ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി, ‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞാണ് ഓപ്പറേഷന്‍ സിന്ദൂരിന് കീഴില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.

ഭീകരര്‍ 26 സാധാരണക്കാരെ വെടിവച്ചുകൊല്ലുകയും ഇരകളുടെ ഭാര്യമാര്‍ ദുരന്തത്തിന്റെ മുഖമായി മാറുകയും ചെയ്തതോടെ, ഭീകരര്‍ക്ക് നേരെയുള്ള പ്രതികാര നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ ഏറ്റവും ഉചിതമായ പേരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയില്‍ ചാര്‍ത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യന്‍ സ്ത്രീകള്‍ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.

പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണം നടത്തിയത്. അതില്‍ ജയ്ഷെ-ഇ-മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവല്‍പൂരും ലഷ്‌കര്‍-ഇ-തയ്ബയുടെ മുരിദ്‌കെയിലെ താവളവും ഉള്‍പ്പെടുന്നു.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെന്ന കാരണത്താല്‍ കുട്ടിയുടെ ടിസി നിരസിക്കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെന്ന കാരണത്താല്‍ കുട്ടിയുടെ ടിസി നിരസിക്കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മാതാപിതാക്കള്‍ക്കിടയില്‍ വിവോഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നുവെന്ന കാരണത്താല്‍ ഒരു സ്‌കൂളിന് കുട്ടിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

മറ്റൊരു സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്‌കൂളിന് നിഷേധിക്കാന്‍ കഴിയില്ല. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്കോ ഇന്‍ ചാര്‍ജിനോ എതിരെ അച്ചടക്ക നടപടി പോലും എടുക്കാം. ഇവിടെ കുട്ടിയുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടേറ്റിനും മോണ്ട് ഫോര്‍ട്ട് സ്‌കൂളിനും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അമ്മ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിതാവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കുട്ടി ഗുരുഗ്രാമില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. വേര്‍പിരിയലിനു ശേഷം കുട്ടിയുടെ അമ്മ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.

സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് കുട്ടിയുടെ പിതാവ് സ്‌കൂളിന് കത്തെഴുതുകയായിരുന്നു. ഇത് പ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അമ്മ വഴി കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.

പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുകയാണ് മലയാളികള്‍.

പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകിസ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകൾ.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലമുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ മറ്റൊരു പാകിസ്ഥാന്‍ മുക്കും, കൊല്ലത്ത് രണ്ടും പാകിസ്ഥാന്‍മുക്കുകളുണ്ട്.

മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശം എന്ന നിലയിലാണ് ഇതില്‍ ചിലതിനെങ്കിലും പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുണ്ടായത്. എന്നാല്‍ ഇതിലും ഭിന്നാഭിപ്രായങ്ങളുണ്ട്.

ഇന്ത്യ – പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

ഇന്ത്യ – പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കിടെ കലുഷിതമായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി. നിയന്ത്രണ രേഖയിലും ജമ്മു – കശ്മീര്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടിവെപ്പും ഷെല്ലാക്രമണമണവും നടന്നതായി റിപ്പോര്‍ട്ട്. പാക് പ്രദേശത്ത് നിന്നുണ്ടായ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പാക് പ്രകോപനത്തോട് ഇന്ത്യന്‍ സേന ശക്തമായി പ്രതികരിച്ചായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ലക്ഷ്യമിട്ട് ഷെല്ലാക്രമണം ഉണ്ടായതെന്ന് സൈന്യം അറിയിച്ചു. വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും നിരപരാധികളായ മൂന്ന് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുന്ന നിലയുണ്ടായിരുന്നു.

അതിനിടെ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആണ് ഇന്ത്യ ലക്ഷ്യം വച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.44-നായിരുന്നു. 1.24-ന് സൈന്യം സോഷ്യല്‍മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഒമ്പതിടങ്ങളിലെ ആക്രമണം.

മര്‍കസ് സുബ്ഹാന്‍ അല്ലാ ബഹവല്‍പൂര്‍, മര്‍കസ് തൈബ, മുരിദ്‌കെ, സര്‍ജല്‍ / തെഹ്റ കലാന്‍, മെഹ്മൂന ജോയ ഫെസിലിറ്റി, സിയാല്‍കോട്ട്. മര്‍കസ് അഹ്ലെ ഹദീസ് ബര്‍ണാല, ഭീംബര്‍. മര്‍കസ് അബ്ബാസ്, കോട്‌ലി. മസ്‌കര്‍ റഹീല്‍ ഷാഹിദ്, കോട്ലി ജില്ല. മുസാഫറാബാദിലെ ഷവായ് നല്ല കാം. മര്‍കസ് സയ്യിദ്ന ബിലാല്‍ എന്നിവിടങ്ങളിലാണ് ആക്രമണം.

‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി’; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി’; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനമെന്ന് രാമചന്ദ്രന്റെ മകള്‍

കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.”

ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിനെ കാണുന്നു. സൈനിക നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. പ്രധാനമന്ത്രിക്കും സൈന്യത്തിനും രാജ്യത്തിനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ് എന്നും ആരതി പ്രതികരിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; അതീവ ജാഗ്രത

ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; അതീവ ജാഗ്രത

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതര്‍ സൂചിപ്പിച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ജമ്മു കശ്മീര്‍ മേഖലയിലെ അടക്കം പത്തു വിമാനത്താവളങ്ങളാണ് അടച്ചിട്ടുള്ളത്.

ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് ഈ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ പുറപ്പെടലുകള്‍, വരവുകള്‍, കണക്റ്റിങ്ങ് വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്ഥിതി സംബന്ധിച്ച് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും മനസ്സിലാക്കി അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.