by Midhun HP News | Aug 27, 2025 | Latest News, ദേശീയ വാർത്ത
ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.
പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും.

പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു.
എല്ലാ മുന്‍സിപ്പല്‍ ബോഡികളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. നായകളുടെ വന്ധ്യംകരണം, പേവിഷ വാക്‌സിന്‍, തുടങ്ങിയവ എല്ലാ നഗരങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പിടികൂടുന്ന തെരുവു നായകളെ വന്ധ്യംകരിച്ച്, വാക്‌സിനും നല്‍കിയ ശേഷം അതേ സ്ഥലത്ത് തന്നെ തുറന്നു വിടും. സുതാര്യത ഉറപ്പു വരുത്തുന്നതിനായി എബിസി സെന്ററുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും.
പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് നായ്ക്കളെ പിടികൂടാന്‍ അനുമതി ഉള്ളത്. അതുപോലെ 6 മാസത്തില്‍ താഴെയുള്ളവയെ വന്ധ്യംകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമങ്ങളുടെ മേല്‍ നോട്ടത്തിന് മൃഗ സംരക്ഷണ പ്രവര്‍ത്തകരെയും എന്‍ജിഒ അംഗങ്ങളെയും ഏല്‍പ്പിക്കും. നായ്ക്കളെ പിടികൂടുന്നതിന് ഒന്നിന് 200 രൂപയും വന്ധ്യംകരണത്തിന് 1450 രൂപയുമാണ് മൃഗ സംരക്ഷണ വകുപ്പ് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.


by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ഇന്ത്യൻ യുവതിയുടെ വയറ്റിൽ നിന്നും 14.5 കിലോ ഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ദുബൈയിലുള്ള സ്വകര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ യുവതിയുടെ ഭാരം 75 കിലോയിൽ നിന്ന് 60 ആയി കുറഞ്ഞു.
30 വയസുള്ള ഇന്ത്യൻ യുവതി വണ്ണം കുറയ്ക്കാനായി വിവിധ തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ചു വരിക ആയിരുന്നു. അതിനിടെയാണ് യുവതിയുടെ വയർ ദിവസേന വലുതായി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ യുവതി ഇത് കാര്യമാക്കിയില്ല. 2022 ൽ ഇവർ നടത്തിയ സ്കാനിങ്ങിൽ വയറിൽ എന്തോ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.

എന്നാൽ അത് എന്തെങ്കിലും തരത്തിലുള്ള സ്കാനിങ്ങിലെ പിഴവാണ് എന്ന് കരുതി അവർ തുടർ പരിശോധന നടത്തിയില്ല. ഒടുവിൽ ശ്വാസ തടസ്സമടക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് ഇവർ ഡോക്ടറെ സമീപിച്ചത്.
തുടർന്ന് ഡോക്ടർമാർ സ്കാനിംഗ് നടത്താൻ തീരുമാനിച്ചു. ആദ്യം നടത്തിയ സ്കാനിങ്ങിൽ 37 സെന്റി മീറ്റർ വലിപ്പമുള്ള വയർ മുഴുവൻ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള മുഴ കണ്ടെത്തി. വിശദമായി പരിശോധിക്കാനായി എം ആർ ഐ സ്കാനിങ് നടത്തി. അതിലൂടെ ഇതൊരു പാരാഓവറിയൻ ട്യൂമർ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
പക്ഷെ, ഡോക്ടർമാർക്ക് മുന്നിൽ വലിയ ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. മുഴ വയറ്റിനുള്ളിൽ വെച്ചു പൊട്ടിയാൽ അതുനുള്ളിൽ കാൻസർ ഉണ്ടെങ്കിൽ വയറ്റിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ വിലയിരുത്തി. അത് കൊണ്ട് ശാസ്ത്രക്രിയക്കായി പ്രത്യേക മുൻകരുതലുകൾ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മുഴ മറ്റൊരു അവയവത്തോടും ചേർന്ന് ആയിരുന്നില്ല ഉണ്ടായിരുന്നത്. അതിനാൽ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം യുവതിയെ നിരീക്ഷത്തിൽ വെച്ചിരുന്നു. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർക്ക് ബോധ്യപ്പെട്ടതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. വയറ്റിൽ നിന്ന് മുഴ നീക്കിയതിലൂടെ തനിക്ക് വലിയ ആശ്വാസമായെന്നും ഇപ്പോൾ പഴയത് പോലെ ശ്വസിക്കാൻ ആകുന്നുണ്ടെന്നും യുവതി പറഞ്ഞു.

