പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

ഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പേടിഎം ഓഹരിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് പേടിഎം നേരിട്ടത്.

ജനുവരി 31നാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 15ന് ശേഷമാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലൈസന്‍സ് റദ്ദാക്കിയാല്‍ രണ്ടു പതിറ്റാണ്ടിനിടയില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ആദ്യ നടപടിയായി ഇത് മാറും.

വ്യാപാരത്തിനിടെ ഓഹരിക്ക് 403 രൂപ എന്ന നിലയിലേക്കാണ് പേടിഎം ഓഹരി ഇന്ന് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് 998.3 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലേക്ക് പേടിഎം ഓഹരി മുന്നേറിയിരുന്നു. റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 318.35 രൂപയിലേക്ക് ഓഹരിവില കുത്തനെ ഇടിയുന്നതിനും വിപണി സാക്ഷിയായി.

അതിനിടെ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുകയാണ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 84 പോയിന്റ് നേട്ടത്തോടെ 73890 പോയിന്റിലേക്കാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി.

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഡല്‍ഹി: ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട് ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

15% മുതല്‍ 30% വരെ ഈടാക്കുന്ന മുന്‍ സമ്പ്രദായം പൊളിച്ചുമാറ്റാന്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അധികാരികള്‍ ഉത്തരവിട്ടതിന് ശേഷം, ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ ശ്രമങ്ങളാണ് തര്‍ക്കത്തില്‍ കലാശിച്ചത്. എന്നാല്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്.

പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ്.ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും.

ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.

കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്?; യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ബിജെപി

കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്?; യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ബിജെപി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭന്‍, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണൻ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

നിലവില്‍ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ അന്തിമ ധാരണയായത്. ഇതു പ്രകാരം ആറ്റിങ്ങലില്‍ വി മുരളീധരനും, തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും ബിജെപി സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് മണ്ഡലത്തിലേക്ക് യുവ വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി മസ്ദൂര്‍ മഹാസംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബംഗലൂരു നോര്‍ത്ത് മണ്ഡലം ലഭിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ച് മാറ്റത്തിന് വഴി തുറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കും. വയനാട്ടിലും ആലത്തൂരിലും മത്സരിക്കാനുള്ള വിമുഖത ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചതായാണ് സൂചന.

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.

തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.

ശമ്പളവും പെന്‍ഷനും മുടങ്ങില്ല; കേന്ദ്രത്തില്‍ നിന്ന് 4000 കോടി കിട്ടി; സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം

ശമ്പളവും പെന്‍ഷനും മുടങ്ങില്ല; കേന്ദ്രത്തില്‍ നിന്ന് 4000 കോടി കിട്ടി; സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം

ഡല്‍ഹി: സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല.

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.

ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.