വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇടിമിന്നൽ

നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഒരാഴ്ച മുൻപാണ് ബിനോയ് കുവൈത്തിലേക്ക് പോയത്.

ഏറെക്കാലമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

ഉടന്‍ തന്നെ എടിഎം ഇടപാടുകള്‍ക്ക് ചെലവേറിയേക്കും; കാരണമിത്

ന്യൂഡല്‍ഹി: വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

പുലര്‍ച്ചെ ഉറക്കത്തിനിടെ തീപിടിത്തം; കുവൈത്ത് ദുരന്തത്തിനിരയായത് 41 പേര്‍

പുലര്‍ച്ചെ ഉറക്കത്തിനിടെ തീപിടിത്തം; കുവൈത്ത് ദുരന്തത്തിനിരയായത് 41 പേര്‍

കുവൈത്ത് സിറ്റി: കുവൈത്ത് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.

മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കൂവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. തീപിടിത്തത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. അകത്തു കുടുങ്ങിപ്പോയ കുറേപ്പേര്‍ പുക ശ്വസിച്ചും മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണത്തിന് കുവൈത്ത് ആഭ്യന്തരമന്ത്രി ഷേഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. അപകടസ്ഥലം കുവൈത്ത് ആഭ്യന്തരമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യ അതിവേഗം വളരുന്ന രാജ്യം, കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനം; അനുമാനം പുതുക്കി ലോകബാങ്ക്

ഇന്ത്യ അതിവേഗം വളരുന്ന രാജ്യം, കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനം; അനുമാനം പുതുക്കി ലോകബാങ്ക്

ഡല്‍ഹി: വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം. നടപ്പുസാമ്പത്തികവര്‍ഷം അടക്കം മൂന്ന് വര്‍ഷം ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും. 6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. ജനുവരിയില്‍ 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. പുതുക്കിയ അനുമാനം അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. 2.6 ശതമാനമായി വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.7 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. കോവിഡിന് മുന്‍പുള്ള പതിറ്റാണ്ടില്‍ രേഖപ്പെടുത്തിയിരുന്ന 3.1 ശതമാനത്തില്‍ താഴെയാണിത്.

2024ല്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമായിരിക്കും. 2023ല്‍ 6.3 ശതമാനമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. നിക്ഷേപം മന്ദഗതിയിലായതാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർ​ഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. ‍

‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ​ഗോപി പറഞ്ഞു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ​ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറ‍ഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നൽകും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.