by Midhun HP News | Feb 27, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ച് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി. പരീക്ഷയില്‍ അഞ്ചു പെര്‍സന്റൈല്‍ സ്കോര്‍ നേടിയവര്‍ക്കെല്ലാം പിജി പ്രവേശനം നേടാം. കട്ട് ഓഫ് മാര്‍ക്ക് കുറച്ച തീരുമാനം മെഡിക്കല്‍ സയന്‍സ് പഠനവുമായി ബന്ധപ്പെട്ട ദേശീയ പരീക്ഷാ ബോര്‍ഡ് ആണ് പ്രഖ്യാപിച്ചത്.
ജനറല്‍, സാമ്പത്തിക പിന്നാക്കം, ഭിന്നശേഷി, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് എല്ലാം ഇത് ബാധകമാണ്. നേരത്തെ നീറ്റ് പിജി ഫലം പ്രഖ്യാപിച്ചപ്പോള്‍ പൊതുവിഭാഗത്തിന് 50 പെര്‍സന്റൈലും ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 45 പെര്‍സന്റൈലും സംവരണവിഭാഗങ്ങള്ക്ക് 40 പെര്‍സന്റൈലും സ്കോറായിരുന്നു കട്ട് ഓഫ്. ഇത് പിന്നീട് 15 പെര്‍സന്റൈല്‍ ആയി കുറച്ചു. നൂറ് കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കട്ട് ഓഫ് സ്കോര്‍ കുറയ്ക്കാന്‍ തീരുമാനിച്ചത്.
2024 ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച നീറ്റ് പിജി റാങ്കിലും പെര്‍സന്റൈല്‍ സ്കോറിലും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
by Midhun HP News | Feb 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വരുന്ന അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത വിഷയങ്ങള്‍/ പേപ്പറുകള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും.
2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതല്‍ 20 വരെയായി രണ്ടാംഘട്ടവും പരീക്ഷ നടത്തുമെന്ന് കരടു മാര്‍ഗരേഖ വ്യക്തമാക്കുന്നു. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക. ഇതോടെ രണ്ട് പേപ്പറുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. നിലവിലുള്ള ഇടവേളകളേക്കാള്‍ വളരെ കുറവാണ്. നിലവില്‍ അഞ്ച് അല്ലെങ്കില്‍ 10 ദിവസം വരെ ഇടവേള ലഭിക്കാറുണ്ട്.
ആദ്യഘട്ട പരീക്ഷയുടെ ഫലം ഏപ്രില്‍ 20നും രണ്ടാംഘട്ട ഫലം ജൂണ്‍ 30നും പ്രഖ്യാപിക്കുമെന്നാണു നിലവിലെ വിവരം. രണ്ടാംഘട്ട പരീക്ഷ എല്ലാവര്ക്കും നിര്‍ബന്ധമില്ല. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എഴുതിയാല്‍ മതിയാകും. ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോര്‍ഡ് പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല. രണ്ട് പരീക്ഷകളും എഴുതാന്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന മാര്‍ക്ക്ഷീറ്റില്‍ അവരുടെ മികച്ച സ്കോര്‍ ലഭിക്കും.
രണ്ടാംഘട്ടം മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്മെന്റിന് അവസരമില്ല. ഇവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും അക്കൊല്ലത്തെ സിലബസ് മാറ്റങ്ങള്‍ ബാധകമാകും. സ്പോര്‍ട്സ് വിദ്യാര്‍ഥികള്‍ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണം. പ്രത്യേക പരീക്ഷയില്ല.
മാര്‍ച്ച് 9 നകം കരടു മാര്‍ഗരേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാം. ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, അത് അവലോകനം ചെയ്ത് അന്തിമമാക്കാന്‍ സാധ്യതയുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അക്കാദമിക് സെഷന് ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി അന്തിമമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥന് പറഞ്ഞു. 2026 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ആദ്യ പരീക്ഷ എഴുതണോ, രണ്ടും എഴുതണോ, അതോ രണ്ടാമത്തെ പരീക്ഷ മാത്രം എഴുതണോ എന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കേണ്ടിവരും.
