വൈദ്യുതി മോഷണകേസ്: എംപിക്ക് 1.91 കോടി രൂപ പിഴ

വൈദ്യുതി മോഷണകേസ്: എംപിക്ക് 1.91 കോടി രൂപ പിഴ

ലഖ്‌നൗ: വൈദ്യുതി മോഷ്ടിച്ച കേസില്‍ സംഭാല്‍ എംപിക്ക് രണ്ടു കോടിയോളം രൂപ പിഴ. ലോക്‌സഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാ ഉര്‍ റഹ്മാനാണ് വൈദ്യുതി വകുപ്പ് പിഴ ചുമത്തിയത്. 1.91 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എംപിയുടെ വസതിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി മോഷണത്തില്‍ എംപി സിയാ ഉര്‍ റഹ്മാനെതിരെ ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷന്‍ 135 പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിയാ ഉര്‍ റഹ്മാന്റെ പിതാവ് മംലുക്കൂര്‍ റഹ്മാന്‍ ബാര്‍ഖിനെതിരെയും കേസെടുത്തിട്ടുണ്ട്.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീറ്ററുമായി കണക്ട് ചെയ്യാതെ സിയാ ഉര്‍ റഹ്മാന്‍ വൈദ്യുതി മോഷ്ടിച്ചിരുന്നത് കണ്ടെത്തുന്നത്. എന്‍ജിനീയര്‍മാരായ വി കെ ഗംഗല്‍, അജയ് കുമാര്‍ ശര്‍മ എന്നിവരെ പരിശോധനയ്ക്കിടെ എംപിയുടെ പിതാവ് അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍

കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍

പട്‌ന: സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി വീട്ടിയേ്ക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മുട്ടകള്‍ കട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചിരിച്ചതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് ഉറപ്പിച്ചു. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി.

വൈശാലിയിലെ ലാല്‍ഗഞ്ച് ബ്ലോക്കിലെ സര്‍ക്കാര്‍ സകൂളിലാണ് സംഭവം. ഡിസംബര്‍ 12 ന് എടുത്തതാണെന്ന് പറയപ്പെടുന്ന വീഡിയോയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകള്‍ പ്രിന്‍സിപ്പല്‍ തന്റെ ബാഗിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാം. എന്നാല്‍ താന്‍ മുട്ടകള്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും സ്‌കൂളിലെ പാചകക്കാരന് നല്‍കിയതാണെന്നും പ്രിന്‍സിപ്പല്‍ സുരേഷ് സഹാനി പറഞ്ഞു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും പ്രിന്‍സിപ്പലിനെതിരെ മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരള ടീമിന് മികച്ച വിജയം

ഡൽഹി: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ ആറ്റിങ്ങലുകാരൻ നേതൃത്വം നൽകിയ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിൻ്റെ വിജയം.

ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ആറ്റിങ്ങൽ സ്വദേശി ഇഷാൻ രാജിൻ്റെയും തോമസ് മാത്യുവിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. തോമസ് മാത്യു സെഞ്ച്വറിയടിച്ച് കളം വാണു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസ് മാത്യുവിൻ്റെ ഇന്നിങ്സ്.

ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. നേരത്തെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ. 26ാം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി.

കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയാണ് നന്ദൻ്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദൻ. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണയക പങ്കു വഹിച്ചിരുന്നു.

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മടവൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്.

മുംബൈ ബോട്ടപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

മുംബൈ ബോട്ടപകടം: മലയാളി കുടുംബത്തെ കണ്ടെത്തി

മുംബൈ: മുംബൈ ബോട്ടപകടത്തില്‍ കാണാതായെന്ന് സംശയിച്ച മലയാളി കുടുംബത്തെ കണ്ടെത്തി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ ഏബിള്‍ മാത്യുവാണ് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത്.

പത്തനംതിട്ട സ്വദേശിയായ മാത്യു ജോര്‍ജ്, ഭാര്യ നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ മഹാരാഷ്ട്രയിലുള്ള ബന്ധുക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഉറാന്‍ പൊലീസാണ് മാതാപിതാക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി, കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി പൊലീസ് വീഡിയോ കോളിലൂടെ കുട്ടിയെ കാണിച്ചു. ഇതിനുശേഷമാണ് ബന്ധുക്കളുടെ കൂടെ കുട്ടിയെ വിട്ടയച്ചത്. ജെഎന്‍പിടി ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദസഞ്ചാരത്തിനാണ് മുംബൈയിലെത്തിയത്.

വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ 13 പേർ മരിച്ചു.

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.