by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ടെക്സസ് തീരത്തിനടുത്തുള്ള പോര്‍ട്ട് ആര്‍തറിലെ വലേറോ റിഫൈനറിയില്‍ സ്ഫോടനം. ശക്തമായ പുക ഉയരുകയും സമീപസ്ഥലത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് മേയര്‍ ഷാര്‍ലറ്റ് എം മോസസ് പറഞ്ഞു. സമീപപ്രദേശത്തുള്ളവര്‍ അവരുടെ വീടുകളില്‍ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ക്രൂ സംഭവ സ്ഥലത്ത് എത്തിയത്.
വ്യാവസായിക ഹീറ്ററിലെ സാങ്കേതിക തകരാര്‍ മൂലമാണ് സ്ഫോടനമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്സണ്‍ കൗണ്ടി ഷെരീഫ് സെന്‍ സ്റ്റീഫന്‍സ് പറഞ്ഞു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂ. ചുറ്റുമുള്ള പ്രദേശത്തെ താമസക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചുപൂട്ടാനും ഉദ്യോഗസ്ഥര്‍ നല്കുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി, ജെഫേഴ്സണ്‍ കൗണ്ടി ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടച്ചു.
റിഫൈനറിയില്‍ ഏകദേശം 770 ജീവനക്കാരുണ്ട്. പ്രതിദിനം 435,000 ബാരല്‍ എണ്ണ സംസ്കരിക്കാന്‍ കഴിയും. സ്ഫോടനാത്കമായ ശബ്ദം കേട്ടെന്നും ജനാലകള്‍ ഇളകി വീഴുന്നത് കണ്ടുവെന്നും അവിടുത്തെ താമസക്കാര്‍ പറയുന്നു. എല്ലാം പഴപടി ആകുന്നതുവരെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിടത്തു തന്നെ തുടരാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നടന് മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹര്‍ജി പരിഗണിക്കുക.
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന് എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
പ്രധാനമായും പരസ്യങ്ങള്‍, ഉല്പന്നങ്ങള്, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന് നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.
ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന് തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.
ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമാണെന്ന് ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്കി.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും മേഖലയിലെ സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരും. നേരത്തെ നല്‍കിയിരുന്ന 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ട്രംപ് തീരുമാനിച്ചത്.
പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.
നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.
തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം നിറയ്ക്കുന്ന അളവില്‍ കുറവു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.
കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസമാണ് വേണ്ടി വരുന്നത്. 10 കിലോഗ്രാം ആക്കിയാല്‍ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും. അതേസമയം, എല്‍പിജി ബുക്കിങ് ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
അളവ് കുറയ്ക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചില്ലെങ്കില്‍ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും. ഇത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അളവുകുറക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോട്ട്ലിങ് പ്ലാന്റുകളില്‍ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കര്‍ സിലിണ്ടറുകളില്‍ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. പ്രതിദിനം 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 80,400 ടണ്‍ അഥവാ 86 ശതമാനവും വീടുകള്‍ക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.
ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.
കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.
ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്കേണ്ടിവരുന്നതിനാല് നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.
സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍.


Recent Comments