75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ഡല്‍ഹി: ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്പനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ടെലികോം സര്‍വീസ് ദാതാക്കളോട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചു.

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ അവകാശവാദത്തിന് പിന്നാലെയാണ് നടപടി. ഉപയോക്താക്കളുടെ 1.8ടിബി ഡേറ്റാബേസ് ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് കഴിഞ്ഞയാഴ്ച ക്ലൗഡ്‌സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ നിഷേധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിയമ സംവിധാനങ്ങളില്‍ നിന്ന് തന്നെയാണ് ഡേറ്റ ശേഖരിച്ചത് എന്നാണ് ഹാക്കറുടെ വിശദീകരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ആധാര്‍ വിവരങ്ങള്‍ അടക്കം 75 ലക്ഷം ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നെന്നാണ് ക്ലോഡ്‌സെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചോര്‍ന്ന വിവരങ്ങള്‍ പഴയതാണെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ അനൗദ്യോഗികമായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അപകടസാധ്യതയില്ലെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറഞ്ഞത് എന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇനി ഡിവൈഎസ്പി; ദീപ്തി ശര്‍മയ്ക്ക് മൂന്ന് കോടി പാരിതോഷികം നല്‍കി യുപി സര്‍ക്കാര്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇനി ഡിവൈഎസ്പി; ദീപ്തി ശര്‍മയ്ക്ക് മൂന്ന് കോടി പാരിതോഷികം നല്‍കി യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച 26കാരിക്ക് സര്‍ക്കാര്‍ മുന്ന് കോടി രൂപ പാരിതോഷികവും നല്‍കി. നിയമന ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപ്തിക്ക് കൈമാറി.

സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദി അറിയിച്ച ദീപ്തി, സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ആഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ജതിന്‍ കുശ്‌വാഹയ്ക്കും യാഷ് കുമാറിനും അഞ്ച് ലക്ഷം രൂപ വീതവും ദേശീയ ഗെയിംസിലെ വിജയത്തിന് സ്നൂക്കര്‍ ചാമ്പ്യന്‍ പരാസ് ഗുപ്തയെയും റൈഫിള്‍ ഷൂട്ടര്‍ ആയുഷി ഗുപ്തയെയും ആദരിച്ചു.

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.
രാജഗോപാൽ, വനജ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം

ഗാന്ധി സ്മരണയില്‍ രാജ്യമെങ്ങും ദിനാചരണം

ഡൽഹി: മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് മതസൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മതാവിഭാഗങ്ങളിൽപ്പെട്ട വർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ 3 ന് വിരമിക്കും. ആറ് വർഷമാണ് രാജ്യസഭാംഗത്തിൻ്റെ കാലാവധി.

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.