വീല്‍ചെയര്‍ നിഷേധിച്ചു, എണ്‍പതുകാരന്‍ മരിച്ചു; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

വീല്‍ചെയര്‍ നിഷേധിച്ചു, എണ്‍പതുകാരന്‍ മരിച്ചു; എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

ഡല്‍ഹി: വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് എണ്‍പതുകാരനായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഈ മാസം 16 ന് മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിലായിരുന്നു സംഭവം.

സംഭവത്തില്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സീവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ ഇന്ത്യക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ ഡിജിസിഎ എയര്‍ ഇന്ത്യക്ക് പിഴ വിധിക്കുകയായിരുന്നു.

യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നുവെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍ ഭാര്യയോടൊപ്പം ടെര്‍മിനലിലേക്ക് നടക്കാന്‍ യാത്രക്കാരന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് എയര്‍ലൈനിന്റെ വിശദീകരണം.

വിമാനയാത്രയില്‍ ഭിന്നശേഷിക്കാര്‍/അല്ലെങ്കില്‍ ചലനശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിങ്ങനെയുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ എയര്‍ ഇന്ത്യ പാലിച്ചിട്ടില്ലെന്ന് ഡിജിസിഎ കണ്ടെത്തി. എയര്‍ക്രാഫ്റ്റ് റൂള്‍സ്, 1937-ല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ് എയര്‍ലൈനില്‍ പിഴ ചുമത്താന്‍ കാരണമായത്. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാര്‍ക്ക് മതിയായ വീല്‍ചെയറുകള്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ക്ക് ഡിജിസിഎ നിര്‍ദേശമുണ്ട്.

വേണ്ടത് നാലേ നാലു സീറ്റ് മാത്രം, രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്

വേണ്ടത് നാലേ നാലു സീറ്റ് മാത്രം, രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചതോടെ, ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാലു സീറ്റുകള്‍ മാത്രം. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബിജെപിയുടെ ജയം. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയാണ് ജയിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധികളെ രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആയി.

എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 പേരും ബിജെപിയില്‍നിന്നുള്ളതാണ്. രാജ്യസഭയില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയായി ബിജെപി തുടരും. 97 അംഗങ്ങളില്‍ അഞ്ചു പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്. 29 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്.

മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്രോസ് വോട്ടിങ്ങിലൂടെ നാടകീയമായ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ ബിജെപി നേടി. 3 സീറ്റുകള്‍ കോണ്‍ഗ്രസും രണ്ടു സീറ്റ് സമാജ്‌വാദി പാര്‍ട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ രണ്ടു സീറ്റ് ബിജെപിക്ക് അധികം ലഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോന്ന് വീതമാണ് നേടാന്‍ കഴിഞ്ഞത്.

ഹിമാചലില്‍ കോണ്‍ഗ്രസിലെ 6 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹാജനു വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിതമായി തോല്‍വി നേരിട്ടു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്. യുപിയിലെ 10 സീറ്റില്‍ ബിജെപി 8 എണ്ണം നേടി. സമാജ് വാദി പാര്‍ട്ടിക്ക് 2 സീറ്റ്. പത്താം സീറ്റില്‍ ബിജെപിയും എസ്പിയും തര്‍ക്കമുന്നയിച്ചതോടെ പലതവണ നിര്‍ത്തിവച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ്പിയുടെ ആലോക് രഞ്ജനും ബി ജെ പി യുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തില്‍ എസ്പിയുടെ 7 എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതോടെ ബിജെപി വിജയമുറപ്പിച്ചു.

