വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ. കേരള തമിഴ്നാട് അതിർത്തിയിലെ ട്രാവൽ എജൻസി വഴി കിർഗിസ്ഥാനിലേക്ക് പോയവരാണ് തട്ടിപ്പിനിരയായി മറ്റൊരു രാജ്യത്ത് കഴിയുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാറശ്ശാല മുറിയത്തോട്ടം സ്വദേശി വിപിൻ വിജയകുമാർ ഉൾപ്പടെയുള്ള സംഘം കിർഗിസ്ഥാനിലേക്ക് തിരിച്ചത്. ഖസാഖിസ്ഥാനിൽ വിമാനമിറങ്ങുമ്പോൾ, കാറിൽ റോഡുമാർഗം കിർഗിസ്ഥാനിൽ എത്തിക്കുമെന്നായിരുന്നു ഏജൻറുമാരുടെ വാഗ്ദാനം. എന്നാൽ ഇവിടെ എത്തിയ ഇവരെ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. രണ്ടു ദിവസത്തിനുള്ളിൽ മറ്റൊരു വാഹനത്തിൽ കിർഗിസ്ഥാനിൽ കൊണ്ടുപോകുമെന്നും അറിയിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ഏജൻസി ജീവനക്കാർ ആരും വന്നില്ല.

പതിനാല് ദിവസത്തേക്ക് ഖസാക്കിസ്ഥാനിൽ താമസിക്കാനുള്ള വിസയാണ് ഇവർക്ക് ഉണ്ടായിരുന്നത്. വിസ കാലാവധി കഴിഞ്ഞതോടെ ആദ്യം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടു. കരുതിയ പണമെല്ലാം തീർന്നു. ഭക്ഷണത്തിന് വീട്ടുകാരാണ് പണം അയച്ചു കൊടുക്കുന്നത്. കിർഗിസ്ഥാനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മാസം അമ്പതിനായിരം രൂപ ശമ്പളവും ഓവർ ടൈം ജോലിയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകളിൽ നിന്ന് പടന്താലമൂട്ടിലെ ട്രാവൽ ഏജൻസി വാങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഏജൻസി. കളിയിക്കാവിള പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്റ്റംബർ 13 മുതൽ 19 വരെ

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്റ്റംബർ 13 മുതൽ 19 വരെ

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും.

ഇതിന് സപ്ലൈകോയെ ചുമതലപ്പെടുത്തി. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളിൽ കുടുംബശ്രീ ചന്തകൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികൾ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാർക്കറ്റുകളും ആരംഭിക്കും. ആവശ്യമായ പച്ചക്കറികൾ പരമാവധി കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. എഎവൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷൽ പഞ്ചസാര വിതരണം, സ്കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈകോ ഓണത്തിനുമുൻപ് വിതരണം ചെയ്യും. പൂഴ്ത്തിവയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. എല്ലാ വകുപ്പുകളുടെയും ഫ്ലോട്ട് തയാറാക്കും.

സാംസ്കാരിക പരിപാടികൾ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കവടിയാർ മുതൽ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും. ടൂറിസ്റ്റുകൾക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തും. ഗതാഗത ക്രമീകരണം മുൻകൂട്ടി ആസൂത്രണം ചെയ്യണം. വാഹന പാർക്കിങ്ങിൽ വ്യക്തത വരുത്തണം. ലഹരി വസ്തുക്കൾ കൈവശം വയ്ക്കൽ, ഉപഭോഗം, വിതരണം എന്നിവ കർശനമായി നിയന്ത്രിക്കാൻ പ്രത്യേക പരിശോധന നടത്തും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണിയിലില്ലെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉൽപന്നങ്ങൾ, പാക്കറ്റുകൾ പരമാവധി നിരുത്സാഹപ്പെടുത്തും. എല്ലാ കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ മുതലായവ ഉണ്ടെന്ന് ഉറപ്പാക്കണം. ദിവസവും ഉൽപാദിപ്പിക്കപ്പെടുന്ന ജൈവ, അജൈവ മാലിന്യങ്ങൾ അതത് ദിവസം നീക്കം ചെയ്യാനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, സജി ചെറിയാൻ, ജി.ആർ.അനിൽ, എം.ബി.രാജേഷ്, പി.പ്രസാദ്, വി.ശിവൻകുട്ടി, വി.അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു എന്നിവർ സംസാരിച്ചു.

അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി

അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി

അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. ലീഗൽ മെട്രോളജി വിഭാഗം ആറ്റിങ്ങൽ – വർക്കല ഇൻസ്‌പെക്ടർമാരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

രാവിലെയോടെ എത്തിയ സംഘം അഞ്ചുതെങ്ങിന്റെ വിവിധ മേഖലകളിലേ വ്യാപാരസ്ഥാപനങ്ങളിലും, ഗ്യാസ് ഏജൻസി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും പരിശോധനയ്ക്ക് വിധേയമാക്കി. തൂക്കത്തിലും അളവിലും കൃത്യത ഉറപ്പുവരുത്തലും, തൂക്കം, അളവുകൾ, തൂക്കം, അളക്കൽ ഉപകരണങ്ങൾ മുതലായവയുടെ പരിശോധനയ്ക്ക് പുറമേ, അധിക തുക ഈടാക്കൽ തുടങ്ങിയവയാണ് പരിശോധിച്ചത്.

പൊതുജനങ്ങളുടെ പരാതികൾ 0470 262 5499 എന്ന ലാൻഡ് ലൈൻ നമ്പറിലോ, 82816 98015 ഇൻസ്‌പെക്ടറുടെ മൊബൈൽ നമ്പറിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പുതിയ  ജില്ലാകളക്ടർ ചുമതലയേറ്റു

പുതിയ ജില്ലാകളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ കളക്ടറായി അനുകുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി. 2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനിയായ അനുകുമാരി. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പൂർ ഐഎംടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ എംബിഎയും നേടിയിട്ടുണ്ട്.

ജന ജാഗ്രതാ സദസ്സ്  സംഘടിപ്പിച്ചു

ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്.
ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്.

ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ തരണം ചെയ്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയെ തകർക്കുവാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം
ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നെടുംങ്ങണ്ട ഒന്നാം പാലത്തിൽ ചേർന്ന
ജന ജാഗ്രത സദസ്സ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം സരിതാ ബിജു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ
എസ്. സുരേന്ദ്രൻ, സി.പയസ്, മൽസ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജറാൾഡ്,
എസ്. പ്രവീൺ ചന്ദ്ര, ജയ ശ്രീരാമൻ, സ്റ്റീഫൻ ലുവിസ്, ഡോൺ ബോസ്കോ എന്നിവർ സംസാരിച്ചു.
എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ സ്വാഗതവും കുമാരി തങ്ക നന്ദിയും പറഞ്ഞു.

ശുചിത്വ പുരസ്കാരം കല്ലിൻമൂട് അങ്കണവാടിക്ക്

ശുചിത്വ പുരസ്കാരം കല്ലിൻമൂട് അങ്കണവാടിക്ക്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ശുചിത്വ പുരസ്കാരം 2024 ന് കല്ലിൻമൂട് അങ്കണവാടി നേടി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 171 അങ്കണവാടികളിൽ നിന്നാണ് മികച്ചതായി കല്ലിൻമൂട് അങ്കണവാടിയെ തിരഞ്ഞെടുത്തത്. ശുചിത്വ പ്രവർത്തനങ്ങൾക്ക് പുറമേ അടിസ്ഥാന സൗകര്യങ്ങളും അങ്കണവാടി പ്രവർത്തനങ്ങളും മാതൃകാപരമായാണ് അങ്കണവാടിയിൽ നടക്കുന്നത്. വാർഡു സമിതിയും, സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് ഒട്ടനവധി പരിഷ്കാരങ്ങളാണ് അങ്കണവാടിയിൽ കൊണ്ടുവന്നിട്ടുള്ളത്. ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം അങ്കണവാടി പ്രവർത്തകർ ഏറ്റുവാങ്ങി.