by Midhun HP News | Jun 12, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍ നായര്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപകുമാരന്‍ നായര്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത യുകെയില്‍ ജോലിക്ക് പോകുകയായിരുന്നു.
വിമാനത്തില്‍ 104 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍, 12 കുട്ടികള്‍, രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. സര്‍ര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
യാത്രക്കാരനായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.
അഹമ്മദാബാദിലെ വിമാനദുരന്തം അതിവ ദുഃഖകരമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രാഷ്ട്രപതി തന്റെ ചിന്തകളും പ്രാര്‍ഥനകളും ദുരിതബാധിതര്‍ക്കൊപ്പമാണെന്നും മുര്‍മു പറഞ്ഞു.
അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകള്‍ക്ക് അതീതമായി ഹൃദയഭേദകമാണിത്.
by Midhun HP News | Jun 12, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്.
വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു.
തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
by Midhun HP News | Jun 12, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐആർസിടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ജൂലായ് ഒന്നു മുതൽ പുതിയ അപ്ഡേറ്റ് നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഇതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താൽ മതി.
എന്നാൽ, ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. അംഗീകൃത ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്കും ബുക്കിംഗ് സമയത്ത് ഉപയോക്താവ് ഒടിപി നൽകണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും, എസി ഇതര ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയുമാണ് തൽക്കാൽ ബുക്കിംഗ് നടക്കുന്നത്. തത്കാൽ ബുക്കിംഗുകളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും അവശ്യക്കാർക്ക് മാത്രം തൽക്കാൽ സൌകര്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.
by Midhun HP News | Jun 11, 2025 | Latest News, ദേശീയ വാർത്ത
ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോനത്തെയും നാലു കൂട്ടാളികളെയും പിടികൂടിയതോടെ കേസ് തെളിയിച്ചിരിക്കുകയാണ് മേഘാലയ പൊലീസ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം മെയ് 25ന് സോനം ജന്മനാടായ ഇന്‍ഡോറില്‍ തിരിച്ചെത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം വാരാണസിയിലേക്ക് പോകുന്നതിന് മുന്‍പ് ഇന്‍ഡോറില്‍ എത്താനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
‘സോനം ഇന്‍ഡോറില്‍ എത്തി മെയ് 25 നും 27 നും ഇടയില്‍ ദേവാസ് നാക പ്രദേശത്തെ ഒരു വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇന്‍ഡോറില്‍ തിരിച്ചെത്തിയ സമയത്ത് കാമുകന്‍ രാജ് കുഷ്വാഹയെ കാണുകയും തുടര്‍ന്ന് ദേവാസ് നാകയ്ക്ക് സമീപമുള്ള ഒരു വാടക മുറിയില്‍ സോനത്തിന് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കിയതായും സംശയിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം രാജ് കുഷ്വാഹ സോനത്തെ ടാക്‌സിയില്‍ കയറ്റി വാരാണസിയിലേക്ക് അയച്ചു. തുടര്‍ന്ന്, ജൂണ്‍ 8-9 തീയതികളില്‍ പുലര്‍ച്ചെ 1:15 ഓടെ കിഴക്കന്‍ യുപിയിലെ നന്ദ്ഗഞ്ചില്‍ (ഗാസിപൂര്‍) വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ സോനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിച്ചിട്ടില്ല.’- പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജൂണ്‍ 8 ന് വാരാണസി ഐഎസ്ബിടിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ബസില്‍ സോനം കയറുകയും എന്നാല്‍ രാജ് കുഷ്വാഹയെയും മറ്റ് മൂന്ന് പേരെയും ഇന്‍ഡോറില്‍ ആ രാത്രിയില്‍ അറസ്റ്റ് ചെയ്തതായി അറിഞ്ഞപ്പോള്‍ ഏകദേശം 65 കിലോമീറ്റര്‍ സഞ്ചരിച്ച് നന്ദ്ഗഞ്ചിനടുത്തുള്ള ധാബയ്ക്ക് സമീപം ഇറങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വാരാണസി ഐഎസ്ബിടിയില്‍ ബസില്‍ കയറുന്നതിന് മുമ്പ് ഇവര്‍ രണ്ട് യുവാക്കളുമായി സംസാരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായും പൊലീസ് പറയുന്നു. രണ്ടാമത്തെ സാധ്യത കൃത്യമാണെങ്കില്‍, അവര്‍ എന്തിനാണ് ഗോരഖ്പൂരിലേക്ക് പോയത് എന്ന ചോദ്യവും പൊലീസിനെ വലയ്ക്കുന്നുണ്ട്.
മുന്‍പ്, ഒളിവില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ഗോരഖ്പൂറിനെയാണ് ആശ്രയിച്ചിരുന്നത്. പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൂചനകളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.
കൂടുതല്‍ അന്വേഷണത്തില്‍ രാജധാനി എക്‌സ്പ്രസ് വഴി ഡല്‍ഹിയില്‍ നിന്ന് മേഘാലയയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ മൂന്ന് സഹായികളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്ക് 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും (ഒരു കീപാഡ്, ഒരു ആന്‍ഡ്രോയിഡ്) രാജ് കുഷ്വാ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. മെയ് 20-23 കാലയളവില്‍ ഗുവാഹത്തിയില്‍ നിന്ന് രാജ രഘുവംശിയുടെ മരണം വരെ ദമ്പതികളെ കൂട്ടാളികള്‍ പിന്തുടരുമ്പോള്‍ സോനത്തില്‍ നിന്ന് തത്സമയ ലൊക്കേഷനും ഫോട്ടോകളും ആന്‍ഡ്രോയിഡ് ഫോണിന് ലഭിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മെയ് 23 ന് രാജയെ പിന്നില്‍ നിന്ന് തലയ്ക്ക് ആക്രമിച്ചതായി കൂട്ടുപ്രതി വിശാല്‍ സമ്മതിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ വിശാലിന്റെ ഇന്‍ഡോറിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചതായി ഇന്‍ഡോര്‍-മേഘാലയ സംയുക്ത അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പൂനം ചന്ദ് യാദവ് പറഞ്ഞു. വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെല്ലാം രാജ് കുഷ്വായുടെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലുടനീളം സോനം രാജ് കുഷ്വായുടെ അക്കൗണ്ടിലൂടെ ഇടപാടുകള്‍ നടത്തിയിരുന്നതായി ഡിജിറ്റല്‍ പേയ്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. കേസിലെ നാല് കൂട്ടുപ്രതികളും രാജ രഘുവംശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ കൊലപ്പെടുന്ന സമയത്ത് സോനം അവിടെ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Jun 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.
റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്. കാനഡയില്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തില്‍ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ രണ്ട് വീതം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.
by Midhun HP News | Jun 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
അതിനിടെ ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി.
നിഫ്റ്റി ഐടി, മീഡിയ, പൊതുമേഖ ബാങ്കുകള്‍ എന്നി സെക്ടറുകളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ ഓഹരികളാണ് പ്രധാനമായി മുന്നേറുന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തിലാണ്.
Recent Comments