ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: 21 പേര്‍ മരിച്ച സംഭവത്തില്‍ പാചകക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യനഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍, പാചകക്കാരന്റെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മറ്റ് ചിലരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മാളവ്യനഗറിലെ ഫ്‌ളറിഷ് സ്റ്റേ ബിഎന്‍ബി ഹോട്ടലില്‍ വന്‍ തീപിടിത്തമുണ്ടായത്. 17 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കെട്ടിടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകളും അഗ്‌നിസുരക്ഷാ സംവിധാനത്തില്‍ വലിയ പോരായ്മകളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.കെട്ടിടത്തിലെ ജനലുകളും ഗ്ലാസ് പാനലുകളും പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതുമൂലം പുകയും ചൂടും പുറത്തേക്ക് പോകാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. കൂടാതെ ബേസ്‌മെന്റിലേക്കുള്ള പ്രവേശന കവാടം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബേസ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ 10 മിനിറ്റ് സമയം വേണ്ടിവന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിനുള്ള വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയത്.

പരിക്കേറ്റ 15 പേര്‍ ഇപ്പോള്‍ സാകേതിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഏതാനും പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രി വാര്‍ഡുകളിലുമായി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജ്, സ്വീറ്റി സര്‍ക്കാര്‍, പുഷ്‌പോ സര്‍ക്കാര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഉടമ ലവ്‌കേഷ് ബജാജിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചകളാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

ഇംഗ്ലിവുഡ്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ അമേരിക്കയില്‍ സമര ആഹ്വാനവുമായി ലോസ് ഏഞ്ചല്‍സിലെ സ്‌റ്റേഡിയം ജീവനക്കാര്‍. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ കാലിഫോര്‍ണിയയിലെ ഇംഗ്ലിവുഡിലുള്ള സോഫി സ്റ്റേഡിയത്തിലെ 2,000ത്തോളം ബാര്‍ടെന്‍ഡര്‍മാര്‍, സെര്‍വര്‍മാര്‍, പാചകക്കാര്‍, ക്ലീനിങ് സ്റ്റാഫ് ജോലിക്കെത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

സ്റ്റേഡിയത്തിലെ ഭക്ഷ്യ സേവന ദാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ജീവനക്കാര്‍ സമരത്തിലേക്കെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ലോസ് ഏഞ്ചല്‍സിനടുത്തുള്ള സ്റ്റേഡിയത്തില്‍ പരാഗ്വേയ്ക്കെതിരായ യുഎസിന്റെ ആദ്യ ലോകകപ്പ് മത്സരം നടക്കാനിരിക്കെയാണ് പണിമുടക്കിനെ പിന്തുണച്ച് ജീവനക്കാര്‍ വോട്ടുചെയ്തത്.

തൊഴിലാളികളുമായി കരാറിലെത്തിയില്ലെങ്കില്‍ ജൂണ്‍ 12 ന് പണിമുടക്കുമെന്ന് യൂണിയന്‍ അംഗം യോലാന്‍ഡ ഫിയറോ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ കുടിയേറ്റ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളവും സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ജോലിക്കാര്‍ക്ക് വാടക നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സുമെന്റിന്റെ നടപടി നേരിടേണ്ടി വരുന്നത്. ലോസ് ഏഞ്ചല്‍സിന് ലോകകപ്പ് കൊണ്ട് എന്താണ് പ്രയോജനം? യുണൈറ്റ് ഹിയര്‍11 സഹ-പ്രസിഡന്റ് കര്‍ട്ട് പീറ്റേഴ്സണ്‍ പറഞ്ഞു.

