by Midhun HP News | Mar 17, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് സൂചന. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. ഇതിനു മുന്നോടിയായി ഈ മാസം 30 ന് നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. മോഹന്‍ ഭാഗവത് അടക്കം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും.
ആര്‍എസ്എസ് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും നേതാക്കളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് മാസമോ ജൂണ്‍ ആദ്യവാരമോ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും. അതോടൊപ്പം പുതിയ ബിജെപി ദേശീയ അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍എസ്എസിന്റെ അഭിപ്രായം തേടുക, ആര്‍എസ്എസിന്റെ അനുഗ്രഹവും പിന്തുണയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പുറത്തുവിട്ടേക്കും. റഷിംബാഗിലെ സ്മൃതി ഭവനിലെത്തി ഹെഗ്‌ഡേവാറിന് ആദരം അര്‍പ്പിക്കുന്ന നരേന്ദ്രമോദി, ബുദ്ധകേന്ദ്രമായ ദീക്ഷാഭൂമിയും സന്ദര്‍ശിക്കും. സ്വകാര്യ നേത്രരോഗ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂല്യങ്ങള്‍ വളര്‍ത്തിയത് ആര്‍എസ്എസ്
ആര്‍എസ്എസ് പാരമ്പര്യവുമായുള്ള ബന്ധം ഒരു പദവിയാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസില്‍ നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം പഠിച്ചാലേ അതിന്റെ മഹത്വം മനസിലാക്കാനാവൂ എന്ന് നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സംഘം വലിയ സംഭാവനകളാണ് നല്‍കിയത്. ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ ‘ലോകത്തിലെ തൊഴിലാളികളെ ഒന്നിക്കൂ’ എന്ന് പറയുന്നു, അതേസമയം ആര്‍എസ്എസ് അനുബന്ധ തൊഴിലാളി യൂണിയന്‍ ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് പറയുന്നത്. സാമൂഹ്യ സേവനത്തിലെ ആര്‍എസ്എസ് പഠിപ്പിക്കുന്ന മൂല്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
by Midhun HP News | Mar 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും.
ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടിവന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നുണ്ട്. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിഎസ്ഇയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരികള്‍ 0.61 ശതമാനം ഉയര്‍ന്ന് 11,578.50 രൂപയായി.
by Midhun HP News | Mar 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ രൂപ വീണ്ടും 87ല്‍ താഴെ എത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 25 പൈസയുടെ നേട്ടത്തോടെ 86.80 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്ക തുടങ്ങി വെച്ച വ്യാപാരയുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി. 74,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലും മറികടന്നു. ഓട്ടോ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍.
by Midhun HP News | Mar 17, 2025 | Latest News, ദേശീയ വാർത്ത
ഫ്ലോറിഡ: കാത്തിരിപ്പനൊടുവില്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു.
സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികനുമൊപ്പമാണ് തിരിച്ചെത്തുന്നത്. സുനിതയും വില്‍മോറിനുമൊപ്പം നിക്ക് ഹേഗ്,അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ ക്രൂ-9 പേടകത്തിലേറിയാണ് ഭൂമിയിലേക്ക് മടങ്ങുക.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്ലെയിന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേര്‍ന്ന നാലംഗ ക്രൂ-10 സംഘം ഇന്നലെ ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.
by Midhun HP News | Mar 15, 2025 | Latest News, ദേശീയ വാർത്ത
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേർന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. പുതിയ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിക്കും.
മാർച്ച് 12 ന് ഫ്ലോറിഡയിൽ നിന്ന് ക്രൂ10 ദൗത്യം നടത്താൻ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം റോക്കറ്റിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. 9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.
by Midhun HP News | Mar 14, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. കാലതാമസം വന്നെങ്കിലും ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്ന് നാസ അറിയിച്ചിരുന്നു. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.
24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്.
Recent Comments