ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 നിബന്ധനകള്‍ വെച്ച് അമേരിക്ക. ആണവ പദ്ധതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ ഇറാന് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് വിവരം.

അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും പരസ്പരം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനിയന്‍ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാനിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കള്‍ കൈമാറാനും നിബന്ധനയില്‍ പറയുന്നു. ഇത് ഒരു ആണവ ബോംബായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു.

കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന വിധം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടണം. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നത് ഇറാന്‍ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതില്‍ പുരോഗതി ഉണ്ടായാല്‍ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രധാന ആണവ കേന്ദ്രമായ ബുഷെഹറില്‍ സിവില്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നതിന് ഇറാന് സഹായം നല്‍കുമെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു.

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ വിതരണം ചെയ്യുന്ന ധാന്യങ്ങളില്‍ പൊടി അരിയുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം. ഈ നീക്കം എഥനോള്‍ മേഖലയ്ക്ക് പ്രതിവര്‍ഷം ഏകദേശം 90 ലക്ഷം ടണ്‍ ബ്രോക്കണ്‍ റൈസ് സൗജന്യമാക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്‍ (എഐഡിഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 40 ശതമാനത്തോളം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. പെട്രോളില്‍ ഇന്ത്യയുടെ എഥനോള്‍ ഇതിനകം 20 ശതമാനത്തിലെത്തി, 2013 ല്‍ ഇത് 1.5 ശതമാനമായിരുന്നു, ഇത് രാജ്യത്തിന് 1.63 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനും 2014 മുതല്‍ ക്രൂഡ് ഇറക്കുമതി 277 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ എഥനോള്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മിശ്രണ പരിധി 20 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തുക, ഡീസലില്‍ എഥനോള്‍ കലര്‍ത്തുക, ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍(എഥനോൾ, പെട്രോൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നവ) പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം സജീവമായി പരിഗണിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജീവ ചോപ്ര പറഞ്ഞു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ബ്രോക്കണ്‍ റൈസ് നിര്‍ദേശം പരിഹാരമാകുമെന്ന് പറഞ്ഞു – 2023-ല്‍, മോശം പഞ്ചസാര വിളവ്, അരി ഉല്‍പാദനത്തെക്കുറിച്ചുള്ള ഭയം എന്നിവ ഡിസ്റ്റിലറികളിലേക്കുള്ള ഫീഡ്സ്റ്റോക്ക് വിതരണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി, ഇത് വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം, ഇത് 10 ശതമാനമായി കുറയ്ക്കും. ഓരോ വര്‍ഷവും വിതരണം ചെയ്യുന്ന 360-370 ലക്ഷം ടണ്ണില്‍ നിന്നുള്ള അധിക ബ്രോക്കണ്‍ റൈസ് ലേലത്തിലൂടെ എഥനോള്‍ നിര്‍മ്മാതാക്കള്‍ക്കും മൃഗത്തീറ്റ ഉല്‍പ്പാദകര്‍ക്കും മറ്റുള്ളവര്‍ക്കും വില്‍ക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനകം ഒരു ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മുതല്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കുകളില്‍ നിന്ന് ഡിസ്റ്റിലറികള്‍ക്ക് മുഴുവന്‍ ധാന്യ അരി വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തും. പുതുക്കിയ ഭക്ഷ്യ പദ്ധതിയില്‍ നിന്നുള്ള പൊട്ടിച്ച അരി വിശ്വസനീയവും വര്‍ഷം മുഴുവനും ലഭ്യമായതുമായ ഒരു ഫീഡ്സ്റ്റോക്കായി മാറുമെന്ന് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ എഥനോള്‍ ഉല്‍പാദന ശേഷി 2013-14 ല്‍ 420 കോടി ലിറ്ററില്‍ നിന്ന് ഇന്ന് ഏകദേശം 2,000 കോടി ലിറ്ററായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ചാറ്റ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആശയവിനിമയം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 21 ഭാഷകളില്‍ മെഷീന്‍ ട്രാന്‍സലേഷന്‍ എത്തിയേക്കും. ഐഒഎസിലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി, ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം തെരഞ്ഞെടുത്ത വിവര്‍ത്തനം ചെയ്യാന്‍ കഴിയും വിധം മാനുവല്‍ ‘ട്രാന്‍സലേഷന്‍’ ഓപ്ഷനും ലഭ്യമാകും. ഈ ഫീച്ചര്‍ ചാറ്റ് വിന്‍ഡോയില്‍ നടപ്പിലാക്കാന്‍ സാധിക്കും.

വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് ചാറ്റ് ട്രാന്‍സലേഷന്‍: ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ ബില്‍ഡില്‍ ചാറ്റ് വിന്‍ഡോയിലെ ‘ചാറ്റ് ട്രാന്‍സലേഷന്‍’ ടോഗിളിലേക്കുള്ള റഫറന്‍സുകള്‍ ഉള്‍പ്പെടുന്നു, ഇത് ആക്ടിവേറ്റ് ചെയ്താല്‍ എല്ലാ പുതിയ ഇന്‍കമിങ് സന്ദേശങ്ങളും യാന്ത്രികമായി വിവര്‍ത്തനം ചെയ്യും. ഈ ടൂള്‍ വഴി, ഉപയോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യേണ്ട ഭാഷയും ഏത് ഭാഷയിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫീച്ചര്‍ ഉപയോഗിക്കാം. സാധാരണ വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പോലെ, വിവര്‍ത്തനം ചെയ്ത ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ വാട്സ്ആപ്പിന്റെ ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഏകദേശം 21 ഭാഷകളില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഓഫ്ലൈനില്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

ഓണ്‍ലൈന്‍ ഫുഡ് ചെലവേറിയതാകും; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓര്‍ഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉള്‍പ്പെടെ) ഫീസ് ഉയര്‍ത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വര്‍ധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ആപ്പില്‍ ഇപ്പോള്‍ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓര്‍ഡറിന് പ്ലാറ്റ്‌ഫോം ഫീസില്‍ 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ന്നു. 19.2 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

സാങ്കേതിക ചെലവുകള്‍, ആപ്പ് അറ്റകുറ്റപ്പണികള്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ, ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു. അടുത്തിടെയാണ് ബംഗളൂരുവില്‍ ഓണ്‍ലി എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് റാപ്പിഡോ ഭക്ഷണ വിതരണ മേഖലയിലേക്ക് കടന്നത്.

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണു; കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണു; കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം

ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇക്വഡോറിന്റെയും പെറുവിന്റെയും തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള പ്യൂര്‍ട്ടോ ലഗ്യൂസാമോയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 58 സൈനികര്‍ മരിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിന് പിന്നാലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഹെര്‍കുലിസ് സി-130 വിമാനമാണ് തകര്‍ന്നതെന്ന് കൊളംബിയ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.

വിമാനത്തിലുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് റെയില്‍വേ

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് റെയില്‍വേ

ചെന്നൈ: ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.