സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി; വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി; വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

സ്ത്രീ ശാക്തീകരണം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കും. പദ്ധതി 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്നും ഗതാഗത വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂ ആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

ഇന്‍ഫ്‌ലുവന്‍സര്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; കൊന്നു കെട്ടിത്തൂക്കിയെന്ന് ആരോപണം

ഇന്‍ഫ്‌ലുവന്‍സര്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; കൊന്നു കെട്ടിത്തൂക്കിയെന്ന് ആരോപണം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മന്‍സി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടിരുന്നതായും മതിയായ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ വേണമെന്ന ആവശ്യത്തെച്ചൊല്ലി ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മന്‍സിയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും മന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

കാന്‍പൂര്‍ സ്വദേശിയായ മന്‍സിയും രജ്പുതും തമ്മിലുള്ള വിവാഹം 2024ലായിരുന്നു. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രജ്പുതിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. വിവാഹസമയത്ത് തങ്ങള്‍ 7 ലക്ഷം രൂപയും മറ്റ് നിരവധി വീട്ടുപകരണങ്ങളും ‘സമ്മാനമായി’ നല്‍കിയിരുന്നതായി മന്‍സിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ രജ്പുതിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അവര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രത്യേകിച്ച് ഒരു കാര്‍ വേണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യമെന്നും മന്‍സിയുടെ കുടുംബം ആരോപിച്ചു. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മന്‍സിയെ മാനസികമായ പീഡിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതെ വന്നതോടെ മന്‍സി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കിരയായതായും കുടുംബം ആരോപിക്കുന്നു. പീഡനവിവരങ്ങള്‍ മന്‍സി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബാംഗങ്ങള്‍ പലതവണ ലഖ്നൗവില്‍ എത്തി മധ്യസ്ഥത വഹിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡന മരണത്തിന് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജ്പുത് നിലവില്‍ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ആശങ്കയായി വീണ്ടും എണ്ണവില വര്‍ധന, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

ആശങ്കയായി വീണ്ടും എണ്ണവില വര്‍ധന, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്നതും എണ്ണവിലയുടെ വര്‍ധനയുമാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 21,106 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത് പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. ഇന്ന് 2.50 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിന് മുകളിലാണ്.

എണ്ണവിലയിലുണ്ടായ വര്‍ധന ഇന്ത്യന്‍ രൂപയിലും പ്രതിഫലിച്ചിട്ടുണ്ട്. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 94.94 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. പ്രധാനമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് നഷ്ടം നേരിടുന്നത്.

ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അണ്ണാമലൈ? അഭ്യൂഹങ്ങള്‍ വീണ്ടും സജീവം

ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അണ്ണാമലൈ? അഭ്യൂഹങ്ങള്‍ വീണ്ടും സജീവം

ചെന്നൈ: തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അടങ്ങുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതോടെ, മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരം അഭ്യൂഹങ്ങള്‍ അങ്ങിങ്ങായി ഉയര്‍ന്ന് കേട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലാണ് പുതിയ പാര്‍ട്ടി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിട്ടുള്ളത്.

എക്‌സ് പ്ലാറ്റ്ഫോമില്‍ അണ്ണാമലൈയുടെ നിരവധി അനുയായികള്‍ പാര്‍ട്ടിയുടെ പേരും കൊടിയുടെ ഡിസൈനും ഒക്കെ പങ്കുവെക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ചിലരുടെ അവകാശവാദം.

അണ്ണാമലൈയുടെ അടുത്തകാലത്തെ ചില പരസ്യ നിലപാടുകളും ഈ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ത്രിഭാഷാ നയം നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്’ പരിപാടിയെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരുന്നതും രാഷ്ട്രീയ നിരീക്ഷകരും അനുയായികളും ചൂണ്ടിക്കാണിക്കുന്നു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുമായി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപി തീരുമാനത്തില്‍ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും എന്‍ഡിഎയ്ക്ക് വേണ്ടി ശക്തമായി പ്രചാരണം നടത്തുകയും ചെയ്തു.

മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ, 2021 ജൂലൈയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു; അന്ന് 37 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായംനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായുള്ള സഖ്യം ബി.ജെ.പി. ഔദ്യോഗികമായി പുനരുജ്ജീവിപ്പിച്ച 2025 വരെ അദ്ദേഹം ആ പദവിയിൽ വിജയകരമായി തുടർന്നു. നേരത്തെ 2023 സെപ്റ്റംബറിൽ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നതിനുശേഷം എഐഎഡിഎംകെ നേതൃത്വത്തെ ഏറ്റവും ശക്തമായ ഭാഷയിൽ വിമർശിച്ച ബിജെപി നേതാക്കളിൽ ഒരാളായിരുന്നു അണ്ണാമലൈ എന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടയിലായിരുന്നു തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പുറത്തുപോകൽ.

എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്ന വിവിധ തരത്തിലുള്ള ഊഹാപോഹങ്ങളെ മുതിർന്ന ബിജെപി നേതാക്കളിലൊരാൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. അണ്ണാമലൈ ബിജെപി വിടുന്നതിനെക്കുറിച്ചോ പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള വാർത്തകളിൽ യാതൊരുവിധ വസ്തുതയുമില്ലെന്നും, പാർട്ടി ദേശീയ നേതൃത്വത്തിൽ അദ്ദേഹത്തിന് ഉടൻ തന്നെ ഒരു പ്രധാന ചുമതല നൽകാൻ സാധ്യതയുണ്ടെന്നുമാണ് ബിജെപി വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്.

ജെഇഇ അഡ്വാൻസ്ഡ് റിസൾട്ട് പ്രഖ്യാപിച്ചു; 56,880 പേർക്ക് യോഗ്യത, എങ്ങനെ ഫലമറിയാം?

ജെഇഇ അഡ്വാൻസ്ഡ് റിസൾട്ട് പ്രഖ്യാപിച്ചു; 56,880 പേർക്ക് യോഗ്യത, എങ്ങനെ ഫലമറിയാം?

ഡൽഹി: രാജ്യത്തെ പ്രമുഖ ഐഐടികളിലേക്കുള്ള (IIT) പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 (JEE Advanced 2026) ഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ പരീക്ഷയിലൂടെ ആകെ 56,880 വിദ്യാർഥികളാണ് ഐഐടി പ്രവേശനത്തിന് അർഹത നേടിയത്. ഐഐടി ഡൽഹി സോണിലെ ശുഭം കുമാറിനാണ് ഒന്നാം റാങ്ക് 330/360 മാർക്കാണ് ശുഭം കുമാറിന് ലഭിച്ചത്.

ഡൽഹി സോണിലെ തന്നെ കബീർ ചില്ലർ,ജതിൻ ചഹാർ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷയ്ക്കായി ഇത്തവണ 1,87,389 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 1,79,694 പേർ മെയ് 17ന് നടന്ന പേപ്പർ 1, പേപ്പർ 2 പരീക്ഷകളിൽ പങ്കെടുത്തത്.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

ആദ്യം ജെഇഇ അഡ്വാൻസ്ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in സന്ദർശിക്കുക

ഹോംപേജിൽ കാണുന്ന “JEE Advanced 2026 Result” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രജിസ്‌ട്രേഷൻ നമ്പർ / റോൾ നമ്പർ,ജനന തീയതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.

വിവരങ്ങൾ നൽകിയ ശേഷം ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്കോർകാർഡും റാങ്കും സ്ക്രീനിൽ തെളിയും. തുടർ പ്രവേശന നടപടികൾക്കായി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ദോഹ/മനാമ: കടുത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുറംജോലികള്‍ക്ക് നിയന്ത്രണവുമായി തൊഴില്‍ മന്ത്രാലയം. ഖത്തറില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് ഇന്ന് മുതല്‍ രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നര വരെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ പതിനഞ്ചു വരെ തുടരുന്ന ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തിലകും.

വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിര്‍ദേശിച്ചു.

നിയമം കര്‍ശനമായി പാലിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപയിനുകളും ആരംഭിക്കും.

ബഹ്റൈനില്‍ തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണമേര്‍പ്പെടുത്താനുള്ള മന്ത്രിതല തീരുമാനം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12 മുതല്‍ നാലു മണിവരെയാണ് നിയന്ത്രണം. നിയമലംഘകര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായും സൂപ്പര്‍വൈസര്‍മാരുമായും ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുക, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക എന്നിവയുള്‍പ്പെടെ നിരോധനം നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തൊഴില്‍ മന്ത്രാലയം നിര്‍വഹിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദത്തിന്റെയും ഉച്ചസമയത്തെ സൂര്യപ്രകാശത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് തൊഴിലാളികളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ആഴ്ചയിലുടനീളം രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ റിപ്പോര്‍ട്ടുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മന്ത്രാലയം 17873921 എന്ന ഹോട്ട്‌ലൈന്‍ അനുവദിച്ചിട്ടുണ്ട്. ജോലി നിരോധന കാലയളവില്‍ അതേ നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കഴിയും.

ഒമാനില്‍ കൊടും ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ തൊഴിലാളികള്‍ ചെയ്യാന്‍ പാടില്ല. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ച വിശ്രമ നിയമം ലംഘിച്ചാല്‍ 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.