ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്.

നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു അണ്ണാമലൈ. ബിജെപിക്കായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

ഗംഭീറിന് പ്രിയം ‘സഞ്ജു’, അഗാർക്കറിന് ‘ശ്രേയസ്’; ആർക്ക് നറുക്ക് വീഴും?

ഗംഭീറിന് പ്രിയം ‘സഞ്ജു’, അഗാർക്കറിന് ‘ശ്രേയസ്’; ആർക്ക് നറുക്ക് വീഴും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ടി20 നായകൻ ആരാകുമെന്ന ചോദ്യം ശക്തമായി ഉയരുന്നതിനിടെ ബിസിസിഐയുടെ (BCCI) അപെക്സ് കൗൺസിൽ ഇന്ന് യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നേക്കും എന്നാണ് സൂചന. നിലവിലെ യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഇല്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാനാണ് കോച്ച് ഗൗതം ഗംഭീറിന് താല്പര്യം. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം.

അതേസമയം, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ നായക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഐപിഎൽ 2025ൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ്, 2026 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 498 റൺസ് നേടിയ താരം ഒരു സെഞ്ച്വറി അഞ്ച് അർധസെഞ്ച്വകളും സ്വന്തമാക്കി. 168.81 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

സൂര്യകുമാർ യാദവിന് പകരം ഇന്ത്യയുടെ ടി20 ടീമിൽ നാലാം നമ്പർ ബാറ്ററായും ശ്രേയസ് അയ്യരെ ഉൾപ്പെടുത്താം. ഇക്കാര്യങ്ങൾ പരിഗണിച്ച് താരത്തെ നായകനാക്കണം എന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായം. എന്നാൽ, ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആർസിബിയെ തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാറിനെ പരിഗണക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെയല്ലാതെ ആരെ ക്യാപ്റ്റനാക്കുമെന്നതില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകമാകും എന്നാണ് റിപ്പോർട്ട്.

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

കൊല്‍ക്കത്ത: വെല്ലുവിളികളെ അതിജീവിക്കുന്ന സ്വഭാവവും ബംഗാളിന്റെ രാഷ്ട്രീയ മനോഭാവം കൃത്യമായി വായിച്ചെടുക്കാനുള്ള കഴിവും കൊണ്ട് സ്വന്തം പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ് മമത ബാനര്‍ജി. എന്നാല്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള കഴിഞ്ഞ ഒരു മാസം അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലമായി മാറിയിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭയില്‍ ശക്തമായ ഭൂരിപക്ഷത്തോടെ നിലകൊണ്ടിരുന്നു. പാര്‍ട്ടിയുടെ മുഖവും അനിഷേധ്യ നേതാവും മമതയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. അതിലും വലിയ ആഘാതമായിരുന്നു മമതയുടെ സ്വന്തം മണ്ഡലമായ ഭബാനിപുരില്‍ നിന്നുള്ള തോല്‍വി. വര്‍ഷങ്ങളായി അവരുടെ രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടാണ് അവര്‍ പരാജയപ്പെട്ടത്.

തോല്‍വിയോടെ, ടിഎംസിക്ക് നിയമസഭയിലെ അംഗബലം 80ലേക്ക് ചുരുങ്ങി. 2021ലെ തെരഞ്ഞെടുപ്പില്‍ 215 എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബുധനാഴ്ച, ടിഎംസിയിലെ വിമത എംഎല്‍എമാരുടെ സംഘം 58 എംഎല്‍എമാരുടെ പിന്തുണാ കത്തുകള്‍ നിയമസഭാ സ്പീക്കറായ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്്പീക്കറുടെ അനുമതി ലഭിച്ചതോടെ, ടിഎംസിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മമതയില്‍ നിന്ന് അകന്നുപോയെന്ന സന്ദേശമാണ് പുറത്തുവന്നത്.

ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഋതബ്രത ബാനര്‍ജിയെയും മറ്റൊരു എംഎല്‍എയായ സന്ദിപന്‍ ഷായെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ടിഎംസി പുറത്താക്കിയത്. എന്നാല്‍ ഈ നടപടി പാര്‍ട്ടിക്കുള്ളിലെ കലാപം അവസാനിപ്പിക്കുന്നതിന് പകരം അതിന് കൂടുതല്‍ വേഗം നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഉയര്‍ച്ചയും വീഴ്ചയും

അതിവേഗത്തിലായിരുന്നു ബംഗാളില്‍ ടിഎംസിയുടെ വളര്‍ച്ച. 2011ല്‍ ഇടതുമുന്നണിക്കെതിരായ ജനവികാരത്തെ മുതലാക്കി പാര്‍ട്ടി 184 സീറ്റുകള്‍ നേടി. സഖ്യകക്ഷികളുമായി ചേര്‍ന്ന് 34 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചു. 2016ല്‍ 211 സീറ്റുകള്‍ നേടി ആധിപത്യം ഉറപ്പാക്കി. 2021ല്‍ മമതയുടെ നേതൃത്വത്തില്‍ 294 അംഗ നിയമസഭയില്‍ 215 സീറ്റുകള്‍ നേടി പാര്‍ട്ടി അതിന്റെ ഔന്നത്യത്തിലെത്തി. എന്നാല്‍ ഇന്ന്, മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് മമത നേരിടുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും സംഘടനാപരമായ കലാപങ്ങളും ആശയപരമായ പോരാട്ടങ്ങളും അവര്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവരുടെ അധികാരത്തിന്റെ അടിസ്ഥാനമായ പാര്‍ട്ടി നിയന്ത്രണത്തെ നേരിട്ട് ബാധിക്കുന്നതാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടി പിളര്‍ന്നതില്‍ വലിയ അദ്ഭുതമില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ ശുഭോമയ് മിത്ര പറയുന്നത്. ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം 2011ല്‍ തന്നെ ടിഎംസി കൈവരിച്ചു. അതിന് ശേഷം പാര്‍ട്ടിക്ക് ശക്തമായ ആശയ അടിത്തറയോ സംസ്ഥാന വികസനത്തിനുള്ള ദീര്‍ഘവീക്ഷണമോ ഉണ്ടായിരുന്നില്ല. അതിനാല്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് ശേഷിച്ചതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണം പൂര്‍ണമായും കൈവിട്ടുപോകുന്നത് തടയാന്‍ ടിഎംസി നിരവധി സംഘടനാ സമിതികളും അനുബന്ധ ഘടകങ്ങളും പിരിച്ചുവിട്ടിട്ടുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പിളരുന്നത് തടയാനുള്ള അവസാന ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി ‘പണം, അറസ്റ്റ്, ഭീഷണി’ എന്നിവ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. ബംഗാളിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം വിമതരെ ഉടന്‍ ബിജെപിയിലേക്ക് ഉള്‍പ്പെടുത്താനുള്ള താല്‍പര്യം ബിജെപിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. അവിടെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട വിമത വിഭാഗത്തെ പ്രത്യേക രാഷ്ട്രീയ ശക്തിയായി വളരാന്‍ ബിജെപി അനുവദിച്ചിരുന്നു. ഇപ്പോള്‍ ബംഗാളിലും ‘ഷിന്‍ഡെ മോഡല്‍’ എന്ന ചര്‍ച്ച ശക്തമാകുന്നത് സമാന രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

തിരിച്ചുവരവ് സാധ്യമോ?

70 വയസ് പിന്നിട്ട മമതയ്ക്ക്, മുമ്പത്തെ അതേ ഊര്‍ജത്തോടെ തിരിച്ചുവരവ് പ്രയാസമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍ മമതയുടെ രാഷ്ട്രീയ ജീവിതത്തിന് ഇതോടെ വിരാമമിടുന്നത് തെറ്റായ നിരീക്ഷണമാകുമെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 34 വര്‍ഷം ഭരിച്ച ഇടതുമുന്നണിയെ പുറത്താക്കുകയും, പലവട്ടം രാഷ്ട്രീയ അസ്തമയം പ്രവചിക്കപ്പെട്ടിട്ടും അതിനെ അതിജീവിക്കുകയും, ഒരു പ്രാദേശിക പ്രസ്ഥാനത്തെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലൊന്നാക്കി മാറ്റുകയും ചെയ്ത നേതാവാണ് അവര്‍. വിമത വിഭാഗം പോലും ഇപ്പോഴും മമതയെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുന്നുവെന്നത്് ശ്രദ്ധേയമാണ്. അതായത് അവരുടെ പ്രതിഷേധം മമതയ്ക്കെതിരെയല്ല, നിലവിലെ നേതൃത്വ ഘടനയ്ക്കെതിരെയാണെന്നാണ് സൂചന.

