ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ

ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ

ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത്

ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം.

ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉള്ളത്. എല്ലാ ആയുധ സംവിധാന ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത കേന്ദ്രീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഡ്രോണുകള്‍, ശത്രുരാജ്യങ്ങളുടെ മറ്റു വ്യോമ ഭീഷണികള്‍ എന്നിവയുള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനത്തിന് തകര്‍ക്കാന്‍ സാധിക്കും. 300 മീറ്റര്‍ മുതല്‍ ആറ് കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഈ ആയുധ സംവിധാനത്തിന് നിര്‍വീര്യമാക്കാന്‍ കഴിയും. പുതിയ സംവിധാനം രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പരീക്ഷണ ദൃശ്യങ്ങള്‍ ഡിആര്‍ഡിഒ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

‘വളരെക്കാലമായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു’; ജന്മനാട്ടിലെത്തിയ ശുഭാംശുവിന് വന്‍ സ്വീകരണം

‘വളരെക്കാലമായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു’; ജന്മനാട്ടിലെത്തിയ ശുഭാംശുവിന് വന്‍ സ്വീകരണം

ലഖ്‌നൗ: ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ജന്മനാടായ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ എത്തി. ലഖ്നൗ വിമാനത്താവളത്തിലെത്തിയ ശുഭാംശുവിനെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്വീകരിച്ചു. കുട്ടികളുള്‍പ്പെടെയുള്ളവരുടെ വന്‍ ജനാവലി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഗോമതിനഗറിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ ശുഭാംശുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

വളരെക്കാലത്തിനുശേഷമാണ് മകനെ നേരിട്ട് കാണുന്നതെന്നും താന്‍ ഏറെ സന്തോഷത്തിലാണെന്നും ശുഭാംശുവിന്റ അമ്മ പറഞ്ഞു. ശുഭാംശുവിനെ സ്വീകരിക്കാന്‍ കുടുംബം മുഴുവന്‍ വിമാനത്താവളത്തില്‍ എത്തിയെന്നും അവര്‍ പറഞ്ഞു.

‘എന്റെ മകന്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. വളരെക്കാലത്തിനുശേഷം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കുടുംബം മുഴുവനും ശുഭാംശുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നു…’ അമ്മ എഎന്‍ഐയോട് പറഞ്ഞു. ഈ ദിവസത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു, വീട്ടിലേക്ക് മടങ്ങിവരുന്നതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നുമില്ലെന്നും ശുഭാംശു രാജ്യത്തെ നിരവധി കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.

‘എനിക്ക് വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. ഈ ദിവസത്തിനായി ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. ശുഭാംശു ഒടുവില്‍ ലഖ്നൗവിലേക്ക് വീട്ടിലേക്ക് വരുന്നു… ഇതാണ് ഏറ്റവും വലിയ നേട്ടം. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ അവിടെ ഉണ്ടാകും. ഇതിനേക്കാള്‍ സന്തോഷകരമായ മറ്റൊന്നില്ല. ശുഭാംശു കുട്ടികളെ പ്രചോദിപ്പിക്കുകയാണ്…’ സഹോദരി എഎന്‍ഐ യോട് പറഞ്ഞു. ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നാസ ആക്‌സിയം ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ജൂലൈ 15 നാണ് ശുഭാംശു ഭൂമിയിലെത്തിയത്.

ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായകം, ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഇന്ന്

ഗഗന്‍യാന്‍ ദൗത്യത്തില്‍ നിര്‍ണായകം, ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് ഇന്ന്

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ ആണ് പരീക്ഷണം.

ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി) എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍, 4,000-4500 കിലോഗ്രാം ഭാരമുള്ള (ഗഗന്‍യാന്‍ ബഹിരാകാശയാത്രികനെ വഹിക്കുന്ന കാപ്‌സ്യൂള്‍) കാപ്‌സ്യൂളിന് സമാനമായ ഭാരം വഹിക്കുകയും ഏകദേശം 4,000 മീറ്റര്‍ (4 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ത്തുകയും പിന്നീട് കടലിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്ന നടപടിയാണ് പരീക്ഷിക്കുന്നത്. വ്യോമ സേനയുടെ ഐഎഎഫ് ബോയിങ് സിഎച്ച്-47 ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കെടുക്കും.

