ഗൂഗിളിന് ഹൈക്കോടതിയുടെ പൂട്ട്!; കുറ്റവിമുക്തരാക്കപ്പെട്ടവരുടെ വിവരങ്ങൾ സെർച്ച് റിസൾട്ടിൽ നിന്ന് നീക്കാൻ ഉത്തരവ്

ഗൂഗിളിന് ഹൈക്കോടതിയുടെ പൂട്ട്!; കുറ്റവിമുക്തരാക്കപ്പെട്ടവരുടെ വിവരങ്ങൾ സെർച്ച് റിസൾട്ടിൽ നിന്ന് നീക്കാൻ ഉത്തരവ്

ഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിനായി ‘മറക്കപ്പെടാനുള്ള അവകാശം’ അഥവാ ‘റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍’ ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. കേസുകളില്‍ വെറുതെവിട്ടവരുടേയോ കുറ്റപത്രം റദ്ദാക്കപ്പെട്ടവരുടെയോ സ്വകാര്യ സ്വഭാവമുള്ള തര്‍ക്കങ്ങളില്‍ ഉള്‍പ്പെട്ടവരുടെയോ പേരുകള്‍ ഉപയോഗിച്ച് കോടതിവിധികളും വാര്‍ത്തകളും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന രീതിയിലുള്ള തിരച്ചില്‍ സംവിധാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിന്‍ ഓപ്പറേറ്റര്‍മാരോട് കോടതി.

വിധിന്യായങ്ങള്‍, ഉത്തരവുകള്‍ അല്ലെങ്കില്‍ വാര്‍ത്താ ലേഖനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേര് അടിസ്ഥാനമാക്കിയുള്ള നെറ്റിലെ പരിശോധനകളിൽ വിവരങ്ങള്‍ വരുന്നത് നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. 144 പേജുകളുള്ള വിധിയില്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളും ഇന്ത്യന്‍ കാനൂണ്‍ പോലുള്ള നിയമ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമുകളും വ്യക്തികളുടെ പേരിനെ അടിസ്ഥാനമാക്കി കോടതി രേഖകള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

കുറ്റവിമുക്തരായ വ്യക്തികളുടെ പേരുകള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ പഴയ കേസുകളുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും തൊഴില്‍ അവസരങ്ങളെയും വ്യക്തിപരമായ മാന്യതയെയും ദീര്‍ഘകാലമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നതിനാല്‍, വ്യക്തിക്ക് തന്റെ പഴയ നിയമപ്രശ്‌നങ്ങളില്‍ നിന്ന് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നെഞ്ചുവേദന; ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

നെഞ്ചുവേദന; ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍

ഡല്‍ഹി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംപി.

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

നീറ്റ് വിവാദം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് 58% എന്‍ഡിഎ വോട്ടര്‍മാര്‍; എന്‍ടിഎ പിരിച്ചുവിടണമെന്നും ആവശ്യം

നീറ്റ് വിവാദം: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് 58% എന്‍ഡിഎ വോട്ടര്‍മാര്‍; എന്‍ടിഎ പിരിച്ചുവിടണമെന്നും ആവശ്യം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കെ, സിവോട്ടര്‍ നടത്തിയ സര്‍വേയില്‍ അമ്പരപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. സര്‍വേ പ്രകാരം, ഭരണകക്ഷിയായ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരില്‍ 58 ശതമാനം പേരും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പുകാരായ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നിലവിലെ രൂപത്തില്‍ തുടരേണ്ടതില്ലെന്നും വലിയൊരു വിഭാഗം പ്രതികരിച്ചു.

സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണം എന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം തുടരണമെന്ന് പറഞ്ഞത്. ശേഷിക്കുന്നവര്‍ വ്യക്തമായ പ്രതികരണം നല്‍കിയില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ അനുകൂലികളില്‍ തന്നെ 58 ശതമാനം പേര്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും രാജി ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്നതാണ് ഇതെന്ന് സര്‍വേപറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ വിദ്യാഭ്യാസമന്ത്രിയെയാണ് ചൂണ്ടിക്കാട്ടിയത്. 12 ശതമാനം പേര്‍ എന്‍ടിഎയെ കുറ്റപ്പെടുത്തി. 24 ശതമാനം പേര്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ശേഷിക്കുന്നവര്‍ കോച്ചിങ് സെന്ററുകളെയും മറ്റ് ഘടകങ്ങളെയും കുറ്റപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ എന്‍ടിഎ പിരിച്ചുവിടണം എന്ന് അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പ് വീണ്ടും സംസ്ഥാനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറണമെന്ന് പലരും ആവശ്യപ്പെട്ടു. കേന്ദ്രവത്കരിച്ച പരീക്ഷാ സംവിധാനം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് വിമര്‍ശനം.

മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പിന്നാലെ, പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്‍ടിഎ പിരിച്ചുവിടണമെന്നും പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനിടെയാണ് സിവോട്ടര്‍ സര്‍വേ ഫലവുമായി രംഗത്തെത്തിയത്. എന്‍ഡിഎ അനുകൂലികളില്‍ പോലും ഭൂരിപക്ഷം വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതും എന്‍ടിഎ പിരിച്ചുവിടണമെന്ന് പറയുന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഇതോടെ, ജൂണ്‍ 21ന് നടക്കുന്ന പുനഃപരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നത് കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം

ഡല്‍ഹി: വിദ്യാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകല്‍ മുഴുവന്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ശരിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്നു മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം.