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം: ഞായറാഴ്ച അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം: ഞായറാഴ്ച അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം

ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ (ജൂണ്‍ 7) വരെ നീട്ടി. നാളെ അര്‍ദ്ധരാത്രി വരെയാണ് സമയം. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് വെരിഫിക്കേഷനും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമായി ഉപയോഗിക്കുന്ന സിബിഎസ്ഇയുടെ ‘പോസ്റ്റ്-റിസള്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍’ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ സമയപരിധി നീട്ടല്‍. ലഭിച്ച ഉത്തരക്കടലാസുകളുടെ ചിത്രങ്ങള്‍ വ്യക്തമല്ലാത്തതും പേജുകള്‍ നഷ്ടപ്പെട്ടതുമായുള്ള റിപ്പോര്‍ട്ടുകള്‍, വെരിഫിക്കേഷന്‍, എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിരന്തരം ‘Error Message’ ആണ് കാണിച്ചിരുന്നത്. ലോഗിൻ ചെയ്തവർക്ക് തന്നെ ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേ കൃത്യമായി പ്രവർത്തിച്ചില്ല. പോർട്ടലിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടായാൽ അത് ബോധിപ്പിക്കാൻ പ്രത്യേക ഓപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ സി.ബി.എസ്.ഇക്ക് നേരിട്ട് ഇമെയിൽ വഴി പരാതികൾ അയച്ചതോടെയാണ് ബോർഡ് സമയം നീട്ടി നൽകാൻ തയ്യാറായത്.

അപേക്ഷിക്കാനുള്ള സമയം നീട്ടി കിട്ടിയത് വിദ്യാർത്ഥികൾക്ക് താല്ക്കാലികമായി ആശ്വാസമാണെങ്കിലും അപേക്ഷാ തീയതി നീളുന്നതോടെ പുനർമൂല്യനിർണ്ണയത്തിന്റെ അന്തിമ ഫലപ്രഖ്യാപനവും സ്വാഭാവികമായി വൈകും. നിലവിൽ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

ബംഗളൂരു: കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടേയും ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി രൂപയാണ് ഇതിനായി സര്‍ക്കാരിന് വരുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.

നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ബസ് പാസുകളുണ്ട്. ഇതിനകം തന്നെ പാസുകള്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് പണം തിരികെനല്‍കാന്‍ നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും.

ഭാര്യയോട് ദിവസങ്ങളോളം സംസാരിക്കാതിരിക്കുന്നത് ക്രൂരതയല്ല: ആത്മഹത്യാ കേസില്‍ സുപ്രീംകോടതി

ഭാര്യയോട് ദിവസങ്ങളോളം സംസാരിക്കാതിരിക്കുന്നത് ക്രൂരതയല്ല: ആത്മഹത്യാ കേസില്‍ സുപ്രീംകോടതി

ഡല്‍ഹി: ഭാര്യയോട് ദിവസങ്ങളോളം സംസാരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അത് പങ്കാളികള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതാകുന്നതിന് കാരണമായേക്കാമെന്നും നിരീക്ഷിച്ച കോടതി ഭര്‍ത്താവിനെതിരെയുള്ള ആത്മഹത്യാ പ്രേരണകുറ്റം ഒഴിവാക്കി.

ദിവസങ്ങളോളം സംസാരിക്കാതെ ഭാര്യയോട് ക്രൂരത കാണിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരം ഭര്‍ത്താവിന് വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദ്പൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഭര്‍ത്താവ് 13 ദിവസമായി സംസാരിക്കാത്തതിനെത്തുടര്‍ന്നാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.

13 ദിവസത്തേയ്ക്ക് ആശയവിനിമയം നടത്താതിരുന്നതില്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ കേസ് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് ഒരിക്കലും കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടായ കേസ് പോലുമല്ല ഇതെന്നും ഭര്‍ത്താവിനെതിരെയുള്ള ക്രൂരതയുടെ ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ഒരു സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനോ, പരിക്കേല്‍പ്പിക്കാനോ, മാനസികാരോഗ്യത്തിന് അപകടമുണ്ടാക്കാനോ തക്ക ഗൗരവമുള്ളതാണോ ആ പ്രവൃത്തിയെന്ന് നിരീക്ഷിത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ വെച്ചാണ് യുവതി തൂങ്ങിമരിച്ചത്. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 3 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിരുന്നതായി ആരോപണമുണ്ട്. ഭര്‍ത്താവ് പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും, ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

ഭര്‍തൃവീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സ്വന്തം വീട്ടിലേക്ക് പോയതിന് ഭര്‍ത്താവ് യുവതിയെ ശകാരിച്ചതായും ഫോണില്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു. സംസാരിക്കാതിരിക്കുന്നത് യുവതിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കേസ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഐപിസി 498-എ (ഭാരതീയ ന്യായ് സംഹിത സെക്ഷൻ 85), 304- എ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ആളും ഉണ്ട്.

ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയും 498(എ) വകുപ്പ് പ്രകാരമുള്ള ശിക്ഷ നിലനിര്‍ത്തുകയും ചെയ്തു. ഭര്‍ത്താവ് സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതും, ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതിലുള്ള അതൃപ്തിയുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദമാണ് 498-എ പ്രകാരമുള്ള ശിക്ഷയ്ക്ക് കാരണമായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ആരോപണങ്ങള്‍ സംശയരഹിതമായി തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ഐപിസി 498-എ വകുപ്പ് ഉള്‍പ്പെടുന്ന കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കല്ല. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ പ്രകാരം, പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും വിസ ലഭിക്കാത്തതിനാലും യുവതിക്ക് ഭര്‍ത്താവിനൊപ്പം മസ്‌കറ്റിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകളുടെ അഭാവത്തില്‍, മരിച്ചയാളോട് പതിമൂന്ന് ദിവസത്തേക്ക് ആശയവിനിമയം നടത്താതിരുന്നത് കൊണ്ടുമാത്രം ഈ കേസില്‍ ക്രൂരതയുടെ പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നീറ്റ് ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

നീറ്റ് ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത 19 വയസ്സുകാരിയായ വിദ്യാർഥിനിയുടെ കുറിപ്പാണ് കണ്ടെടുത്തത്. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദി മെയ് 20 നാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കിയാണ് കുട്ടി ജീവനൊടുക്കിയത്.

‘അമ്മേ, അച്ഛാ.. നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷ എഴുതിയാൽ എനിക്ക് നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. വീണ്ടും എഴുതിയാൽ വിജയിക്കുമെന്നും ഉറപ്പില്ല. എന്നോട് ക്ഷമിക്കൂ’’ – കത്തിൽ ആകാംക്ഷ കുറിച്ചു.

മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷയും. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കി. ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു. ഭക്ഷണം പോലും കഴിക്കാതായെന്ന് ബന്ധുക്കൾ പറഞ്ഞു.

പരീക്ഷയിൽ ഏകദേശം 650 മാർക്ക് വരെ ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതായി വീട്ടുകാർ വ്യക്തമാക്കി. രണ്ടു വർഷമായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്കുള്ള കഠിന പരിശീലനത്തിലായിരുന്നു കുട്ടി. മധ്യപ്രദേശിലെ മൗ​ഗഞ്ച് സ്വദേശികളാണെങ്കിലും കുടുംബം മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് താമസിച്ചിരുന്നത്. കർഷകനായ പിതാവ് കൃഷ്ണകുമാർ ചൗബെ മകളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനായി പാചകത്തൊഴിലാളിയായും ജോലി ചെയ്തിരുന്നു.

മകളുടെ എൻട്രൻസ് തയ്യാറെടുപ്പുകൾക്കായി കൃഷ്ണകുമാർ ചൗബെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നു ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. മെയ് 20 ന് നാ​ഗ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആകാംക്ഷയുടെ ആത്മഹതായക്കുറിപ്പ് കഴിഞ്ഞദിവസമാണ് മാതാപിതാക്കൾ കണ്ടെടുത്തത്. ഇത്തവണ മകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കുടുംബം. നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്താകെ ആറു കുട്ടികളാണ് ജീവനൊടുക്കിയത്. ആകാംക്ഷയുടേത് ആത്മഹത്യയല്ല, മോദിയുടെ കീഴിൽ തകർന്ന, അഴിമതി നിറഞ്ഞ സംവിധാനങ്ങളുടെ പ്രത്യാഘാതമാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി കുറ്റപ്പെടുത്തി.