സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

സ്മാര്‍ട്ട് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; 28 ആപ്പുകളില്‍ സ്പാര്‍ക്ക്കാറ്റ് വൈറസ്, മുന്നറിയിപ്പ്

ഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും.

കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും ഒന്നിലധികം ആപ്പുകളില്‍ കാണപ്പെടുന്ന അപകടകരമായ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കിറ്റ് ആണ് സ്പാര്‍ക്ക്കാറ്റ്. ഉപയോക്താക്കളുടെ ഡിവൈസുകളിലുള്ള ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഈ മാല്‍വെയര്‍ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുന്നു. നിങ്ങള്‍ അറിയാതെ ഒരു വൈറസുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലാകാം.

സ്പാര്‍ക്ക്കാറ്റ് വൈറസ് ബാധിച്ച ആപ്പുകള്‍

18 ആന്‍ഡ്രോയിഡ് ആപ്പുകളിലും 10 ഐഒഎസ് ആപ്പുകളിലും ഈ മാല്‍വെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആപ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംശയാസ്പദമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് വിദഗ്ധ നിര്‍ദേശം.

എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കാം?

അജ്ഞാത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, നല്ല റിവ്യൂ ഉള്ള വിശ്വസനീയ ഉറവിടങ്ങളില്‍ നിന്നുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ആപ്പുകള്‍ക്ക് നിങ്ങളുടെ സ്റ്റോറേജിലേക്കോ കാമറയിലേക്കോ അനാവശ്യമായ ആക്സസ് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് ഒളിവാക്കുക

നിങ്ങളുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുക- പതിവ് അപ്ഡേറ്റുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും

മികച്ച ആന്റിവൈറസുകള്‍ ഉപയോഗിക്കുക: ആന്റിവൈറസുകള്‍ മാല്‍വെയറുകളെ തടയും

ക്രിപ്റ്റോ വാലറ്റ് വിവരകള്‍ ഒരിക്കലും സ്‌ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കരുത്.

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി നിരക്കു കുറച്ച് ആര്‍ബിഐ, വായ്പാ പലിശ താഴും

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി നിരക്കു കുറച്ച് ആര്‍ബിഐ, വായ്പാ പലിശ താഴും

മുംബൈ: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകളില്‍ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ പണ വായ്പാ അവലോകനം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. 2020 മെയ് മാസത്തിനു ശേഷം ആദ്യമായാണ് നിരക്കില്‍ കുറവു വരുത്തുന്നത്.

സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണ വായ്പാ അവലോകനത്തിലാണ് നിരക്കില്‍ കുറവു വരുത്താനുള്ള തീരുമാനം. ഏകകണ്ഠമായാണ് മോണിറ്ററി പോളിസി കമ്മിറ്റി നിരക്കു കുറയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് മല്‍ഹോത്ര പറഞ്ഞു.

തളര്‍ച്ച ബാധിച്ച സമ്പദ് രംഗത്ത പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ആര്‍ബിഐ നടപടി. ബജറ്റില്‍ ആദായ നികുതി ഇളവു പരിധി ഉയര്‍ത്തിയതിനു പിന്നാലെ പലിശ നിരക്കില്‍ കുറവ് വരുത്തിയതിലൂടെ വിപണിയില്‍ കൂടുതല്‍ പണമെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശനിയാഴ്ച യുപിഐ സേവനം തടസ്സപ്പെടും; മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ശനിയാഴ്ച യുപിഐ സേവനം തടസ്സപ്പെടും; മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ഡല്‍ഹി: ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ശനിയാഴ്ച (ഫെബ്രുവരി 8) കുറച്ചു മണിക്കൂറുകള്‍ നേരം യുപിഐ സേവനം ലഭ്യമാകില്ല എന്നതാണ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ അപ്‌ഡേറ്റ്.

അന്നേ ദിവസം പുലര്‍ച്ചെ 12 മണി മുതല്‍ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ യുപിഐ സേവനം പ്രവര്‍ത്തനരഹിതമാകും. സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായാണ് കുറച്ചുമണിക്കൂറുകള്‍ സേവനം തടസ്സപ്പെടുന്നത്. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണം അയയ്ക്കാന്‍ കഴിയില്ലെന്നും ബാങ്ക് അറിയിച്ചു.

പ്രവര്‍ത്തനരഹിതമായ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടും

ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടും

ദുബായ്: യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടുമെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദർശകർക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താൽക്കാലിക അടച്ചിടലെന്ന് ഇമാർ പ്രോപ്പർട്ടീസ് അധികൃതർ അറിയിച്ചു.ഈ വർഷം മെയ് മുതലാണ് ഫൗണ്ടൻ അടച്ചിടുന്നത്. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും സമീപത്തായി ഡൗൺ ടൗണിലാണ് ദുബായ് ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ജലവും പ്രകാശവും സം​ഗീതവും സമന്വയിപ്പിച്ചുള്ള ജല നൃത്തം കാണാനായി ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെ എത്തുന്നത്.

വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയില്‍ ഇടിവ്

വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയടെ വ്യാപാരം അവസാനിച്ചത്. വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. കൂടാതെ വെള്ളിയാഴ്ച പണ വായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ സ്വാധീനിച്ചു. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 78000ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്നലെ 300ലധികം പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സെക്ടറിലെ നഷ്ടമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. ഇന്ന് ഓട്ടോ കമ്പനികളാണ് നഷ്ടം നേരിടുന്നത്.

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ

ദില്ലി: കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍റെ വെളിപ്പെടുത്തൽ. അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്ന് യുഎസ് സൈനിക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയ ജസ്പാൽ സിങ് പറഞ്ഞു. അതേസമയം വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ ഇന്ത്യക്കാരുടേതല്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിങ്. അമൃത്സറിൽ ഇറങ്ങിയതിന് ശേഷം മാത്രമാണ് വിലങ്ങ് അഴിച്ചുമാറ്റിയതെന്ന് ജസ്പാൽ പറഞ്ഞു. 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 104 ഇന്ത്യക്കാരുമാണ് യുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപ് സ്വന്തം ശക്തി കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമർശനം. അത് ഇന്ത്യ വകവച്ചു കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. വിഷയം പാർലമെൻറിൽ ഉന്നയിക്കാൻ നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം.
അതേസമയം അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ തള്ളിക്കളഞ്ഞു. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്ന് കേന്ദ്ര സ‍ർക്കാ‍രിന് കീഴിൽ പ്രവ‍ർത്തിക്കുന്ന പിഐബി വിശദീകരിച്ചു.

ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്. അമേരിക്ക – മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂ‍ർ യാത്ര ചെയ്ത ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്.