by Midhun HP News | Jun 21, 2025 | Latest News, ദേശീയ വാർത്ത
ജനീവ: ഇസ്രയേല്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ആണവ ചര്‍ച്ചകള്‍ക്കുള്ള യുഎസ് സമ്മര്‍ദം തള്ളി ഇറാന്‍. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്‍ നിലപാട് കടുപ്പിക്കുന്നത്.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലാണ് യുഎസിനുള്ള മറുപടി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ആയിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ചര്‍ച്ച. കൂടിക്കാഴ്ചയില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുറോപ്യന്‍ നേതാക്കള്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയ ശേഷം മാത്രം പരിഗണിക്കാമെന്ന് ഇറാന്‍ നിലപാട് അറിയിച്ചത്.
അതിനിടെ, ഇസ്രയേലിന് എതിരായ ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കകം വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നും ട്രംപ് നിര്‍ദേശിച്ചു. ഇറാനുമായി ചേര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നയതന്ത്ര ശ്രമങ്ങളെയും ട്രംപ് തള്ളി. വേണ്ടിവന്നാല്‍ സംഘര്‍ഷത്തിലെ യുഎസ് ഇടപെടല്‍ നേരത്തെയാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.
by Midhun HP News | Jun 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത്.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്ര മുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് തുക മടക്കിനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഡല്‍ഹിയിലേക്ക് പോകാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
by Midhun HP News | Jun 20, 2025 | Latest News, ദേശീയ വാർത്ത
ആൽബെർട്ട: കാനഡയില്‍ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യന്‍ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ ടാന്യ ത്യാഗി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്. മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്നു സമൂഹമാധ്യമത്തിൽ പലരും പ്രചരിപ്പിക്കുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ മാസമാണ് ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകളും കാനഡയിൽ വിദ്യാര്‍ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിനു പിന്നിലും എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ അധികൃതർക്ക് ആയിട്ടില്ല.
by Midhun HP News | Jun 20, 2025 | Latest News, ദേശീയ വാർത്ത
അമരാവതി: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യോഗാദിനാഘോഷം നടക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 6:30 മുതല്‍ രാവിലെ 8:00 വരെ നടക്കുന്ന പരിപാടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്തുടനീളം ഒരുലക്ഷം സ്ഥലങ്ങളില്‍ ‘യോഗാ സംഗം’ പരിപാടി സംഘടിപ്പിക്കും. അന്താരാഷ്ട്ര യോഗാദിനത്തിന്റെ പതിനൊന്നാം വര്‍ഷത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും യോഗ എത്തിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
‘യോഗ ഒരൊറ്റ ഭൂമിയ്ക്ക്, ഒരൊറ്റ ആരോഗ്യത്തിന്’ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം. കാല്‍ലക്ഷത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ 108 മിനിറ്റ് നേരം സൂര്യനമസ്‌കാരം അവതരിപ്പിക്കും. ഒരേസമയം ഇത്രയധികം പേര്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിലും റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന പരിപാടിയില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയൂഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പങ്കെടുക്കും. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗദിനത്തില്‍ പങ്കെടുക്കാന്‍ രണ്ടുകോടിയിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
യോഗയെ ജീവിതചര്യയാക്കി മാറ്റുംവിധം 100 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഇക്കുറി സംഘടിപ്പിക്കുന്നത്. അറുപതിലേറെ വിദേശരാജ്യങ്ങള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jun 20, 2025 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ അടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ച് ഇറാന്‍. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീളുമ്പോള്‍, ഇതാദ്യമായാണ് ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു.
ഇറാനുമേല്‍ ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 639 ആയി ഉയര്‍ന്നു. ഏതാണ്ട് 1350 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 24 പേരും മരിച്ചു. ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാന്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ആശുപത്രി ആക്രമിച്ചതിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും കഴിഞ്ഞ 13ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി പലവട്ടം ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം നിർത്താതെ ഇറാൻ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് അരാഗ്ചി സ്വീകരിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനീവയില്‍ നാളെ നിർണായക യോഗം നടക്കും. ബ്രിട്ടന്‍, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യോഗം വിളിച്ചത്. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും.
അതിനിടെ ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ആക്രമണത്തിനു ശക്തി കുറയ്ക്കണമെന്നും നയതന്ത്രത്തിന്റെ വഴി തേടണമെന്നും മേർട്സ് ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നതിനിടയിലും ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. സൈനിക നടപടിയുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രംപ് തീരുമാനം എടുത്തേക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
by Midhun HP News | Jun 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. ഇക്കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഡല്‍ഹി-നെയ്റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
Recent Comments