കാപ്‌സ്യൂള്‍ ഭുമി ലക്ഷ്യമാക്കി പതിക്കുമ്പോള്‍ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് വേഗം കുറയ്ക്കുന്ന പരീക്ഷണമാണ് നടത്തുന്നത്. സുരക്ഷിതമായ സ്പ്ലാഷ്ഡൗണ്‍ ലാന്‍ഡിങ്ങിന്റെ സാഹചര്യമാണ് പരീക്ഷിക്കുന്നത്. കാലാവസ്ഥയും മറ്റ് സാങ്കേതി സാഹചര്യങ്ങളും അനൂകൂലമായാല്‍ ഇന്ന് പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നിരവധി തവണ മാറ്റിവച്ച പരീക്ഷണമാണ് ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവി വി നാരായണന്‍ ഓഗസ്റ്റ് 21 ന് ഇക്കാര്യം അറിയിച്ചത്.

Summary

ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍

ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്: വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍

മംഗലാപുരം: ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ അറസ്റ്റില്‍. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെളിപ്പെടുത്തല്‍ വ്യാജമാണെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.

വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാള്‍ നല്‍കിയ രേഖകളും വസ്തുതാപരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

1995 മുതല്‍ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന താന്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഇവരില്‍ പലരും ലൈംഗികമായ ഉപദ്രവിക്കപ്പെട്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

വെളിപ്പെടുത്തല്‍ സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നിലും ഇയാള്‍ മൊഴി നല്‍കി.

വെളിപ്പെടുത്തല്‍ വന്‍ രാഷ്ടീയ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍മസ്ഥലയില്‍ സ്ഥലം കുഴിച്ചു പരിശോധന നടത്തിയിരുന്നു.

രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക

രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക

ഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല.

വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം വാഹനങ്ങള്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 1 മുതല്‍ നിരക്ക് ഉയര്‍ത്തി കേന്ദ്രം ഉത്തരവിട്ടെങ്കിലും കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ ഈ നിരക്ക് വാങ്ങുന്നില്ല. അധിക നിരക്ക് ഈടാക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അധികതുക നല്‍കാമെന്ന സത്യവാങ്മൂലത്തോടെയാണ് ഉടമകളില്‍ നിന്ന് പഴയ നിരക്ക് ഈടാക്കുന്നത്.

അതേസമയം നിലവിലുള്ള ഉയര്‍ന്ന നികുതിക്ക് പുറമേയാണ് ഫീസും കേന്ദ്രം കുത്തനെ കൂട്ടിയിരിക്കുന്നത്. പഴയ വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. 15 മുതല്‍ 20 വര്‍ഷം വരെയുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നിരക്ക് തുടരും.

നിലവില്‍ പഴയ നിരക്ക് ഈടാക്കുന്ന കേരളം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പുതിയ നിരക്ക് ഈടാക്കിയാല്‍ ഭാരം കുത്തനെ കൂടും. മറ്റ് സംസ്ഥാനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ ഈടാക്കുമ്പോള്‍ കേരളം 300 രൂപയാണ് ഈടാക്കുന്നത്. 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് ഒറ്റയടിക്ക് 2000 രൂപ കൂടും.

രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസിലെ മാറ്റം ഇങ്ങനെ

ഇരുചക്രവാഹനം- 300 രൂപ(കേരളം ഈടാക്കുന്നത്), 2000 രൂപ(20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

മുച്ചക്രവാഹനം- 600 രൂപ(കേരളം ഈടാക്കുന്നത്), 5000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

കാര്‍- 600 രൂപ(കേരളം ഈടാക്കുന്നത്), 10000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

ഇറക്കുമതി ചെയ്ത ഇരുചക്ര/മുച്ചക്രവാഹനം – 2500 രൂപ(കേരളം ഈടാക്കുന്നത്),20,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

ഇറക്കുമതി ചെയ്ത നാലുചക്ര വാഹനം-5000 രൂപ(കേരളം ഈടാക്കുന്നത്), 80,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

മറ്റുവാഹനങ്ങള്‍- 3000 രൂപ (കേരളം ഈടാക്കുന്നത്), 12,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.