by Midhun HP News | Jun 5, 2024 | Latest News, ദേശീയ വാർത്ത
ദില്ലി: ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ദില്ലിയിലേക്ക്. ഒരാള്‍ എൻഡിഎ യോഗത്തിൽ പങ്കെടുക്കാനാണെങ്കിൽ മറ്റേയാൾ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാൽ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിൽ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നൽകിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൌതുകമായി മാറി. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരിൽ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാൾ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായിരുന്നു ഇരു പാർട്ടികളും. നിന്ന നിൽപ്പിൽ മുന്നണികൾ മാറാൻ ഒരു മടിയും കാണിക്കാത്തയാളാണ് നിതീഷ് എന്നതിനാൽ എൻഡിഎ പാളയത്തിൽ ആശങ്കയുണ്ട്. മോദി നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കരുതെന്ന് നിതീഷിനോടും ചന്ദ്രബാബു നായിഡുവിനോടും തൃണമൂൽ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭ്യർത്ഥിച്ചു. നിതീഷിനെ പ്രധാനമന്ത്രിയാക്കി ഇന്ത്യ സഖ്യം അധികാരത്തിൽ വരണമെന്ന നിർദേശം മമത മുന്നോട്ടുവച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. അതേസമയം ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ എൻ ഡി എയിൽ നിന്ന് വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആവശ്യപ്പെടും. ഇന്നത്തെ എൻഡിഎ യോഗത്തിൽ ചന്ദ്രബാബു നായിഡുവിനൊപ്പം പവൻ കല്യാണും പങ്കെടുക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. അതിനു ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദവും ഉന്നയിച്ചേക്കും
by Midhun HP News | Jun 5, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നേടിയത്. എതിര്‍സ്ഥാനാര്‍ഥികളായ വിഎസ് സുനില്‍ കുമാര്‍ 30.95 ശതമാനവും കെ മുരളീധരന്‍ 30.08 ശതമാനം വോട്ടുകളും നേടി. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ 74,686 ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി അഭിമാന വിജയം നേടിയത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്.
സംസ്ഥാനത്ത് മുന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുപ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയത്. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവന്തപുരം എന്നിവയാണ് അത്. ആലപ്പുഴയില്‍ എന്‍ഡിഎ വോട്ടുവിഹിതം 28.3 ശതമാനം ആയി ഉയര്‍ന്നു. പത്തനം തിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.
15 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച അഞ്ച് മണ്ഡലങ്ങള്‍; കാസര്‍കോട്് 19.73 ശതമാനം, കോട്ടയത്ത് 19.74 ശതമാനം, ആലത്തൂര്‍ 18.89 ശതമാനം, കോഴിക്കോട്് 16.75 ശതമാനം, എറണാകുളം 15.87ശതമാനം എന്നിങ്ങനെയാണ്. വടകര, മലപ്പുറം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേടാനായത് 13 ശതമാനം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ 62,229 വോട്ടുകള്‍ അധികം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
by liji HP News | Jun 4, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്.
കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്.
സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ തന്നെ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനു മാത്രമാണ് യുഡിഎഫ് തരംഗത്തെ ചെറുത്തു നില്‍ക്കാനായത്. സിറ്റിങ് എംപി രമ്യ ഹരിദാസാണ് രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവത്തിന് മുന്നില്‍ നിഷ്പ്രഭയായത്.
അതേസമയം തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ പകുതിയിലേറെ ഘട്ടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് പിന്നിലായിരുന്ന ശശി തരൂര്‍ അവസാന ലാപ്പിലാണ് മുന്നില്‍ കയറിയത്. ഒരുവേള രാജീവ് ചന്ദ്രശേഖര്‍ അട്ടിമറി വിജയം നേടിയേക്കുമെന്ന പ്രതീതി വരെ ജനിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ഘട്ടത്തിലും ലീഡിലേക്ക് എത്തിയിരുന്നില്ല.
ആറ്റിങ്ങലിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിങ് എംപി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡ് പലതവണ മാറി മറിഞ്ഞ മണ്ഡലത്തില്‍, നേരിയ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ലീഡു ചെയ്യുന്നത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നുലക്ഷം കടന്നപ്പോള്‍, മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരുടെ ലീഡ് രണ്ടുലക്ഷം കടന്നു. വടകരയില്‍ ഷാഫി പറമ്പില്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കോഴിക്കോട് എംകെ രാഘവന്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍, കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ്, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കണ്ണൂരില്‍ കെ സുധാകരന്‍ എന്നിവര്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.
by Midhun HP News | Jun 4, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവലം ഭൂരിപക്ഷം കടന്ന് 301 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 172 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റിലും ലീഡ് ചെയ്യുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞു ഇ.വി.എം മെഷീനിലെ വോട്ടിംഗ് എണ്ണി തുടങ്ങിയപ്പോഴാണ് ഈ ലീഡ് നില. കേരളത്തിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് നാല് സീറ്റിലും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 132 വോട്ടിന് ലീഡ് ചെയ്യുന്നു.
by liji HP News | Jun 3, 2024 | Latest News, ദേശീയ വാർത്ത
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
രാജ്യത്തിൻ്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നര്‍ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പേര്‍ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള 75 പ്രതിനിധികൾ ആറ് സംസ്ഥാനങ്ങൾ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചു നിര്‍ത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.
by liji HP News | Jun 3, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. അതേ സമയം, സഞ്ജയ് സിംഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ നിർദേശം നൽകി.
Recent Comments