ടിഎംസിയുടെ മുതിര്‍ന്ന നേതാവായ സൗഗത റോയിയുടെ അഭിപ്രായത്തില്‍, പോരാളിയായ മമത ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ സാധ്യതയുണ്ട്. ‘രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികള്‍ താല്‍ക്കാലികമാണ്. പത്ത് വര്‍ഷം മുമ്പ് ബിജെപിക്ക് നിയമസഭയില്‍ വെറും മൂന്ന് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവര്‍ എവിടെയാണെന്ന് നോക്കൂ.ഇതും ശാശ്വതമല്ല. മമത കാത്തിരിക്കണം. വിമതരെന്ന് പറയപ്പെടുന്ന എംഎല്‍എമാരും വൈകാതെ പാര്‍ട്ടിയിലേക്ക് മടങ്ങിവരും’ -സൗഗത റോയ് പറയുന്നു. അഭിഷേക് ബാനര്‍ജിക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം കൈകാര്യം ചെയ്യാന്‍ മമതയ്ക്ക് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

മമത ബാനര്‍ജിക്ക് ഒരിക്കല്‍ കൂടി പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും ഉയരുന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍, സ്വന്തം ജനപ്രീതിയും പാര്‍ട്ടിയിലെ സ്വാധീനവും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അതില്‍ പരാജയപ്പെട്ടാല്‍, ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ തുടക്കമായി ഈ പ്രതിസന്ധി ചരിത്രത്തില്‍ ഇടംനേടും.

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിങ്ടണ്‍: ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയില്‍ പാസായി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്നത് ശ്രദ്ധേയമാണ്. 208നെതിരെ 215 വോട്ടുകള്‍ക്ക് പാസായ പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ തന്നെ ഈ പ്രമേയം പാസായത് ട്രംപിനെതിരായ അസാധാരണ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ട്രംപിന്റെ ഇറാന്‍ യുദ്ധനയത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളിലും അസ്വസ്ഥത വര്‍ധിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രമേയപ്രകാരം, കോണ്‍ഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെങ്കില്‍, ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്കന്‍ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണെന്ന വാദമാണ് പ്രമേയത്തിന്റെ അടിസ്ഥാനം.

മൂന്ന് മാസം മുമ്പ് ആരംഭിച്ച ഇറാന്‍ സംഘര്‍ഷം യുഎസില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. യുദ്ധം മൂലം ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന വിമര്‍ശനവും ശക്തമാണ്. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ട്രംപിന് വ്യക്തമായ ദീര്‍ഘകാല തന്ത്രമില്ലെന്നും, യുദ്ധം അമേരിക്കയെ മറ്റൊരു ദീര്‍ഘകാല സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും ആരോപിച്ചു.

ട്രംപിന്റെ ഇറാനിലെ യുദ്ധ അധികാരം നിയന്ത്രിക്കാന്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവ പരാജയപ്പെടുകയോ സഭാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ വോട്ടെടുപ്പ് ഒഴിവാക്കപ്പെടുകയോ ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ ഒരു പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴാണ് ആദ്യമായി അത് സഭയില്‍ പാസാകുന്നത്. പ്രതിനിധി സഭയില്‍ പാസായ പ്രമേയം ഉടന്‍ നിയമമാകില്ല. ഇനി അത് സെനറ്റില്‍ പാസാകണം. സെനറ്റില്‍ പ്രാഥമിക പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ വോട്ടെടുപ്പ് നടന്നിട്ടില്ല.

സെനറ്റും പ്രമേയം പാസാക്കിയാല്‍ അത് ട്രംപിന്റെ യുദ്ധാധികാരത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ വലിയ തര്‍ക്കത്തിലേക്ക് നയിക്കാം. സെനറ്റില്‍ പാസായാലും പ്രമേയത്തെ പ്രസിഡന്റിന് വീറ്റോ ചെയ്യാനാകും. എന്നാല്‍ പ്രസിഡന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ എത്രത്തോളം സ്വതന്ത്രമായി സൈനിക നടപടി സ്വീകരിക്കാമെന്നും കോണ്‍ഗ്രസിന്റെ അധികാരം എവിടെ തുടങ്ങുന്നുവെന്നും സംബന്ധിച്ച നിയമപോരാട്ടത്തിനും ഇത് വഴിവെച്ചേക്കും.

