കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർ​ഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. ‍

‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ​ഗോപി പറഞ്ഞു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ​ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറ‍ഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നൽകും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ഡൽഹി: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. നിലവിൽ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് ഉപമേധാവിയായി ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു. അദ്ദേഹം വിരമിക്കുന്ന ജൂൺ 30ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേൽക്കും.

1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തിപ്രശ്നങ്ങളിൽ ഇന്ത്യയ്ക്കായി നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനൽ ഡിഫൻസ് കോളജിലും യുഎസ് വാർ കോളജിലുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടി.

രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

രേണുകാസ്വാമി വധക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

ബം​ഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടി പവിത്ര ​ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അന്നപൂർണേശ്വരി ന​ഗർ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ​ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ നടി പവിത്ര ​ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂ​ഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുർ​ഗ സ്വദേശി രേണുകസ്വാമി (33) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.

ഇനി അടുത്തവര്‍ഷം വരെ കാത്തിരിക്കേണ്ട!; സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

ഇനി അടുത്തവര്‍ഷം വരെ കാത്തിരിക്കേണ്ട!; സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

ഡല്‍ഹി: വിദേശ സര്‍വകലാശാലകളിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതിന് അനുമതി നല്‍കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

ജൂലൈ- ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നിങ്ങനെ അധ്യയനവര്‍ഷത്തില്‍ രണ്ടു ഘട്ടമായി പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കാനാണ് പദ്ധതി. വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാന്‍ കഴിഞ്ഞാല്‍ ബോര്‍ഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്നിവ മൂലം ജൂലൈ-ഓഗസ്റ്റ് സെഷനില്‍ സര്‍വകലാശാല പ്രവേശനം നഷ്ടമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

ഇതുവഴി പ്രവേശനം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം മുഴുവന്‍ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സ്ഥിതി മാറും. വര്‍ഷത്തില്‍ രണ്ടു തവണ നടക്കുന്ന സര്‍വകലാശാല പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ സഹായകമാകും.

വ്യവസായങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും തൊഴിലവസരങ്ങളും തൊഴിലും മെച്ചപ്പെടുത്താനും കഴിയും. ബിരുദധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കാനും ഇത് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. അടിസ്ഥാന സൗകര്യങ്ങളും മറ്റു സംവിധാനങ്ങളുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പദ്ധതി നടപ്പാക്കുകയെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

‘എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്

‘എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്

ന്യൂഡല്‍ഹി: ”എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ”- കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനു പിറ്റേന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ.

റിലീവ് ചെയ്യുമെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തോട്, എനിക്ക് അറിയാം. അതൊക്കെ അവര് തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. സിനിമ തിരക്കു കൊണ്ടാണോ സഹമന്ത്രി സ്ഥാനം ലഭിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഒന്നും ആവശ്യപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍കാര്‍ക്ക് എന്നെ അറിയാം. ഒരു എംപി എന്ന നിലയ്ക്ക് തൃശൂര്‍കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

വകുപ്പ് അതാണെന്നൊന്നും അറിയില്ല. അതറിഞാലല്ലേ ഏതൊക്കെ എങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് ഇടപെടാന്‍ കഴിയുക എന്നറിയാനാകൂ. കേരളത്തിലേക്ക് എയിംസ് കൊണ്ടു വരിക എന്നതാണ് പ്രധാനം. അതിനായി ഒരു എംപി എന്ന നിലയ്ക്കു തന്നെ പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു എംപി എങ്ങനെ മറ്റു മന്ത്രിമാരുടെ അടുത്ത് നടക്കുമോ അതുപോലെ നടക്കണമെന്നാണ് വിചാരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഇടപെടാനില്ല. ഒരു വെല്ലുവിളിയുമില്ല. ഫ്രഷ് ആയിട്ട് പുസ്തകം തുറന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ടതിനെക്കുറിച്ച് മനസ്സില്‍ എനിക്കൊരു രൂപമുണ്ട്. അതിന് ശ്രമിക്കും. തടസ്സപ്പെടുത്തിയാല്‍ തടസ്സപ്പെടുത്തട്ടെ. ജനങ്ങള്‍ അതു മനസ്സിലാക്കട്ടെ അത്രയേയൂള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ നിന്നും മികച്ച വിജയത്തോടെ പാർലമെന്റിൽ എത്തിയിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുള്ളതായി റിപ്പോർട്ടുകളുണ്ട്. നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയാകാന്‍ ബിജെപി നേതൃത്വം സുരേഷ് ​ഗോപിക്കു മേൽ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

‘കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; മുടക്കാതിരുന്നാൽ മതി’: സുരേഷ് ​ഗോപി

‘കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; മുടക്കാതിരുന്നാൽ മതി’: സുരേഷ് ​ഗോപി

ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആ​ഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം.

കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാ​ഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും. അത് മുടക്കാതിരുന്നാൽ മതി.- സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

മൂന്നാം മോദി സർക്കാരിലേക്ക് 51-ാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം.