ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല, വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ ആസൂത്രണം ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക. ഹരിയാനയില്‍ ഡിസംബര്‍ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

ചെന്നൈ: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നഴ്‌സുമാര്‍ സമരത്തിലാണ്. 2026 ജനുവരി പകുതിയോടെ 723 പേരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെടുത്തു; ജമ്മുവിൽ അതീവ ജാ​ഗ്രത

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെടുത്തു; ജമ്മുവിൽ അതീവ ജാ​ഗ്രത

ഡൽഹി: ജമ്മു കശ്മീരിൽ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽ നിന്ന് ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്കോപ്പ് കിട്ടിയത്. ഇതേത്തുടർന്ന് ജമ്മുവിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.

ഞായറാഴ്ചയാണ് കുട്ടിക്ക് ചൈനീസ് റൈഫിൾ സ്കോപ്പ് ലഭിക്കുന്നത്. കുട്ടി ഇതുപയോ​ഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് റൈഫിൾ സ്കോപ്പ് കണ്ടെത്തുന്നത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 575 ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകൾ. ഡിപ്ലോമ,ബിരുദം എന്നിവ ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02-01-2026.

ഒഴിവുകൾ & എണ്ണം (ഗ്രാജുവേറ്റ്, ടെക്നീഷ്യൻ)
മെക്കാനിക്കൽ എഞ്ചിനീയറിങ് – 151

ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 159
സിവിൽ എഞ്ചിനീയറിങ് – 49

ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 24

കെമിക്കൽ എഞ്ചിനീയറിങ് – 9

മൈനിംഗ് എഞ്ചിനീയറിങ് – 81

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് – 62

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 19

ഇൻഫർമേഷൻ ടെക്‌നോളജി – 6

മെഡിക്കൽ ലാബ് ടെക്‌നോളജി / മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി – 5

കാറ്ററിംഗ് ടെക്‌നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് – 5

ഫാർമസിസ്റ്റ് – 5

ആകെ ഒഴിവുകൾ: 575

യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ സർവകലാശാല നൽകുന്ന (ഫുൾ ടൈം) എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജി ബിരുദം.

അപേക്ഷകർ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും സ്വദേശികളായിരിക്കണം.

2021മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിവർ ആയിരിക്കണം.

സ്റ്റൈപ്പന്റ്
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹15,028/-

ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹12,524/-

കൂടുതൽ വിവരങ്ങൾക്ക് https://www.nlcindia.in/website/en/ സന്ദർശിക്കുക.

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

ഡല്‍ഹി: ഡിസംബര്‍ ആദ്യവാരത്തെ വ്യോമപ്രതിസന്ധിക്ക് പിന്നാലെ ഈ മാസം 26 മുതല്‍ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം ഇന്‍ഡിഗോ വിതരണം ചെയ്തുതുടങ്ങും. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും റീഫണ്ടിന് പുറമെ വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

പുറമെ ഇവര്‍ക്ക് പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചറും നല്‍കും. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍. അടുത്ത 12 മാസത്തിനുള്ളിലെ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താം.

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന കിരീടത്തിനായി ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും നേര്‍ക്കുനേര്‍. ഇന്ന് രാവിലെ 10.30 മുതലാണ് പോരാട്ടം. സെമിയില്‍ ഇന്ത്യ ശ്രീലങ്കയേയും പാകിസ്ഥാന്‍ ബംഗ്ലാദേശിനേയും വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്.

ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതിന്റെ ആത്മവിശ്വസവും ഇന്ത്യയ്ക്കു ബോണസായുണ്ട്. ബാറ്റിങ് കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌ഫോടനാത്മക തുടക്കമിടുന്ന 14കാരന്‍ വൈഭവ് സൂര്യവംശി, മൂന്ന് അര്‍ധ സെഞ്ച്വറികളുമായി നിറഞ്ഞു കളിക്കുന്ന മലയാളി താരം ആരോണ്‍ ജോര്‍ജ്, ഇരട്ട സെഞ്ച്വറി നേടി വിസ്മയിപ്പിച്ച അഭിഗ്യാന്‍ കുണ്ഡു, സെമിയില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയ വിഹാന്‍ മല്‍ഹോത്ര എന്നിവരെല്ലാം മിന്നും ഫോമില്‍. ബൗളിങില്‍ ദീപേഷ് ദേവേന്ദ്രന്‍, ഇടംകൈയന്‍ സ്പിന്നര്‍ ഖിലന്‍ പട്ടേല്‍, ഓഫ് സ്പിന്നര്‍ കനിഷ്‌ക് ചൗഹാന്‍ എന്നിവരാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍.

ടൂര്‍ണമെന്റില്‍ പാകിസ്ഥാനും മികച്ച രീതിയിലാണ് കളിക്കുന്നത്. അവര്‍ക്ക് ഒരേയൊരു തോല്‍വിയേ നേരിടേണ്ടി വന്നിട്ടുള്ളു ഫൈനല്‍ എത്തും വരെ. അത് ഇന്ത്യയോടായിരുന്നു. സെമിയില്‍ ബംഗ്ലാദേശിനെ അനായാസം വീഴ്ത്താന്‍ പാക് ടീമിനായി.

സമീര്‍ മന്‍ഹാസ്, ഹംസ ഷഹൂര്‍, ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. പേസര്‍ അബ്ദുല്‍ സുബ്ഹാന്റെ പ്രകടനം പാക് ടീമിന് നിര്‍ണായകമാണ്.