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച വാര്‍ത്ത വ്യാജമെന്ന് പിഐബി ഫാക്ട് ചെക്ക് എക്‌സില്‍ കുറിച്ചു. ഏകദേശം 12 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വര്‍ണം ആര്‍ബിഐ വിറ്റഴിച്ചുവെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐയുടെ ഔദ്യോഗിക കണക്കുകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി.

സമീപ മാസങ്ങളിലായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അനുപാതം 2025 സെപ്റ്റംബര്‍ അവസാന വാരത്തിലെ 13.92 ശതമാനത്തില്‍ നിന്ന് 2026 മാര്‍ച്ച് 31-ഓടെ 16.70 ശതമാനമായും, 2026 മെയ് 22 ആയപ്പോഴേക്കും 16.85 ശതമാനമായും ഉയര്‍ന്നതായി പിഐബി ഫാക്ട് ചെക്ക് വിശദീകരിക്കുന്നു.

2026 മെയ് 22-ലെ കണക്കനുസരിച്ച് രാജ്യത്തിന്റെ സ്വര്‍ണശേഖരം 880.52 മെട്രിക് ടണ്‍ ആണെന്നും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഇതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81.82 ബില്യണ്‍ ഡോളറായിരുന്ന സ്വര്‍ണശേഖരത്തിന്റെ മൂല്യം 2026 ഏപ്രില്‍ 24 ആയപ്പോഴേക്കും 120.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണവിലയിലുണ്ടായ വര്‍ധനവും കരുതല്‍ ശേഖരത്തിലുണ്ടായ പുരോഗതിയുമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം.

ഇന്ത്യയുടെ സ്വര്‍ണശേഖരം സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലൂടെയും മറ്റ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് പിഐബി ഫാക്ട് ചെക്ക് ചൂണ്ടിക്കാട്ടി. വിദേശനാണ്യ ശേഖരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്കായി പൗരന്മാരും മാധ്യമ സ്ഥാപനങ്ങളും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ സ്ഥിരീകരിച്ച വിവരങ്ങളെ ആശ്രയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2026 ഏപ്രില്‍ 24 വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരം 698.49 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ വിദേശ കറന്‍സി ആസ്തികള്‍ 554.62 ബില്യണ്‍ ഡോളറും, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 18.77 ബില്യണ്‍ ഡോളറും, അന്താരാഷ്ട്ര നാണയ നിധിയിലെ റിസര്‍വ് ട്രാന്‍ഞ്ച് പൊസിഷന്‍ 4.86 ബില്യണ്‍ ഡോളറുമാണുമെന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

കൊല്‍ക്കത്ത: കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ ചരിത്ര വിജയവുമായി ബിജെപി അധികാരത്തിലെത്തിയത്. കേന്ദ്രം മുന്നോട്ടുവെക്കുന്ന നയങ്ങളപ്പാടെ സംസ്ഥാനത്തും നടപ്പാക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ‘ഡിറ്റക്ട്, ഡിലീറ്റ് ആന്‍ഡ് ഡീപോര്‍ട്ട്’ (കണ്ടെത്തുക, പേരുവെട്ടുക, നാടുകടത്തുക) നയം അതിര്‍ത്തി ജില്ലകളിലാകെ ഭയം വിതച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനു (എസ്‌ഐആര്‍) പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, സ്വന്തം മണ്ണില്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. രേഖകളില്ലാത്തവരെ നാടുകടത്താന്‍ സംസ്ഥാനത്ത് പ്രത്യേക കേന്ദ്രങ്ങളൊരുങ്ങിയിട്ടുണ്ട്.

