ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി

ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി

ഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവൂസ് കോച്ചിങ് സെന്റർ ഉടമ, കോർഡിനേറ്റർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290 and 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിനും മാനേജ്മെന്റിനും അവിടത്തെ ഡ്രെയിനേജിൻ്റെ അറ്റകുറ്റപ്പണിക്ക് ഉത്തരവാദികളായവർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. മരിച്ച മൂന്നു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞതായും, അവരുടെ വീടുകളിൽ വിവരം അറിയിച്ചതായും ഡിസിപി എം ഹർഷവർധൻ അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച മൂന്നു വിദ്യാർത്ഥികളിൽ ഒരാൾ മലയാളിയാണ്. എറണാകുളം സ്വദേശി നിവിൻ ഡെല്‍വിന്‍ (28) ആണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ത്ഥിയാണ് നിവിൻ. ഉത്തർപ്രദേശിലെ അംബേദ്കർ ജില്ലയിൽ നിന്നുള്ള ശ്രേയ യാദവ് (25), തെലങ്കാന സ്വദേശിനി തന്യ സോണി (25) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഓൾഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തി. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു. എഫ്ഐആറിന്റെ കോപ്പി പുറത്ത് വിടണം, സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മുന്നോട്ട് വെക്കുന്നത്. കെട്ടിടത്തിൽ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

സ്ഥലത്തെത്തിയ എഎപി എംപി സ്വാതിമലിവാളിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഭവം ഡൽഹി മുനിസിപ്പിൽ കോർപ്പറേഷന്റെ വീഴ്ചയെന്ന് സ്വാതി മലിവാള്‍ ആരോപിച്ചു. വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ കോർപ്പറേഷന് ഗുരുതര വീഴ്ച പറ്റിയെന്നും സ്വാതി കുറ്റപ്പെടുത്തി. എംപിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്വാതി ശ്രമം നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.

നീതി ആയോഗ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

നീതി ആയോഗ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

നീതി ആയോഗ് യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിന് എത്തിയത്. താന്‍ വിമര്‍ശനം ഉന്നയിച്ച് സംസാരിയ്ക്കുമ്പോള്‍ മൈക്ക് ഒഫാക്കിയതായി മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യമുന്നണിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മമതാ ബാനര്‍ജി നീതി ആയോഗ് യോഗത്തിന് എത്തിയത്. പ്രതിപക്ഷത്ത് നിന്നും പങ്കെടുക്കുന്ന എക മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പരിഗണന പ്രതീക്ഷിച്ചായിരുന്നു മമതയുടെ സാന്നിദ്ധ്യം. പക്ഷേ അതുണ്ടായില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ബജറ്റെന്ന വിമര്‍ശനം പറഞ്ഞപ്പോള്‍ തന്റെ മൈക്ക് ഒഫ് ചെയ്യപ്പെട്ടതായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം മമതാ ബാനര്‍ജി ആരോപിച്ചു.

നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് അധ്യക്ഷത വഹിക്കുന്നത്. കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ‘വികസിത ഭാരതം @ 2047’ രേഖയാണ് ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ 30 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദര്‍ശന രേഖയും യോഗം തയാറാക്കും.

കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ ജവാന് വീരമൃത്യു. ഏറ്റുമുട്ടലിൽ പാക് സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്

കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കാശ്മീരിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ നിരവധി സൈനികരാണ് വീരമൃത്യു വരിച്ചത്. അതേസമയം കുപ് വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമാണെന്ന് ഇന്ത്യൻ സേന പറഞ്ഞു. പാക് സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു.

2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം

2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം

പാരിസ്: ഭാവിയുടെ കുഞ്ഞു കരങ്ങള്‍ ഏന്തിയ ദീപ ശിഖ സെന്‍ നദിയിലൂടെ ഒഴുകി. തൊട്ടു പിന്നാലെ വിവിധ രാജ്യങ്ങളുടെ താരങ്ങള്‍ ബോട്ടുകളില്‍ നദിയിലൂടെ കടന്നു വന്നു. 2024 പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം.

ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി. ട്രോകാഡെറോയുടെ പൂന്തോട്ടമായ സെന്നിന്‍റെ തീരത്ത് ഒളിംപിക്സിന്‍റെ മറ്റൊരു അധ്യായത്തിനു മഴവില്‍ അഴകില്‍ ആരംഭം.

ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് അരങ്ങേറിയ ഗ്രീസിലെ മണ്ണില്‍ നിന്നു എത്തിയ പിന്‍മുറക്കാരായ താരങ്ങളാണ് ആദ്യം നദിയിലേക്ക് ബോട്ടില്‍ വന്നത്. പിന്നാലെ അഭയാര്‍ഥികളുടെ ഒളിംപിക്‌സ് പതാകയ്ക്ക് കീഴിലുള്ള ടീമും അഫ്ഗാനിസ്ഥാനും അല്‍ബേനിയയും അള്‍ജീരിയയും നിരനിരയായി നദിയിലേക്ക് ബോട്ടുകളിലെത്തി. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യ 84മതായാണ് എത്തുക. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിംപിക്സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് മൂന്ന് മണിക്കൂറോളം നീളുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

ബാങ്കു വഴി പണമിടപാട്: നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം; റിസര്‍വ് ബാങ്ക് നിര്‍ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.

വിവിധ ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുവഴി ലഭിച്ച പണം കൈമാറുന്നതിന് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് കെവൈസി നിബന്ധനകള്‍ കടുപ്പിക്കുന്നത്. ഏതു ബാങ്കിലാണോ പണമടയ്ക്കുന്നത്, ആ ബാങ്ക് പണം അയക്കുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ ഇടപാടുകളും ഒടിപി പോലുള്ള അധികസുരക്ഷാസംവിധാനം ഉപയോഗിച്ച് ഉറപ്പാക്കണം. നേരത്തേ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25,000 രൂപ വരെയാണ് അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണം അയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണം അയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

ഒടിപി വഴി സ്ഥിരീകരിക്കുന്ന മൊബൈൽ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മാത്രമല്ല, എൻഇഎഫ്ടി – ഐഎംപിഎസ് ഇടപാട് സന്ദേശങ്ങളിൽ പണം അയക്കുന്ന ആളുകളുടെ വിവരങ്ങൾ ബാങ്കുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് പണമായുള്ള കൈമാറ്റമാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. 2024 നവംബർ ഒന്നുമുതലാണ് ഇതു നടപ്പാക്കേണ്ടതെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിലെ ഹൈ സ്പീഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിലെ ഹൈ സ്പീഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായുമാണ് റി്പപോർട്ട്.

ട്രെയിൻ നെറ്റ് വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണ് നടന്നതെന്ന് ട്രെയിൻ ഓപറേറ്ററായ എസ്എൻസിഎഫ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കി. അറ്റകുറ്റപ്പണികൾ നടത്താൻ സമയമെടുക്കുമെന്നും എഎസ്എൻസിഎഫ് അറിയിച്ചു

തെക്കുകിഴക്കൻ മേഖലയെ ആക്രമണം ബാധിച്ചിട്ടില്ല. യാത്രകൾ മാറ്റിവെക്കാനും യറെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കാനും യാത്രക്കാരോട് അധികൃതർ അറിയിച്ചു. പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ എത്തി നിൽക്കവെ ഉണ്ടായ ആക്രമണത്തെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സർക്കാർ എടുത്തിരിക്കുന്നത്.