വില കൂടും?; എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ്

ഡല്‍ഹി: എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍. എക്‌സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസ് കൂടി നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി.എന്‍ജിന്‍ ശേഷി 1500 സിസിക്ക് മുകളില്‍, നീളം നാലുമീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററിന് മുകളില്‍ എന്നി മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ സെസ് ആയിരിക്കും ബാധകമാകുക.

ഈ ഗണത്തില്‍പ്പെടുന്ന, നിലവില്‍ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ് യുവിക്ക് നിലവില്‍ 22 ശതമാനം സെസ് ആണ് ചുമത്തുന്നത്. ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി

ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെങ്കിലും മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചു. സുഗമമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനാണിത്. ഇഡിയുടെയും സിബിഐയുടെയും മേധാവിമാര്‍ക്ക് അഞ്ചു വര്‍ഷം വരെ കാലാവധി നീട്ടി നല്‍കുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമത്തിലും ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റ്ബ്ലിഷ്‌മെന്റ് നിയമത്തിലും കൊണ്ടുവന്ന ഭേദഗതികള്‍ സുപ്രീം കോടതി ശരിവച്ചു.

മിശ്രയ്ക്കു കാലാവധി നീട്ടിനല്‍കിയതിനെയും നിയമഭേദഗതികളെയും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മൂന്നാം തവണയാണ് മിശ്രയുടെ കാലാവധി നീട്ടുന്നത്.

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; മിന്നു മണി പുറത്താകാതെ അഞ്ച് റണ്‍സ്

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; മിന്നു മണി പുറത്താകാതെ അഞ്ച് റണ്‍സ്

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വെറും 96 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യന്‍ വനിതകള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു താരവും മികവോടെ ബാറ്റ് ചെയ്തില്ല. മലയാളി താരം മിന്നു മണിക്ക് രണ്ടാം പോരിലും അവസരം കിട്ടി. അവസാന ബാറ്ററായി ക്രീസിലെത്തിയ മിന്നു മൂന്ന് പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

മിന്നുവിനൊപ്പം പൂജ വസ്ത്രാക്കറും പുറത്താകാതെ നിന്നു. താരം മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്തു. 19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മായാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന (13), യസ്തിക ഭാട്ടിയ (11), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍ലീന്‍ ഡിയോണ്‍ ആറ് റണ്‍സും ജെമിമ റോഡ്രിഗസ് എട്ട് റണ്‍സുമായും മടങ്ങി.

ബംഗ്ലാദേശിനായി സുല്‍ത്താന ഖാതും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫഹിമ ഖാതും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. റബെയ ഖാന്‍, മറുഫ അക്തര്‍, നഹിത അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആറുപേരുമായി  ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു

ആറുപേരുമായി ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു

കാഠ്മണ്ഡു: അഞ്ച് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ 9N-AMV ആണ് തകര്‍ന്നുവീണത്.

സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. യാത്രയാരംഭിച്ച് പതിനഞ്ചം മിനിറ്റില്‍ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടമായിരുന്നു. ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

മെക്‌സിക്കയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ സ്ഫോടനത്തോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതായും അപകടസ്ഥലത്ത് നിന്ന് തീ പടരുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി; ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി; ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്

ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ റെസിലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചു, ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്ന ആരോപണങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.

കേസില്‍ 108 സാക്ഷികളോട് അന്വേഷണ സംഘം സംസാരിച്ചതായും ചാര്‍ജ് ഷീറ്റില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 37 ദിവസത്തിലധികമായി കായിക താരങ്ങള്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് പൊലീസ് ചാര്‍ജ് ഷീറ്റ് പുറത്തുവന്നത്. ആറു കേസുകളില്‍ രണ്ടെണ്ണം 354,354A,354D എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ 354,354A എന്നിവയാണ് വകുപ്പുകള്‍.

ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18ന് ഹാജരാകാനാണ് ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിര്‍ദേശം.

ഇനി സന്ദര്‍ഭത്തിന് അനുസരിച്ച് സ്റ്റിക്കര്‍ കണ്ടെത്തി പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍

ഇനി സന്ദര്‍ഭത്തിന് അനുസരിച്ച് സ്റ്റിക്കര്‍ കണ്ടെത്തി പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ സ്റ്റിക്കറുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സറ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സന്ദര്‍ഭത്തിന് അനുയോജ്യമായ സ്റ്റിക്കര്‍ കണ്ടെത്താന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഫീച്ചറാണ് കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

വാട്‌സ്ആപ്പില്‍ കീബോര്‍ഡിന് മുകളില്‍ പുതിയ സ്റ്റിക്കര്‍ ട്രേയാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ചാറ്റ് ബാറില്‍ നല്‍കിയിരിക്കുന്ന ഇമോജികളുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ കാണിക്കുന്ന വിധമാണ് സ്റ്റിക്കര്‍ ട്രേയിലെ സജ്ജീകരണം. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്റ്റിക്കറുകള്‍ കാലക്രമേണ വര്‍ധിക്കുന്ന വിധമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ബൃഹത്തായ ശേഖരത്തില്‍ നിന്ന് ആവശ്യമായ സ്റ്റിക്കര്‍ കണ്ടെത്തുന്നത് സങ്കീര്‍ണമാണ്. സമയനഷ്ടത്തിന് കാരണമാകുന്ന ഈ സങ്കീര്‍ണത ഒഴിവാക്കി, എളുപ്പത്തില്‍ സ്റ്റിക്കര്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. ഭാവിയില്‍ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.