പുതിയ രീതിയില്‍ പരീക്ഷാദിനങ്ങള്‍ക്കിടയിലെ ഇടവേള കുറവായിരിക്കും. സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലിഷ് എന്നിവയൊഴികെയുള്ള വിഷയങ്ങളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും വിദേശ ഭാഷകളുമാണ് ആദ്യ ഗ്രൂപ്പില്‍. ഇവ ഒരേദിവസം നടത്തും. മുഖ്യ വിഷയങ്ങളുടെ ഗണത്തില്‍പെടാത്ത ഭാഷേതര പേപ്പറുകളാണ് (ഉദാ: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍) രണ്ടാം ഗ്രൂപ്പില്‍. ഈ ഗ്രൂപ്പില്‍ ഒരേ പേപ്പര്‍ തന്നെ രണ്ടോ മൂന്നോ ദിവസമായി നടത്തും. ഓരോ വിദ്യാര്‍ഥിക്കും ഏതു ദിവസം നല്‍കണമെന്നു നിശ്ചയിക്കുക സിബിഎസ്ഇയാകും. പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ വാങ്ങുകയും ചെയ്യും.
by Midhun HP News | Feb 25, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.
മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ മഞ്ഞ കാറിലാണ് ഇവര്‍ ബാഗില്‍ മൃതദേഹവുമായി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ പ്രതികളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധിച്ചു. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
by Midhun HP News | Feb 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഓഹരി വിപണി തിരിച്ചുവന്നത് ആണ് കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ നിന്ന് രൂപയെ പിടിച്ചുനിര്‍ത്തിയത്. തിങ്കളാഴ്ച 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്. സെന്‍സെക്സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
by Midhun HP News | Feb 24, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം എല്ലാ കാലത്തും ആരാധകര്‍ക്ക് ആവേശമാണ്. പുറത്തു വരുന്ന ഏറ്റവും പുതിയ കണക്കുകള്‍ അത് ഒന്നുകൂടി ഉറപ്പിക്കുന്നു. ഇന്നലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ ലൈവായി ജിയോ ഹോട്ട് സ്റ്റാറിലൂടെ കണ്ടത് 60.2 കോടി ആളുകള്‍.
ലൈവ് സ്ട്രീമിങ് കണക്കില്‍ സര്‍വകാല റെക്കോര്‍ഡാണിത്. കോഹ്ലിയുടെ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ 6 വിക്കറ്റിനു പാകിസ്ഥാനെ വീഴ്ത്തി സെമി ഏതാണ്ടുറപ്പിച്ചു. ടോസ് നേടിയ പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമിയാണ്. ഈ ഓവര്‍ അവസാനിക്കുമ്പോള്‍ വ്യൂവര്‍ഷിപ്പ് 6.8 കോടിയിലെത്തിയിരുന്നു. പാക് ഇന്നിങ്സിന്റെ അവസാന ഓവറില്‍ വ്യൂവര്‍ഷിപ്പ് 32.1 കോടിയിലെത്തിയിരുന്നു. ഇന്നിങ്സ് ബ്രെയ്ക്കിലേക്ക് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 32.2 കോടിയിലും എത്തി.
ഇന്ത്യ ചെയ്സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാഴ്ച എണ്ണം 33.8 കോടിയില്‍ എത്തി. ഇന്ത്യ വിജയത്തിന്റെ വക്കില്‍ എത്തി നില്‍ക്കെ വ്യൂവര്‍ഷിപ്പ് 36.2 കോടിയിലും എത്തി.
by Midhun HP News | Feb 24, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ കേസെടുത്തു. 13 എഫ്ഐഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മഹാകുംഭമേള ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു.
2025 ഫെബ്രുവരി 26ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരങ്ങളും പൊലീസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പു നല്കി. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും. എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കണം. എത്ര വലിയ ജനക്കൂട്ടമാണെങ്കിലും പൂര്‍ണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യ ധാം റെയില്‍വെ സ്റ്റേഷനില്‍ സുഗമമായ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കാന്‍ വിപുലമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ ഭക്തരെ പ്ലാറ്റഫോമിലേയ്ക്ക് പോകാന്‍ അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. 350ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകളെക്കുറിച്ചുള്ള അറിയിപ്പുകള് കൃത്യമായി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
Recent Comments