‘കുടുംബത്തിലെ എല്ലാവരുടെയും വോട്ടര്‍ ഐഡിയും ആധാറും റേഷന്‍ കാര്‍ഡുമായാണ് ഞാന്‍ എപ്പോഴും സഞ്ചരിക്കുന്നത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പോലും വോട്ടര്‍ ഐഡിയും ആധാറും കരുതും. കഴിഞ്ഞ രണ്ട് മാസത്തിനിടെ അത് ശീലമായിക്കഴിഞ്ഞു. എന്റെ ഉള്ളില്‍ ഭയമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല, അതിനു കാരണം എന്റെ മതമാണെന്ന വസ്തുതയും തള്ളിക്കളയുന്നില്ല’ -മാള്‍ഡയിലെ മാതബാരി സ്വദേശിയായ തൈമൂര്‍ ഖാന്റെ വാക്കുകളാണിത്. രണ്ട് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കിയത്. 91 ലക്ഷം പേര്‍, അതായത് 10.9 ശതമാനം വോട്ടര്‍മാരെയാണ് നടപടിയിലൂടെ പട്ടികയില്‍നിന്ന് പുറത്താക്കിയത്. ഇതില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു.

ബംഗാളിലെ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് എസ്‌ഐആറിന്റെ തിക്തഫലം രൂക്ഷമായി അനുഭവിക്കേണ്ട സാഹചര്യമുണ്ടായത്. പല കുടുംബത്തിലും മൂന്നും നാലും പേര്‍ക്ക് വോട്ടവകാശം നഷ്ടമായി. ഏഴ് തലമുറകള്‍ താമസിച്ച മണ്ണില്‍ ആയിരക്കണക്കിനു പേര്‍ വിദേശികളായി മുദ്രകുത്തപ്പെട്ടു. ബംഗ്ലാദേശികളെന്ന പേരില്‍ പൊലീസ് അറസ്റ്റ് തുടരുകയാണ്. ആരോട് പരാതിപ്പെടണമെന്നോ തങ്ങള്‍ക്കായി വാദിക്കാന്‍ ആരു വരുമെന്നോ അറിയാതെ ലക്ഷക്കണക്കിനു പേരാണ് അരക്ഷിതാവസ്ഥയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുര്‍ഷിദാബാദില്‍ 4.55 ലക്ഷം പേര്‍ക്കും മാള്‍ഡയില്‍ 2.93 ലക്ഷം പേര്‍ക്കുമാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

പരാതിപ്പെട്ട പലരുടെയും കേസ് ട്രൈബ്യൂണല്‍ ഇനിയും പരിശോധിച്ചു വരുന്നതേയുള്ളൂ. ഇതിനിടെ രേഖകളില്ലാത്തവരെ പൂട്ടാന്‍ പൊലീസിന്റെ തിരക്കിട്ട നടപടികള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന പലര്‍ക്കും രേഖകളും ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായെത്തിയ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ്. പൊലീസ് നടപടികള്‍ ചോദ്യം ചെയ്താല്‍ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി നാടുകടത്തുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടെന്ന് മാള്‍ഡയില്‍ അധ്യാപകനായ അലി ഹുസൈന്‍ പറയുന്നു. പൊലീസിന് എല്ലാ പിന്തുണയുമായി സുവേന്ദു സര്‍ക്കാരും രംഗത്തുണ്ടെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

2025ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി നടപ്പാക്കിയ നാടുകടത്തല്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിദേശികളെ കണ്ടെത്താനും പ്രത്യേക ജയിലുകളിലാക്കാനും ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാള്‍ഡയിലെ പൊലീസ് സൂപ്രണ്ടും പറയുന്നു.

ബംഗാളില്‍ നടക്കുന്നത് നഗ്നമായ അവകാശ ലംഘനങ്ങളാണെന്ന് പൗരാവകാശ പ്രവര്‍ത്തകനായ സികാന്ത ദാസ് ചൂണ്ടിക്കാണിക്കുന്നു. ‘ഈ നടപടികളിലൂടെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ്. അടിത്തറ ഇല്ലാതാക്കാന്‍ ഒരുകൂട്ടം ജനങ്ങളുടെ സ്വത്വം ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എപ്പോഴും അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഒരു പൗരനെയും ശത്രുവിനെയും ഇനി വേര്‍തിരിക്കുന്നത് നിയമമല്ല. എല്ലാം ഭരണത്തിലിരിക്കുന്നവര്‍ തീരുമാനിക്കുന്നു. ഭയാനകമായ സാഹചര്യമാണിത്’ -സികാന്ത ദാസിന്റെ ഈ വാക്കുകളിലുണ്ട് ബംഗാളിലെ ജനം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രം.