‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ ഈ പ്രഖ്യാപനത്തോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യന്‍ എണ്ണ ഇടപാടിന്റെ പേരില്‍ ആയിരുന്നു ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ 12 ശതമാനത്തോളം ഇടിവാണ് ഇരട്ട താരിഫ് മൂലം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് ശ്രമം പുരോഗമിക്കെ ഇന്ത്യ ഇടപാടില്‍ നിന്നും പിന്‍മാറിയാല്‍ ആഗോള തലത്തില്‍ തന്നെ ഊര്‍ജ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ​ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തുന്നത്.

പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്‌, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്‌, ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

നാളെ ( വെള്ളിയാഴ്ച ) വൈകീട്ട് ആറരക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, എംഎ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.

മഹാഭാരതത്തിലെ ‘കർണൻ’; നടൻ പങ്കജ് ധീർ അന്തരിച്ചു

മഹാഭാരതത്തിലെ ‘കർണൻ’; നടൻ പങ്കജ് ധീർ അന്തരിച്ചു

മുംബൈ: പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവർന്നത്. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആരോ​ഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.

1988 ൽ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കർണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറർ ഷോ, കാനൂൻ തുടങ്ങിയ ടിവി സീരിയലുകളും സോൾജിയർ, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മൈ ഫാദർ ​ഗോഡ്ഫാദർ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവൻ ഹാൻസ് ശ്മശാനത്തിൽ നടക്കും.

ഇനി പഴയ പരിപാടി നടക്കില്ല; കൗമാര ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മെറ്റ

ഇനി പഴയ പരിപാടി നടക്കില്ല; കൗമാര ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മെറ്റ

കാലിഫോര്‍ണിയ: കൗമാരക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള പരാതി പ്രളയങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ടീന്‍ അക്കൗണ്ടുകളില്‍ മെറ്റ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മെറ്റയുടെ പുത്തന്‍ പോളിസി അനുസരിച്ച് പിജി-13 സിനിമ റേറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങള്‍ മാത്രമേ ഇന്‍സ്റ്റ കൗമര അക്കൗണ്ടുകളില്‍ ഇനി മുതല്‍ ദൃശ്യമാക്കുകയുള്ളൂ. ഇത് 18 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരുടെ ഇന്‍സ്റ്റ അക്കൗണ്ടുകളില്‍ ഡിഫോള്‍ട്ടായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണ്. അതായത്, 18 വയസിന് താഴെയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്ക് പിജി-13 റേറ്റിംഗ് ലഭിച്ച സിനിമകളില്‍ കാണാനാവുന്ന ഉള്ളടക്കങ്ങള്‍ മാത്രമേ പ്ലാറ്റ്‌ഫോമില്‍ ദൃശ്യമാവുകയുള്ളൂ.

ടീന്‍ അക്കൗണ്ടുകളില്‍ ഈ നിയന്ത്രണം എടുത്തു മാറ്റണമെങ്കില്‍ മാതാപിതാക്കള്‍ അതിന് അനുമതി നല്‍കണം. കൗമാരക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ആവശ്യമാണെന്ന് തോന്നുന്ന മാതാപിതാക്കളെ ലക്ഷ്യമിട്ട് പുതിയ സ്റ്റിക്‌ടര്‍ സെറ്റിംഗ് അവതരിപ്പിക്കുന്നതായും മെറ്റ പ്രഖ്യാപിച്ചു.

ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകളില്‍ കൂടുതല്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ടീന്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു വര്‍ഷമായി ഉള്ളടക്കങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇതിപ്പോള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് മെറ്റ. ‘ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കൗമാരക്കാരാണ് ടീന്‍ അക്കൗണ്ടുകള്‍ ഇന്‍സ്റ്റയില്‍ ഉപയോഗിക്കുന്നത്. കൗമാരക്കാർ പലരും ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ്, പ്രായപൂര്‍ത്തിയായവരെന്ന് അവകാശപ്പെട്ടാലും കൗമാരക്കാരില്‍ നിന്ന് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഞങ്ങൾ പ്രായ പ്രവചന സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നത്. ഒരു സംവിധാനവും 100 ശതമാനവും മികവുറ്റതല്ല എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഘട്ടം ഘട്ടമായി ഇന്‍സ്റ്റഗ്രാമിനെ പുതുക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. കൗമാരക്കാരെ സുരക്ഷിതരാക്കാന്‍ മെറ്റ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നും’- മെറ്റ വിശദീകരിച്ചു.

