’48 മണിക്കൂറിനുള്ളിൽ അതിവേദനയോടെ മരണം’; ഭീതി പടർത്തി ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ വ്യാപനം

’48 മണിക്കൂറിനുള്ളിൽ അതിവേദനയോടെ മരണം’; ഭീതി പടർത്തി ജപ്പാനിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ വ്യാപനം

ജപ്പാനിൽ ഭീതി പടർത്തി ‘സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം’ (എസ്‌ടിഎസ്എസ്) അണുബാധ വ്യാപിക്കുന്നു. എസ്‌ടിഎസ്എസ്യ്ക്ക് കാരണമാകുന്ന അപൂർവ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ രോ​ഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയർന്നു. ഇതുവരെ 977 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) ബാക്ടീരിയ ആണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന ​ഗുരുതര ആരോ​ഗ്യാവസ്ഥയിലേക്ക് നയിക്കുന്നത്. ഇത് അതിവേ​ഗം ശരീരത്തിൽ വ്യാപിച്ച് കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടാല്‍ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ വഷളാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. പനി, കഠിനമായ വേദന, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയാണ് ലക്ഷണങ്ങൾ.

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന് മാത്രം. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് പരാമർശം.പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.

കല്യാൺ സിംഗിന് എതിരായ സുപ്രിം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

നേരത്തെ ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്.

23 പേരുമായി പോയ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ എട്ട് മരണം; വീഡിയോ

23 പേരുമായി പോയ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡില്‍ എട്ട് മരണം; വീഡിയോ

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ് – ബദരിനാഥ് ദേശീയപാതയിലാണ് അപകടം.

ടെമ്പോയില്‍ 23 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കേറ്റ രണ്ടുപേരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.
മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈത്ത് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്

ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‌റ, ഫർവാനിയെ ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നത്.

ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ സംസ്‌കാരം നടന്നിരുന്നു. പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെയും സംസ്‌കാരം ഇന്ന് നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇടിമിന്നൽ

നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.