അല്ലു അര്‍ജുന്‍ അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാക്കുറ്റം; ഹൈദരാബാദില്‍ വന്‍ സുരക്ഷ

അല്ലു അര്‍ജുന്‍ അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാക്കുറ്റം; ഹൈദരാബാദില്‍ വന്‍ സുരക്ഷ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കും.

ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്‍റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റ്, നടന്റെ സുരക്ഷാ സംഘം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.

ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; മൂന്ന് മാസത്തിനുള്ളില്‍, നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; മൂന്ന് മാസത്തിനുള്ളില്‍, നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണമടയ്ക്കാതെ തന്നെ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ രാജ്യമാകെ നടപ്പാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. തുക, അതത് മോട്ടോര്‍ വാഹന അപകട ഫണ്ടില്‍ നിന്ന് ആശുപത്രികള്‍ക്ക് നല്‍കും. മാര്‍ച്ചില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി വഴി 2100 പേരുടെ ജീവന്‍ രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു.

ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനല്‍ ചെയ്ത ആശുപത്രികള്‍, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും. പദ്ധതിക്ക് പണം കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയും 2.97 ശതമാനം മോട്ടോര്‍ വാഹനാപകട ഫണ്ടിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.

ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; പ്രതിയുടെ മാനസിക നിലയില്‍ ഒരു തകരാറുമില്ലെന്ന് സര്‍ക്കാര്‍

ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; പ്രതിയുടെ മാനസിക നിലയില്‍ ഒരു തകരാറുമില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സന്ദീപ് ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് സാധാരണ കോടതി സ്വീകരിക്കാറുള്ളത്. എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ നേരത്തെ സന്ദീപ് നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് സന്ദീപ് കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സന്ദീപിന്റെ മാനസിക നിലയില്‍ യാതൊരു തകരാറുമില്ലെന്നും, മദ്യലഹരിയില്‍ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് ഉത്തമ ബോധ്യം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്ന ആളാണെന്നും, സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഡോക്ടറായ വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എന്ന നിലയില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അത്തരത്തിലൊരു റിപ്പോര്‍ട്ടാകും നല്‍കുകയെന്നും, അതിനാല്‍ എയിംസില്‍ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

വി.വിമൽ കുമാർ (60) നിര്യാതനായി

വി.വിമൽ കുമാർ (60) നിര്യാതനായി

AKPA സാന്ത്വനം പദ്ധതി അംഗമായിരുന്ന തിരുവനന്തപുരം ജില്ല, ചിറയിൻകീഴ് മേഖല കടയ്ക്കാവൂർ യൂണിറ്റ് അംഗവും പൗർണമി സ്‌റ്റുഡിയോ ഉടമയുമായ വി.വിമൽ കുമാർ (60) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: അമൽ വി. ആർ. മരുമകൾ: സൗര്യയ.

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അരമണിക്കൂര്‍ പ്രവര്‍ത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.

ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. റേഷന്‍ വ്യാപാരികളുമായി രണ്ടാംഘട്ട ചര്‍ച്ച ജനുവരി ഒമ്പതിന് നടക്കും.

സര്‍ക്കാരിന്റെ എല്ലാ പൊതു അവധികളും റേഷന്‍ കടകള്‍ക്കും നല്‍കണമെന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.