ഇന്‍സ്റ്റഗ്രാമിലെ 13+ നിയന്ത്രണത്തിന് കീഴില്‍ വരുന്ന അക്കൗണ്ടുകളില്‍ യൂസര്‍മാര്‍ക്ക് എല്ലാ ഉള്ളടക്കങ്ങളും ദൃശ്യമാവില്ല. ലൈംഗിക ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാം ഇത്തരം യൂസര്‍മാരില്‍ നിന്ന് നേരത്തെതന്നെ തടഞ്ഞിരുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം പതിവായി പങ്കിടുന്ന അക്കൗണ്ടുകളെ കൗമാരക്കാർക്ക് ഇനി പിന്തുടരാനും കഴിയില്ല. അവർ ഇതിനകം അത്തരം അക്കൗണ്ടുകൾ പിന്തുടരുന്നുണ്ടെങ്കിൽ, അവർക്ക് ഇനി അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ, അവരിൽ നിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, പോസ്റ്റുകൾക്ക് കീഴിലുള്ള കമന്‍റുകള്‍ കാണാനോ കഴിയില്ല. ചില സെര്‍ച്ച് വാക്കുകളും ഇന്‍സ്റ്റഗ്രാം തടയും. കൂടാതെ മെറ്റയുടെ എഐ ചാറ്റ്ബോട്ട് പ്രായത്തിന് അനുയോജ്യമല്ലാത്ത പ്രതികരണങ്ങൾ ഇന്‍സ്റ്റഗ്രാം കൗമാര ഉപയോക്താക്കള്‍ക്ക് നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.

കൂടുതല്‍ നിയന്ത്രണം വേണോ? അതുമുണ്ട്!
കൗമാര അക്കൗണ്ടുകളിലെ പുതിയ കണ്ടന്‍റ് നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ടീന്‍ അക്കൗണ്ട് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ വാട്ട് യു സീ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്‌ത് കണ്ടന്‍റ് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ 13+ ആണോ ഡിഫോള്‍ട്ടായി കിടക്കുന്നത് എന്ന് നോക്കുക. അല്ലെങ്കില്‍ 13+ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് ഉറപ്പുവരുത്തുക. കണ്ടന്‍റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 13+ന് തൊട്ടുമുകളിലായി കാണുന്ന ലിമിറ്റഡ‍് കണ്ടന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ എന്ത് കാണുന്നു എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഫീച്ചറാണ് ലിമിറ്റഡ് കണ്ടന്‍റ്. 13+ പോലെ തന്നെ ഇതിലും കമന്‍റുകളും മെസേജുകള്‍ക്കും നിയന്ത്രണമുണ്ട്. ഇന്‍സ്റ്റയില്‍ ആദ്യ ഘട്ടത്തില്‍ യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും എത്തിയിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ വരും മാസങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.

ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുൻപും ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് കോടതി അനുമതി നൽകി. ഈ മാസം 18നും 21നും ഇടയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ ആണ് അനുമതി. പടക്കങ്ങൾ പൊട്ടിക്കാൻ സമയക്രമവും കോടതി നിശ്ചയിച്ചു. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹരിത പടക്കങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിൽ പെട്രോളിംഗ് പരിശോധനകൾ നടത്തണം. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സുപ്രീംകോടതി നിർദേശം നൽകി. 18 നും 21 നും ഇടയിലെ AQI റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിക്കാനും നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നേരെ പിഴയീടാകുമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര പ്രതികരിച്ചു.

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

ലണ്ടൻ: ഇനി മുതൽ യു കെ സ്‌കിൽഡ് വിസ ലഭിക്കണമെങ്കിൽ ‘കട്ടിയേറിയ’ ഒരു ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണം. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘ എന്നാണ് പുതിയ പരീക്ഷയുടെ പേര്. യു കെ ഹോം ഓഫീസ് അംഗീകരിച്ച ഏജൻസിയാകും പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരി 8 മുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.

വർധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഭാഗമായി നിരവധി മാറ്റങ്ങളാണ് യു കെ സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി ആണ് പുതിയ പരീക്ഷയുടെ പ്രഖ്യാപനവും.

അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷയിലെ വായന,എഴുത്ത്,സംസാരം എന്നിവയുടെ നിലവാരം എ ലെവൽ അല്ലെങ്കിൽ പ്ലസ് ടുവിന് തുല്യമായ ബി 2 തലത്തിൽ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കൂ.

നിങ്ങൾ ഈ രാജ്യത്തേക്ക് വരണമെന്ന് ആഗ്രഹിക്കുണ്ടെങ്കിൽ ഞങ്ങളുടെ ഭാഷ പഠിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ജോലി നേടാൻ സാധിക്കുകയുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

രാജ്യത്തെക്ക് കടന്ന് വരാനും രാജ്യ പുരോഗതിക്ക് സംഭാവന നൽകുന്നവരെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യും. എന്നാൽ ഭാഷ പഠിക്കാതെ, നാടിന് ഒരു സംഭാവനയും നൽകാൻ കഴിയാത്ത കുടിയേറ്റക്കാർ ഇവിടെ വരുന്നത് അംഗീകരിക്കാനാവില്ല എന്നും അവർ വ്യക്തമാക്കി.

പുതിയ നീക്കത്തിലൂടെ യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷം 100,000 വരെ കുറയ്ക്കുമെന്ന് ആണ് അധികൃതരുടെ കണക്കുകൂട്ടൽ. ആശ്രിത വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കാര്യത്തിലും സമാനമായ നീക്കം വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡിഗ്രി തലത്തിലുള്ള കോഴ്സുകൾ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താനായി മുൻപ് രണ്ട് വർഷം സമയം അനുവദിച്ചിരുന്നു. അത് വെട്ടിച്ചുരുക്കി 18 മാസമാക്കും. ഈ തീരുമാനം 2027 ജനുവരി മുതൽ നടപ്പിലാകുമെന്നും അധികൃതർ അറിയിച്ചു.