക ജി.എച്ച്.എസ്.അയിലം).
മരുമക്കൾ: ബി.എസ് സുജിത (സി.ഡി.എസ് ചെയർപേഴ്സൺ, മുദാക്കൽ ഗ്രാമ പഞ്ചായത്ത്), ആർ.വി അശ്വതി (ഓഫീസ് അസിസ്റ്റന്റ്, വനം വകുപ്പ്, വഴുതക്കാട്), പി അനിൽ കുമാർ (ബിസിനസ്).
by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കള്‍ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

by Midhun HP News | May 1, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘വരവ് ‘.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
” എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിൽ ആയിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും ” ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്…
ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു”വരവ്”ആണെന്നുകൂടി ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും ജോജുവിനൊപ്പം കട്ടക്കുണ്ട്.
വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. “ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ ” എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ “വരവ് “നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.
പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ് ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.


by Midhun HP News | May 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങള്‍ നിലവില്‍ അതീവജാഗ്രത പുലര്‍ത്തേണ്ട ഓറഞ്ച് അലര്‍ട്ടിലാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ യു വി സൂചിക ഒന്‍പതാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം മൂന്നാറില്‍ യു വി സൂചിക എട്ടായിരുന്നു. യുവി സൂചിക 11-ലേക്ക് എത്തിയാല്‍ മൂന്നാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും. പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ യു വി സൂചിക എട്ടില്‍ തുടരുകയാണ്. കണ്ണൂരിലെ ധര്‍മ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടില്‍ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്.
ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു വി സൂചിക. ഉയര്‍ന്ന അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ജോലികള്‍ പരമാവധി ഒഴിവാക്കണമെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Recent Comments