by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയുടെ ‘മാസം’ പദ്ധതിയുടെ ഭാഗമായി യെമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 828 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു.
783 അൺഎക്‌സ്‌പ്ലോഡഡ് ഓർഡനൻസുകളും, 42 ആന്റി-ടാങ്ക് മൈൻസും, രണ്ട് ആന്റി-പേഴ്‌സണൽ മൈൻസും, ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസു (IED) മാണ് കണ്ടെത്തിയത്. 2018-ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 5,11,355 മൈനുകൾ നീക്കം ചെയ്തതായി ‘മാസം’ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ ഉസാമ അൽ-ഗോസൈബി അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും വയോധികരെയും ലക്ഷ്യമാക്കി ആണ് ബോംബുകൾ സ്ഥാപിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാരിബ്, എഡൻ, ജോഫ്, ഷാബ്വ, താഇസ്, ഹുദെയ്ദ, ലാഹജ്, സന, അൽ-ബൈദ, അൽ-ധലേ, സഅദ എന്നീ പ്രദേശങ്ങളിലാണ് നിലവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായുള്ള നടപടികൾ പുരോഗമിക്കുന്നത്.

‘മാസം’ പദ്ധതിയിലൂടെ തദ്ദേശീയരായ ആളുകൾക്ക് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൈനുകൾ നിർവീര്യമാക്കാൻ പരീശീലനം നൽകുന്നുണ്ട്. പൗരന്മാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനായി യെമനിലെ റോഡുകൾ, സ്കൂളുകൾ,ഗ്രാമങ്ങൾ എന്നിവ മൈൻ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും, കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും എഐസിസി വിലയിരുത്തുന്നു.

സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് ആരോപണങ്ങള്‍ ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി മാറിയിരുന്നു. ബിജെപി ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കി രംഗത്തു വന്നിരുന്നു. വോട്ടു ചോരി ക്യാംപെയ്‌നുമായി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ, കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി നേതൃത്വം വിലയിരുത്തുന്നു.

നിരപാധിത്വം തെളിയിക്കാത്ത പക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു പരിഗണനയും പാര്‍ട്ടിയില്‍ നിന്നും നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കളെ എഐസിസി അറിയിച്ചു. പാര്‍ട്ടി തലത്തില്‍ രാഹുലിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നല്‍കേണ്ടതില്ല. കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോകണമെന്നുമാണ് അറിയിച്ചത് എന്നാണ് സൂചന. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ എഐസിസി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

by Midhun HP News | Aug 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു.
റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പ്പര്യവും സാമ്പത്തിക താല്‍പ്പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ- റഷ്യ ബന്ധം മുന്നോട്ടു പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിനയ് കുമാറിന്റെ പ്രസ്താവന. അധിക തീരുവ കൂടി നിലവില്‍ വരുന്നതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ്, വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കിയത്. ഡല്‍ഹി വിലകുറഞ്ഞ റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചത് യുഎസുമായുള്ള ബന്ധത്തെ വഷളാക്കുകയും വ്യാപാര കരാര്‍ ചര്‍ച്ചകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.


by Midhun HP News | Aug 25, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു : ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പരകള്‍ നടന്നെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തലാണ് രാജ്യത്തെ ഞെട്ടിച്ചത്. ഇതിനു പിന്നാലെ ധര്‍മ സ്ഥലയിലെ ക്ഷേത്രത്തിലെത്തിയ മകളെ കാണാനില്ലെന്ന പരാതിയുമായി സുജാത ഭട്ടെന്ന വയോധിക രംഗത്തെത്തിയതും ആരോപണത്തിന് തീവ്രത വര്‍ധിപ്പിച്ചു.

ധര്‍മസ്ഥലയില്‍ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കു വഴങ്ങി നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു. നീണ്ട നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരുടേയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചിന്നയ്യയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിനൊപ്പം അയാളെപ്പറ്റിയും പൊലീസ് സമാന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നു.
ചിന്നയ്യയുടെ മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ് കൊലപാതക പരമ്പരകളെപ്പറ്റിയുള്ള വാദങ്ങള്‍ പൊളിച്ചത്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടേതെന്ന് പറഞ്ഞ് കൈമാറിയ തലയോട്ടി, മറ്റൊരിടത്തു നിന്നും സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങള്‍ക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. ചിന്നയ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

1998–2014 കാലഘട്ടത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്നാണ് അസ്ഥിഭാഗങ്ങൾ കിട്ടിയത്. ഇതിന്റെ ഫൊറൻസിക് റിപ്പോർട്ടും തുടരന്വേഷണത്തിൽ നിർണായകമാകും. അതിനിടെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന പരാതി കളവായിരുന്നുന്നെന്ന് വയോധിക സുജാതാ ഭട്ട് വ്യക്തമാക്കി. അങ്ങനെ ഒരു മകളേ തനിക്കില്ലെന്നും, ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് പരാതി നൽകിയതെന്നും, ധർമസ്ഥലയോടും ജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും സുജാത ഭട്ട് വെളിപ്പെടുത്തിയിരുന്നു.

Recent Comments