ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഹൈദരാബാദ്: ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്‌തെന്നുമാണ് 35 വയസുകാരിയുടെ വെളിപ്പെടുത്തല്‍.

യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13 നാണ് സംഭവം. രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍, ഏകദേശം 40 വയസുള്ള വ്യക്തി കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ ശ്രമിച്ചു. ലേഡിസ് കംപാര്‍ട്ട്‌മെന്റ് ആണെന്ന് പറഞ്ഞ് വാതില്‍ പൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു.

ഗുണ്ടൂരില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നാലെ കൈവശമുണ്ടായിരുന്ന 5600 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കി. ട്രെയിന്‍ പെദകുറപദു റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഇയാള്‍ ട്രെയിന്‍ അതില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു എന്നും യുവതി അറിയിച്ചു.

സംഭവത്തിന് ശേഷം യാത്ര തുടര്‍ന്ന യുവതി ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം സെക്കന്തരാബാദ് റെയില്‍വേ പൊലീസിനോട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരാതി കൃത്യം നടന്നെന്ന് പറയുന്ന പ്രദേശം ഉള്‍പ്പെടുന്ന നദിക്കുടി സ്റ്റേഷന് കൈമാറിയെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിവർക്ക് ടെക്നിക്കൽ എൻട്രി സ്കീം (TES) വഴി സൈന്യത്തിൽ ജോലി നേടാം. ഒരു ഓഫീസറായി ജോലിയിൽ പ്രവേശിക്കാനും എഞ്ചിനീറിങ് ബിരുദം നേടാനുമുള്ള മികച്ച അവസരമാണിത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

10+2 ടെക്നിക്കൽ എൻട്രി – 55 എന്ന സ്കീമിലൂടെയാണ് നിയമനം നടത്തുന്നത്. അകെ 90 ഒഴിവുകളാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ 10+2 പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം.

2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം.

പ്രായപരിധി

2026 ജൂലൈ 1 വെച്ച് കണക്കാക്കുമ്പോൾ 16 വയസ്സ് 6 മാസത്തിനും 19 വയസ്സ് 6 മാസത്തിനും ഇടയിൽ ആയിരിക്കണം പ്രായം.

2007 ജനുവരി 2 ന് മുമ്പും 2010 ജനുവരി 1 ന് ശേഷവും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്.

ആദ്യമായി ലോകകപ്പിന്; ചരിത്രമെഴുതി കേപ്പ് വെര്‍ദ്; ഇനി ആരൊക്കെ?

ആദ്യമായി ലോകകപ്പിന്; ചരിത്രമെഴുതി കേപ്പ് വെര്‍ദ്; ഇനി ആരൊക്കെ?

വാഷിങ്ടന്‍: അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു യോഗ്യത നേടി ചരിത്ര നേട്ടവുമായി കേപ്പ് വെര്‍ദ്. ഇതോടെ ആഫ്രിക്കയില്‍ നിന്നു യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായി കേപ്പ് വെര്‍ദ് മാറി. അള്‍ജീരിയ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ ടീമുകളാണ് ആഫ്രിക്കയില്‍ നിന്നു നേരത്തെ യോഗ്യത ഉറപ്പാക്കിയവര്‍. കേപ്പ് വെര്‍ദിന്റെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി.

ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്നത്. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ച് 43 ടീമുകളും ആതിഥേയ ടീമുകള്‍ നേരിട്ടും യോഗ്യത ഉറപ്പിക്കും. ശേഷിക്കുന്ന രണ്ട് ടീമുകള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത ഉറപ്പിക്കുക. ആറ് ടീമുകള്‍ പങ്കെടുക്കുന്നതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്.

യൂറോപ്പില്‍ നിന്നു 16 ടീമുകളാണ് ലോകകപ്പ് കളിക്കാനെത്തുക. ഏഷ്യയില്‍ നിന്നു 8 ടീമുകള്‍ നേരിട്ടും ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും. ആഫ്രിക്കയില്‍ നിന്നു 9 ടീമുകള്‍ നേരിട്ടെത്തും. ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും.

വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നായി മൂന്ന് ടീമുകള്‍ക്കു നേരിട്ടു യോഗ്യത കിട്ടും. (മൂന്ന് ആതിഥേയ രാജ്യങ്ങള്‍ക്കും പുറമേ) ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് 2 ടീമുകള്‍ക്കും അവസരം കിട്ടും. തെക്കേ അമേരിക്കയ്ക്ക് ആറ് നേരിട്ടുള്ള സ്ഥാനങ്ങളുണ്ട്. മറ്റൊരു ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് കളിക്കണം. ഓഷ്യാനിയ മേഖലയില്‍ നിന്നു ന്യൂസിലന്‍ഡ് നേരത്തെ സ്ഥാനമുറപ്പിച്ചു.

ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകള്‍

യുഎസ്എ, മെക്‌സിക്കോ, കാനഡ (ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ട്).

ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ.

ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍.

ഓഷ്യാനിയ: ന്യൂസിലന്‍ഡ്.

തെക്കേ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡല്‍ഹി: ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. കെഎം അഭിജിത്ത്, അബിന്‍ വര്‍ക്കി എന്നിവരെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

38കാരനായ ഒജെ ജനീഷ് എ ഗ്രൂപ്പുകാരനാണ്. സാമുദായിക സന്തുലനം കണക്കിലെടുത്താണ് തീരുമാനം. തൃശൂരില്‍ നിന്നുള്ള ഒജെ ജനീഷ് കെസി വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവ് കൂടിയാണ്. അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ കുടുങ്ങി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പദവി തെറിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കേണ്ടി വന്നത്.

ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാസ സമാധാനകരാറിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായാണ് ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.

രാവിലെ 11 മണിയോടെ തന്നെ ആദ്യഘട്ടമായി 7 പേരെ ഹമാസ് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടമായി 13 പെരെ കൂടി മോചിപ്പിച്ചത്. 20 ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ പിടികൂടിയ 1,900-ലധികം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് ബന്ധികളാക്കിയത്.

അതിനിടെ, ഇസ്രയേലിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് പോകും.

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: യു എ ഇയിലെ അൽ മംസാർ ബീച്ചിൽ ചത്ത പശുവിനെ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന്റെ ജഡം കെട്ടികിടന്നത് കൊണ്ട് പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ കുഴപ്പമുണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് സംഭവം നടന്നത്, ദുബൈയിലെ അൽ മംസാർ ബീച്ച് സന്ദർശിക്കാൻ എത്തിയവരാണ് പാറക്കെട്ടുകൾക്കിടയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ചാരികൾ അധികൃതരെ വിവരമറിയിച്ചു. ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അതിവേഗം സ്ഥലത്ത് എത്തുകയും ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.

സംഭവം വലിയ ചർച്ച വിഷയമായതോടെ ബീച്ച് സന്ദർശിക്കാൻ പലർക്കും ഭയമായി. പ്രത്യേകിച്ചും വെള്ളത്തിൽ ഇറങ്ങിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാകുമോ എന്ന പേടി ആയിരുന്നു പലർക്കും. എന്നാൽ ആശങ്കപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവുമില്ല.

കപ്പലിൽ പശുക്കളെ കൊണ്ട് പോകുന്നത് സാധാരണയാണ്. അതിൽ നിന്ന് ഒരു പശു കടലിൽ വീണതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും അധികൃതർ വ്യക്തമാക്കി.