by Midhun HP News | Aug 16, 2024 | Latest News, ദേശീയ വാർത്ത
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തിരച്ചിൽ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു.
മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തിരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
by Midhun HP News | Aug 15, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോക്കോള്‍.
ചെങ്കോട്ടയിലെ സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരങ്ങള്‍ക്കൊപ്പം നാലാം നിരയിലാണ് രാഹുല്‍ഗാന്ധിക്ക് സീറ്റ് അനുവദിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിയെന്ന വിമര്‍ശനം ഉയര്‍ന്നത്.സര്‍ക്കാരിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് എന്ന പദവിയെ അപമാനിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം.

by Midhun HP News | Aug 15, 2024 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ഉദ്ധരിച്ചും യുവതിയുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
യുവ ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിന്ന് ഗണ്യമായ അളവില്‍ സ്രവം ലഭിച്ചിരുന്നു. ഇത് ബീജമാകാനാണ് സാധ്യത. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് 150 മില്ലിഗ്രാം സ്രവം കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
‘ ജനനേന്ദ്രിയത്തില്‍ നിന്ന് കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒരു വ്യക്തിയുടേതാകാന്‍ കഴിയില്ല. ഒന്നിലധികം ആളുകളുടെ പങ്കാളിത്തം ഇത് സൂചിപ്പിക്കുന്നു, ”ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറി ഡോ സുബര്‍ണ ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരയുടെ ശരീരത്തില്‍ നിന്ന് 150 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി മാതാപിതാക്കളുടെ ഹര്‍ജി ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബീജത്തിന്റെ അളവ് കൂട്ടബലാത്സംഗം എന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മകളുടെ നഗ്‌നശരീരത്തില്‍ കാലുകള്‍ ബലംപ്രയോഗിച്ച് നീട്ടിയതിന്റെ അടയാളങ്ങള്‍ കുറ്റകൃത്യത്തിന്റെ ഭയാനകത വ്യക്തമാക്കുന്നതാണെന്ന് യുവ ഡോക്ടറിന്റെ മാതാപിതാക്കള്‍ പറയുന്നു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ യുവതിയുടെ കണ്ണടയില്‍ നിന്ന് ഗ്ലാസ് കഷ്ണങ്ങള്‍ പൊട്ടി കണ്ണുകളിലേക്ക് തുളച്ചു കയറിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കല്‍ക്കട്ട ഹൈക്കോടതി കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയിരിക്കുകയാണ്.
by Midhun HP News | Aug 15, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്.
ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സാധിക്കും. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യം നേടാനാകുമെങ്കില്‍, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ എന്ത് നേടാനാകുമെന്ന് സങ്കല്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.
‘മുമ്പ്, ആളുകള്‍ മാറ്റം ആഗ്രഹിച്ചു, പക്ഷേ അവരുടെ അഭിലാഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഞങ്ങള്‍ ഭൂമിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു.പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താല്‍ക്കാലിക കൈയടിക്കോ നിര്‍ബന്ധങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ് . വികസിത ഭാരതത്തിനായുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ഭരണപരിഷ്‌കാരങ്ങള്‍, വേഗത്തിലുള്ള നീതിന്യായ സംവിധാനം, പരമ്പരാഗത മരുന്നുകള്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു’- മോദി പറഞ്ഞു.

യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കും. എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ വൈദ്യുതി എത്തണം. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ സ്മരിച്ചു. രാജ്യത്തെ സായുധ സേന മിന്നലാക്രമണവും വ്യോമാക്രമണവും നടത്തിയപ്പോള്‍ ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനം കൊണ്ടതായും മോദി പറഞ്ഞു.
by Midhun HP News | Aug 14, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത M4 റൈഫിള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഇന്നലെ വൈകീട്ടോടെയാണ് ഭികരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടിലിനിടെയാണ് ക്യാപ്റ്റന്‍ ദീപക് സിങ്ങ് വീരമൃത്യ വരിച്ചത്.
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണ് ജമ്മു മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

by Midhun HP News | Aug 14, 2024 | Latest News, ദേശീയ വാർത്ത
രാജ്യത്തെ നികുതികൾ പൂജ്യം ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഇന്ത്യ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതൊക്കെ മറികടന്നാൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാവുവെന്നും ധനമന്ത്രി പറഞ്ഞു.
വരുമാനം ഉണ്ടാക്കുകയാണ് തന്റെ ജോലിയെന്നും അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ റിസേർച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന.പാരീസ് ഉടമ്പടി നടപ്പാക്കാൻ പണം വരുന്നതിനായി ഇന്ത്യക്ക് കാത്തിരിക്കാനാവില്ല. സ്വന്തം പണം ഉപയോഗിച്ച് ഉടമ്പടി നടപ്പിലാക്കേണ്ടി വരും. ഇത് തന്നെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാണ്. എന്തുകൊണ്ടാണ് ഇത്രയും കൂടുതൽ നികുതി, ഇത് കുറക്കാത്തതെന്താണ് തുടങ്ങിയ ജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് താനാണ് ഉത്തരം പറയേണ്ടതെന്നും നിർമല സീതാരാമാൻ പറഞ്ഞു.
നികുതിയിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഗവേഷണത്തിനും വികസനത്തിനുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഗവേഷക വിദ്യാർഥികൾ ഇന്ത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കണം. ബി.എസ്.എൻ.എല്ലിൽ വൈകാതെ 5ജി സാങ്കേതികവിദ്യ ലഭ്യമാകും. പൂർണമായും പ്രാദേശികമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബി.എസ്.എൻ.എല്ലിൽ 5ജി നടപ്പാക്കുക.

Recent Comments