അംഗബലം അനുസരിച്ച് മൂന്ന് സീറ്റുകളില്‍ ജയിക്കേണ്ട സമാജ് വാദി പാര്‍ട്ടിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ജയ ബച്ചന്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ അലോക് രഞ്ജന്‍ എന്നിവരാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ഉള്‍പ്പെടെ ഏഴ് എംഎല്‍എമാരും ഒരു ബിഎസ്പിയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സമ്പൂര്‍ണ ജയം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഒരു എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ട്രഷറര്‍ അജയ് മാക്കന് ലഭിച്ചപ്പോള്‍, മറ്റൊരു ബിജെപി എംഎല്‍എ വോട്ടെടുപ്പില്‍ വിട്ടുനിന്നു. യശ്വന്ത്പുരില്‍ നിന്നുളള എസ് ടി സോമശേഖറാണ് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തത്. അബൈല്‍ ശിവറാം ഹെബ്ബാര്‍ എംഎല്‍എയാണ് വിട്ടുനിന്നത്. ഇതോടെ അജയ് മാക്കനെ കൂടാതെ ഡോ. സയിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരെയും കോണ്‍ഗ്രസിന് രാജ്യസഭയിലെത്തിക്കാനായി. അതേസമയം എന്‍ഡിഎ സഖ്യമായി മത്സരിച്ച് പരാജയപ്പെട്ട ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡിക്ക് ബിജെപിയില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ ലഭിക്കാത്തത് മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഇഡിക്ക് ആരെയും ചോദ്യം ചെയ്യാം, സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നു സുപ്രീംകോടതി

ഇഡിക്ക് ആരെയും ചോദ്യം ചെയ്യാം, സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നു സുപ്രീംകോടതി

ഡല്‍ഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മണല്‍ഖനന കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്

യുവാവിന്റെ കുടലിൽ 39 നാണയങ്ങൾ; ഹൃദയം, ത്രികോണം ആകൃതികളിൽ 37 കാന്തങ്ങൾ; കഴിച്ചത് ശരീരഘടനയ്ക്ക്

ഡൽഹി: ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തത്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്നു കരുതിയാണ് യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചത്. 20 ദിവസത്തിലേറെയായി തുടർച്ചയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനാലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇയാൾ.

യുവാവ് കഴിഞ്ഞ കുറച്ചാഴ്ചകളായി നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കൾ ഡോക്റെ അറിയിച്ചു. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിൽ നാണയങ്ങളും കാന്തങ്ങളും കുടലിൽ തടസമായി നിൽക്കുന്നത് വ്യക്തമായി. രോഗിയെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ചെറുകുടലിൽ രണ്ടുഭാഗത്തായിട്ടാണ് നാണയവും കാന്തവും കുരുങ്ങിയിരുന്നത്. 1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത രോഗി ഏഴുദിവസത്തിനുശേഷം ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി.

ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

തിരുവനന്തപുരം: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷം. തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് നരേന്ദ്രമോദി ഔദ്യോഗികമായി അറിയിച്ചു. നിറഞ്ഞ കൈയടിയോടെയാണ് മോദിയുടെ പ്രഖ്യാപനം സദസിലുള്ളവര്‍ ഏറ്റുവാങ്ങിയത്. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കൊപ്പം അംഗദ് പ്രദാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരും ഉണ്ടാകും.

സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യേമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.

സഞ്ചാരികളെ അവതരിപ്പിക്കാനായത് അഭിമാനകരമയ നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഗഗന്‍ യാത്രാസംഘത്തെ കണ്ടതും സംസാരിക്കാനായും ഭാഗ്യം. ഇവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവന്‍ ആശംസകളും നിങ്ങള്‍ക്കൊപ്പമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

‘കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും; മോദിയുടെ ഗ്യാരന്റി’

‘കേരളത്തില്‍ ഇത്തവണ ബിജെപി രണ്ടക്കം കടക്കും; മോദിയുടെ ഗ്യാരന്റി’

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് മോദി പറഞ്ഞു. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2019ല്‍ കേരളത്തില്‍ ബിജെപിയെ കുറിച്ചു പ്രതീക്ഷകളായിരുന്നെങ്കില്‍ ഇത്തവണ അത് വിശ്വാസമായി മാറി. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അതിനായി അനുഗ്രഹിക്കണമെന്നും മോദി പറഞ്ഞു. കേരളമെന്നുപറഞ്ഞാല്‍ കാലത്തിന് മുന്‍പേ ചിന്തിക്കുന്നവരാണ്. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുദ്രവാക്യമെങ്കില്‍ ഇത്തവണ 400ലധികം സീറ്റുകള്‍ എന്നതാണെന്ന് മോദി പറഞ്ഞു.