ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന്

ശബരിമല; തങ്ക അങ്കി ഘോഷയാത്ര ഇന്ന്

അയ്യപ്പന് മണ്ഡലപൂജയ്‌ക്ക്‌ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ ഏഴുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കിദർശിക്കാനായുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേനടയില്‍നിന്നും ശബരിമലയിലേക്കുള്ള പ്രയാണം ആരംഭിക്കും.

ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനു ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തെത്തും.ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. ഡിസംബര്‍ 25 ന് 54,000, 26ന് 60,000 ഭക്തര്‍ക്കും മാത്രമാണ് ദര്‍ശനം. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകും.

നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു അപകടം; തിരുവനന്തപുരം സ്വദേശിനിയ്ക്കു ദാരുണാന്ത്യം

നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു അപകടം; തിരുവനന്തപുരം സ്വദേശിനിയ്ക്കു ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം.

അനീഷയുടെ മരുമകന്‍ നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു.

അപകടത്തെ തുടര്‍ന്ന് രണ്ട് തവണ കാര്‍ റോഡിലൂടെ മറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടകാരും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗുരുതര പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ചെന്നൈ: കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഉള്‍പ്പെടെ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസില്‍ നേരത്തെ തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. നേരത്തെ അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തില്‍നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീന്‍ വ്യാപാരിയായ മനോഹര്‍ മായാണ്ടിയുടെ കൂട്ടാളിയാണ്. മാലിന്യം തള്ളിയ സംഭവത്തില്‍ 5 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി ​ഗോവയിൽ മരിച്ചു

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി ​ഗോവയിൽ മരിച്ചു

മലപ്പുറം: നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി മരിച്ചതായി വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. ഗോവയിൽ വെച്ച് വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്.

കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്നാണ് ഫാസിൽ ഒളിവിൽ പോയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.

ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ, വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും തട്ടിക്കൊണ്ടു വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്.

ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ എറയുകയായിരുന്നു. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്‌ അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്.

‘എംപി എന്ന നിലയില്‍ കിട്ടിയ വരുമാനം കൈകൊണ്ട് തൊട്ടിട്ടില്ല’; സുരേഷ് ഗോപി

‘എംപി എന്ന നിലയില്‍ കിട്ടിയ വരുമാനം കൈകൊണ്ട് തൊട്ടിട്ടില്ല’; സുരേഷ് ഗോപി

ആലപ്പുഴ: പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

‘രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എം പിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൊകൊണ്ട് തൊട്ടിട്ടില്ല, താന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല, ഇക്കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം’ സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്ട്രീയത്തില്‍ വന്നത്. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താന്‍. ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോഴാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടിക പുറത്ത്, ആദ്യ പത്തില്‍ ഇടം നേടിയത് ഏതൊക്കെയന്നറിയാം

തൃശൂര്‍: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്ത പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. മന്ത്രി ആര്‍. ബിന്ദുവാണ് ‘കേരള റാങ്കിങ് 2024’ പ്രഖ്യാപിച്ചത്. ദേശീയതലത്തിലുള്ള എന്‍ഐആര്‍എഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേരള ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (കെഐആര്‍എഫ്) തയാറാക്കിയത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിങ് സംവിധാനത്തിന് തുടക്കമിടുന്നത്.

റാങ്കിങ്ങിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലും (www.kirf.kshec.org) സജ്ജീകരിച്ചിട്ടുണ്ട്. സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രഥമ റാങ്കിങ്ങില്‍ പങ്കെടുത്തത്. 29 നഴ്‌സിങ് കോളജുകളില്‍ തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിനെ മാത്രമാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആദ്യ 10 സര്‍വകലാശാലകള്‍:

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)

കേരള സര്‍വകലാശാല

എംജി സര്‍വകലാശാല

കേരള വെറ്ററിനറി സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വകലാശാല

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല

നുവാല്‍സ്

ആദ്യ 10 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്

എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്

എറണാകുളം സെന്റ് തെരേസാസ് കോളജ്

കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ്

ചങ്ങനാശേരി എസ്ബി കോളജ്

തൃശൂര്‍ വിമല കോളജ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ്

കോതമംഗലം എംഎ കോളജ്

കോട്ടയം സിഎംഎസ് കോളജ്

എറണാകുളം മഹാരാജാസ് കോളജ്

ആദ്യ 10 ടീച്ചര്‍ എജ്യുക്കേഷന്‍ കോളജുകള്‍

കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍

കോഴിക്കോട് ഫാറൂഖ് ട്രെയ്‌നിങ് കോളജ് കോഴിക്കോട്

കണ്ണൂര്‍ പികെഎം കോളജ് ഓഫ് എജ്യുക്കേഷന്‍ കണ്ണൂര്‍

എറണാകുളം സെന്റ് ജോസഫ്‌സ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമന്‍

തിരുവനന്തപുരം ശ്രീനാരായണ ട്രെയ്‌നിങ് കോളജ്

പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍

കൊല്ലം കര്‍മല റാണി ട്രെയ്‌നിങ് കോളജ്

മൂത്തകുന്നം എസ്എന്‍എം ട്രെയ്‌നിങ് കോളജ്

തിരുവല്ല ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്‌സ് കോളജ്

എറണാകുളം നാഷനല്‍ കോളജ് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍

അഗ്രികള്‍ചറല്‍ ആന്‍ഡ് അലൈഡ് കോളജുകള്‍:

വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളജ്

മണ്ണുത്തി വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് കോളജ്

തൃശൂര്‍ കോളജ് ഓഫ് ഫോറസ്ട്രി

വെള്ളായണി അഗ്രികള്‍ചര്‍ കോളജ്

വെള്ളാനിക്കര അഗ്രികള്‍ചര്‍ കോളജ്.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കിയേക്കും; ദര്‍ശനത്തിന് അയ്യപ്പഭക്തരുടെ തിരക്ക്

ആദ്യ 10 എന്‍ജിനീയറിങ് കോളജ്

തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജ്

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ്

എറണാകുളം രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി

കോതമംഗലം എംഎ കോളജ് ഓഫ് എന്‍ജിനീയറിങ്

കോട്ടയം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്

പാലക്കാട് എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനീയറിങ്

എറണാകുളം ഫിസാറ്റ്

കോട്ടയം അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്

പാലാ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി.