പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു. ശാർക്കര ജംഗ്‌ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ അനുസ്മരണ സന്ദേശം നൽകി. പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്.വി, സി.എസ്സ്.അജയകുമാർ, മനോജ്‌ ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി.ശാർക്കര, സുരേഷ്‌കുമാർ (മോനി), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വ.എ.ബാബു ചിറയിൻകീഴ്, വിജയദാസ്, ഭാഗി അശോകൻ, സുശോഭനൻ, സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വ. കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി.മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല.എം, സന്തോഷ്‌കുമാർ, നസീർ എന്നിവർ സംസാരിച്ചു.

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. നാളെ മുതല്‍ സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.

ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിനു പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണം സംഘം നാളെ അപേക്ഷ നൽകും.

ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ കൊടുത്തു വിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിൽ കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത. കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗം നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിര്‍മ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.

2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്. കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക്. ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍ അരങ്ങേറും. നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താന്‍ അരങ്ങില്‍ എത്തും.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

കലോത്സവം കേവലം ഉത്സവം മാത്രമല്ല, മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവങ്ങൾ കേവലം മത്സരങ്ങളല്ല സാംസ്കാരിക വിനിമയ വേദികളാണ്. തദ്ദേശീയ കലകളെക്കൂടി ഉൾപ്പെടുത്തി ഇത്തവണ കലോത്സവം കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. അമിതമായ മത്സരബുദ്ധി ഒഴിവാക്കി തോൽവികളേയും പുഞ്ചിരികളോടെ നേരിടാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തമാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്. തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് കൊണ്ടാടുന്നത്.

പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

​വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.