സാങ്കേതിക പിഴവുകള്‍ പരമാവധി കുറയ്ക്കാനും അപേക്ഷാ നടപടികള്‍ സുഗമമാക്കാനും ലക്ഷ്യമിട്ട്, പോര്‍ട്ടല്‍ ലോഞ്ചിനൊപ്പം സിബിഎസ്ഇ വിശദമായ ഒരു നിര്‍ദ്ദേശ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് postresult.cbseit.in/pvr/ എന്ന ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ലിങ്ക് സന്ദര്‍ശിച്ച ശേഷം, വിദ്യാര്‍ഥികള്‍ തങ്ങളുടെ പരീക്ഷാ തരം തെരഞ്ഞെടുത്ത് റോള്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്യണം.

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം; ഫുട്ബോൾ ലോകകപ്പ്‌ തത്സമയം ഇന്ത്യയിൽ കാണാം

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം; ഫുട്ബോൾ ലോകകപ്പ്‌ തത്സമയം ഇന്ത്യയിൽ കാണാം

ഡൽഹി: കിക്കോഫിന് വെറും പത്ത് ദിവസങ്ങൾ മാത്രം അവശേഷിക്കെ ലോകകപ്പ് ഫുട്ബോൾ എവിടെ തത്സമയം കാണുമെന്ന ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ആശങ്കയ്‌ക്ക്‌ അവസാനമായി. ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടെയ്‌ൻമെന്റ് ഫിഫയിൽ നിന്നും സ്വന്തമാക്കി. ‘യുണൈറ്റഡ്‌ 8 സ്‌പോർട്‌സ്‌’ എന്ന ചാനലിൽ മത്സരങ്ങൾ തത്സമയം കാണാം.

ഇന്ത്യയിൽ 16 സമയങ്ങളിലാണ്‌ കളികൾ. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ്‌ എല്ലാ മത്സരങ്ങളും. രാത്രിയിൽ 9.30 നും 10.30നും. പിന്നീട്‌ അർധരാത്രി 12.30 മുതൽ രാവിലെ 9.30 വരെ നീളും. ആതിഥേയരായ മെക്‌സിക്കോ ഉദ്‌ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്‌ ജൂൺ 11ന്‌ രാത്രി 12.30ന്‌. ജൂലൈ 19ന്‌ രാത്രി 12.30നാണ് ഫൈനൽ.

ഇന്ത്യയിൽ സംപ്രേഷണാവകാശം നേടാൻ പ്രധാന സ്ഥാപനങ്ങളൊന്നും തുടക്കത്തിൽ തയ്യാറായിരുന്നില്ല. 956 കോടി രൂപയാണ്‌ ഫിഫ ആവശ്യപ്പെട്ടത്‌. ഇ‍ൗ തുകയ്‌ക്ക്‌ അവകാശം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടില്ലെന്നതാണ്‌ പിന്നോട്ടടിക്ക്‌ കാരണം. ലോകകപ്പ്‌ മത്സരസമയം പ്രധാന തടസ്സമായി. 104 കളിയിൽ 90 ശതമാനവും അർധരാത്രിക്കും പുലർച്ചെ ആറിനും ഇടയിലാണ്‌.

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; ‘എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും’

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; ‘എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും’

ചെന്നൈ: താന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. തന്നെ ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് വിജയ് തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിന്റെ ആദ്യ പൊതുയോഗമായിരുന്നു തിരുച്ചിറപ്പളളിയില്‍ നടന്നത്.

‘ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്ക് മിണ്ടാതിരിക്കാം എന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അധികാരമേറ്റ് അരമണിക്കൂറിനകം അവര്‍ പരാതികള്‍ പറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാര്‍ട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. നിങ്ങള്‍ വിജയ്‌യെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായോ അനിയനായോ ആണ് തെരഞ്ഞെടുത്തത്; മുഖ്യമന്ത്രിയായിട്ടല്ല, മറിച്ച് നിങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ വന്ന നിങ്ങളുടെ മുഖ്യ സേവകനായിട്ടാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുച്ചിറപ്പള്ളിയിലെ ഉപതെരഞ്ഞടുപ്പില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. തിരുച്ചിറപ്പള്ളിയില്‍ നിങ്ങളിലൊരാളാകും സ്ഥാനാര്‍ഥിയെന്നായിരുന്നു വിജയ് പറഞ്ഞു. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ജനം തന്നെ പിന്തുണയ്ക്കുമെന്നും വിമര്‍ശനങ്ങളാണ് തന്റെ ഊര്‍ജമെന്നും വിജയ് പറഞ്ഞു.

താന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ടിവികെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. ചിലര്‍ താന്‍ കോട്ടിട്ട് വരുന്നതിനെ വിമര്‍ശിക്കുന്നുണ്ട്. തനിക്ക് കോട്ട് ഇട്ട് കൂടെയെന്നും വിജയ് ചോദിച്ചു. എല്ലാത്തിലും താന്‍ ബ്ലാക്ക് അന്‍ഡ് വൈറ്റ് ആയി തുടരും. അത് സൂചിപ്പിക്കാനാണ് ബ്ലാക്ക് അന്‍ഡ് വൈറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും വിജയ് പറഞ്ഞു.

തിരുച്ചിറപ്പള്ളിയില്‍ വിജയിന് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. വിമാനത്താവളത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ദൂരം റോഡ് ഷോയായാണ് മുഖ്യമന്ത്രി പൊതുസമ്മേളന വേദിയിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്.