രാഹുൽ റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്?

രാഹുൽ റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍ നിന്ന്?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി.

രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന ഇന്ത്യാ മുന്നണി തുടര്‍ന്നും ഒരുമയോടെ മുന്നോട്ടു പോവണമെന്ന നിര്‍ദേശം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ചു.

പുനരുജ്ജീവനം ഉണ്ടായെങ്കില്‍ക്കൂടി ചില സംസ്ഥാനങ്ങളില്‍ പ്രതീക്ഷയ്ക്കും കഴിവിനും ഒപ്പം എത്തിയില്ലെന്ന ആത്മവിമര്‍ശനം കൂടി പാര്‍ട്ടി നടത്തേണ്ടതുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായ സംസ്ഥാനങ്ങളില്‍ ഇത്തവണ പ്രകടനം മെച്ചപ്പെട്ടില്ല. ഇതു പ്രത്യേകമായെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് ഖാര്‍ഗെ പറഞ്ഞു.

രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുപ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും.

അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു

അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു

കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന്രാ പൊലീസ് സംശയിക്കുന്നു. ത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. ബിനീഷിന്റെ മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത് .

മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചുവരികയാണ്.

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മികച്ച പ്രവര്‍ത്തനത്തിന് നിരവധി തവണ റെയില്‍വേയുടെ അംഗീകാരവും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2019ല്‍ ദക്ഷിണ റെയില്‍വേയില്‍ ചേര്‍ന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചതുമുതല്‍ ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ ട്രെയിനുകളാണ് ഓടിക്കുന്നത്.

ഉടന്‍ ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

ഉടന്‍ ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം; മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവര്‍ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് തിരിക്കും. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും.

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാന്‍ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആള്‍ക്കാര്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാര്‍ലമെന്റില്‍ അവര്‍ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റന്‍ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച ഇന്നലെ കലക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരുകാര്‍ എന്നെ തെരഞ്ഞെടുത്താല്‍ തൃശൂരില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ അതിന്റെ ആവശ്യമില്ല. അവിടെ തന്നെക്കാള്‍ നല്ല ആണ്‍കുട്ടികള്‍ ഉണ്ട്. കോണ്‍ഗ്രസിലെയും സിപിഐയിലെയും സിപിഎമ്മിലെയും മനുഷ്യരാണ് തനിക്ക് വോട്ട് ചെയ്തത്. എസ്ഡിപിഐയിലെയും മനുഷ്യര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. കപടതയില്ലാത്ത മതേതരവാദികളാണ് തന്നെ ജയിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആയിരുന്നു വിക്ഷേപണം. നാളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പത്തു ദിവസത്തിനുശേഷം സഞ്ചാരികള്‍ മടങ്ങിയെത്തും. സാങ്കേതിക തകരാറുകള്‍ കാരണം നിരവധി തവണ യാത്ര മുടങ്ങിയിരുന്നു.

മനുഷ്യനെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യപരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍നിന്നായിരുന്നു വിക്ഷേപണം.

ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്. യുഎസ് നേവല്‍ അക്കാദമിയില്‍ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998ലാണു നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബര്‍ 9നായിരുന്നു. 2006ലും 2012ലും ബഹാരാകാശ നിലയത്തിലെത്തിയ സുനിത യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. നിലവില്‍ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?; സസ്‌പെന്‍സ് നിലനിര്‍ത്തി നിതീഷ്

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?; സസ്‌പെന്‍സ് നിലനിര്‍ത്തി നിതീഷ്

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.

ഇന്നു വൈകീട്ടു ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി രണ്ടു പാര്‍ട്ടികളും ബിജെപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍, സ്പീക്കര്‍ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ 17ാം ലോക്‌സഭ പിരിച്ചു വിടാന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാനയോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയത്തില്‍ തുടര്‍നടപടി ആലോചിക്കാനായി ഇന്ത്യാ മുന്നണി യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. വൈകീട്ട് ആറുമണിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക.